ഒരു കഥ പറയുന്നതിനിടയിൽ എപ്പോഴെങ്കിലും ഒരു പേരോ തീയതിയോ പോലുള്ള വിശദാംശങ്ങൾ ഓർത്തെടുക്കാൻ കഴിയാതെ നിങ്ങൾക്കു നിർത്തേണ്ടി വന്നിട്ടുണ്ടോ? കാലക്രമേണ ഓർമ്മകൾ മങ്ങും എന്നു വിശ്വസിച്ചുകൊണ്ടു നമ്മളതിനെ പ്രായമേറുന്നതിൽ ആരോപിക്കാറുണ്ട്. എന്നാൽ സമീപകാല പഠനങ്ങൾ ആ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നില്ല. വാസ്തവത്തിൽ, നമ്മുടെ ഓർമ്മശക്തിക്കല്ല പ്രശ്നമെന്നു അവ സൂചിപ്പിക്കുന്നു; ആ ഓർമ്മകൾ വീണ്ടെടുക്കാനുള്ള നമ്മുടെ കഴിവിനാണു പ്രശ്നം. ഏതെങ്കിലും തരത്തിലുള്ള പതിവു പ്രവർത്തനങ്ങൾ ഇല്ലാതെ, ഓർമ്മകൾ വീണ്ടെടുക്കുക പ്രയാസമാണ്.
പതിവായി നിശ്ചിത സമയത്ത് ഒരു നിശ്ചിത ഓർമ്മ ഓർത്തെടുക്കുന്ന പ്രവർത്തനങ്ങളോ അനുഭവങ്ങളോ നടത്തുന്നതാണു ആ വീണ്ടെടുക്കൽ ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗ്ഗം. നമ്മുടെ സ്രഷ്ടാവായ ദൈവത്തിന് ഇത് അറിയാമായിരുന്നു. അതിനാൽ ആരാധനയ്ക്കും വിശ്രമത്തിനുമായി ആഴ്ചയിൽ ഒരു ദിവസം മാറ്റിവയ്ക്കാൻ അവൻ യിസ്രായേൽമക്കളോട് നിർദ്ദേശിച്ചു. അത്തരമൊരു വിശ്രമത്തിൽ നിന്ന് ലഭിക്കുന്ന ശാരീരിക വിശ്രമത്തിന് പുറമേ, മാനസിക പരിശീലനത്തിനുള്ള അവസരവും നമുക്ക് ലഭിക്കുന്നു. “ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി” (പുറപ്പാട് 20:11) എന്നത് ഓർത്തെടുക്കാൻ അതു നമുക്ക് അവസരം നൽകുന്നു. ഒരു ദൈവമുണ്ടെന്നും ഇതൊന്നും നമ്മുടെ കഴിവല്ല എന്നും ഓർമ്മിക്കാൻ അത് നമ്മെ സഹായിക്കുന്നു.
നമുക്കുവേണ്ടിയും മറ്റുള്ളവർക്കുവേണ്ടിയും ദൈവം ചെയ്ത കാര്യങ്ങളുടെ ഓർമ്മകൾ നമ്മുടെ ജീവിതത്തിന്റെ തിരക്കിനിടയിൽ ചിലപ്പോഴൊക്കെ നമുക്കു നഷ്ടമായേക്കാം. നമ്മുടെ ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് ആരാണെന്നും നമുക്ക് അമിതഭാരവും ഏകാന്തതയും അനുഭവപ്പെടുമ്പോൾ തന്റെ സാന്നിദ്ധ്യം വാഗ്ദാനം ചെയ്യുന്നവൻ ആരാണെന്നും നാം മറന്നുപോയേക്കാം. ഒഴിച്ചുകൂടാനാകാത്ത “വീണ്ടെടുക്കൽ പരിശീലനത്തിന്”, നമ്മുടെ ദിനചര്യയിൽ നിന്നുള്ള ഒരു ഇടവേള നമുക്ക് അവസരം നൽകുന്നു – മറ്റു കാര്യങ്ങൾക്ക് ഒരു വിരാമം നൽകിക്കൊണ്ടു നമ്മുടെ ദൈവത്തെ ഓർക്കാനും “അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു” (സങ്കീർത്തനങ്ങൾ 103:2) എന്നത് പ്രവർത്തികമാക്കാനുമുള്ള മനഃപൂർവമായ ഒരു തീരുമാനുള്ള അവസരമാണിത്.
വിശ്രമം ഒഴിവാക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നതെന്താണ്? വിശ്രമിക്കാൻ സമയമെടുക്കുന്നത് എങ്ങനെയാണ് നിങ്ങളെ ദൈവത്തോട് അടുപ്പിക്കുന്നത്?
പ്രിയപ്പെട്ട ദൈവമേ, ദയവായി എന്നെ ഓർക്കേണമേ. അങ്ങയെ ഓർമ്മിക്കാനുള്ള ജ്ഞാനവും എനിക്കു നൽകേണമേ.