മരണത്തോട് അടുക്കുമ്പോൾ പോലും, കൺട്രി മ്യൂസിക് ഇതിഹാസമായ ജോണി കാഷ് തന്റെ സംഗീതം തുടരാനുള്ള നിശ്ചയദാർഢ്യത്തിലായിരുന്നു. അദ്ദേഹത്തിന്റെ അവസാന ആൽബമായ ‘അമേരിക്കൻ VI: എയിന്റ് നോ ഗ്രേവ്’ (“ഒരു ശവക്കുഴിക്കും (എന്നെ പിടിച്ചുവയ്ക്കാൻ) കഴിയില്ല’’) അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന മാസങ്ങളിലാണു റെക്കോർഡു ചെയ്തത്. ഒരു സ്തുതിഗീതത്തിന്റെ, കാഷിന്റെ പതിപ്പായ ശീർഷക ഗാനത്തിൽ, പുനരുത്ഥാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രത്യാശയെക്കുറിച്ചാണ് അദ്ദേഹം പാടുന്നത്. അതു കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ അന്ത്യ സമയത്തെ ചിന്തകളിലേക്കുള്ള ഒരു ഉൾക്കാഴ്ച നമുക്കു ലഭിക്കുന്നു. ക്ഷയിച്ചുവരുന്ന ആരോഗ്യത്താൽ ദുർബലമായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ പ്രസിദ്ധമായ ആഴത്തിലുള്ള ശബ്ദം വിശ്വാസത്തിന്റെ ശക്തമായ സാക്ഷ്യം ആ ഗാനത്തിലൂടെ പ്രഖ്യാപിക്കുന്നു.

ഈസ്റ്റർ ദിനമായ ഞായറാഴ്ച രാവിലെ യേശു ഉയിർത്തെഴുന്നേറ്റു എന്ന വസ്തുതയിൽ മാത്രമായിരുന്നില്ല ജോണിയുടെ പ്രത്യാശ. ഒരു ദിനം തന്റെ സ്വന്തം ശരീരവും പുനരുത്ഥാനം പ്രാപിച്ചു താൻ വീണ്ടും ഉയിർക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.

അപ്പൊസ്തലനായ പൗലൊസിന്റെ കാലത്തുപോലും വ്യക്തികൾ ഭാവിയിലെ ശാരീരിക പുനരുത്ഥാനത്തെ നിരസിച്ചതിനാൽ ഇതു പ്രമാണീകരിക്കേണ്ട ഒരു പ്രധാന സത്യമാണ്. “മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർത്തെഴുന്നേറ്റിട്ടില്ല. ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം, നിങ്ങളുടെ വിശ്വാസവും വ്യർത്ഥം” (1 കൊരിന്ത്യർ 15:13) എന്നു പറഞ്ഞുകൊണ്ടു പൗലൊസ് അവരുടെ വാദത്തെ നിശിതമായി വിമർശിച്ചു.

കല്ലറയ്ക്ക്‌ യേശുവിന്റെ ശരീരത്തെ പിടിച്ചുനിർത്താൻ കഴിയാഞ്ഞതുപോലെ, അവൻ ഉയിർത്തെഴുന്നേറ്റു എന്നു വിശ്വസിക്കുന്ന എല്ലാവരും ഒരു ദിനം “ജീവിപ്പിക്കപ്പെടും” (വാക്യം 22). നമ്മുടെ ഉയിർക്കപ്പെട്ട ശരീരത്തിൽ, ഒരു പുതിയ ഭൂമിയിൽ അവനോടൊപ്പം നാം നിത്യത ആസ്വദിക്കും. പാടാനുള്ള കാരണമാണത്!