സുന്ദരിയായ, മൃദുരോമങ്ങളുള്ള ഞങ്ങളുടെ പൂച്ചയുടെ വയറു തടവിക്കൊണ്ട് അതിനോടൊപ്പം കളിക്കുമ്പോൾ, അല്ലെങ്കിൽ വൈകുന്നേരം അത് എന്റെ മടിയിൽ കിടന്നുറങ്ങുമ്പോൾ, വർഷങ്ങൾക്കു മുമ്പു ഞങ്ങൾ കണ്ടുമുട്ടിയ അതേ പൂച്ചയാണെന്നു വിശ്വസിക്കാൻ ചിലപ്പോഴൊക്കെ ബുദ്ധിമുട്ടാണ്. തെരുവുകളിൽ ജീവിച്ചിരുന്ന, ഭക്ഷണം ലഭിക്കാതെ ഭാരം കുറവുള്ള, എല്ലാവരേയും ഭയപ്പെട്ട് ജീവിച്ചിരുന്ന ഒന്നായിരുന്നു എന്റെ വളർത്തു പൂച്ച. എന്നാൽ ദിവസേന ഞാൻ അതിനു ഭക്ഷണം കൊടുക്കാൻ തുടങ്ങിയപ്പോൾ ക്രമേണ അതിനു മാറ്റമുണ്ടായി. ഒടുവിൽ ഒരു ദിവസം അതു ലാളിക്കാൻ എന്നെ അനുവദിച്ചു, ബാക്കി ചരിത്രം.
ക്ഷമയും സ്നേഹവും കാട്ടുന്നതിൽ നിന്നു വരുന്ന സുഖപ്പെടുത്തലിന്റെ ഓർമ്മപ്പെടുത്തലാണ് എന്റെ പൂച്ചയുടെ പരിവർത്തനം. യെശയ്യാവു 42-ൽ വിവരിച്ചിരിക്കുന്ന ദൈവത്തിന്റെ ഹൃദയത്തെ അത് എന്നെ ഓർമ്മിപ്പിക്കുന്നു. അവന്റെ ആത്മാവിനാൽ നിറഞ്ഞ, വരാനിരിക്കുന്ന ഒരു ദാസനെക്കുറിച്ച് ആ വാക്യം നമ്മോട് പറയുന്നു (വാ. 1). അവൻ അശ്രാന്തമായും “വിശ്വസ്തതയോടെയും” “ഭൂമിയിൽ” ദൈവത്തിന്റെ “ന്യായം” സ്ഥാപിക്കാൻ പരിശ്രമിക്കും (വാക്യം 3-4).
എന്നാൽ ആ ദാസൻ – യേശു (മത്തായി 12:18-20) – അക്രമത്തിലൂടെയോ അധികാരം അടിച്ചേൽപ്പിക്കുന്നതിലൂടെയോ ആയിരിക്കില്ല ദൈവത്തിന്റെ ന്യായം കൊണ്ടുവരിക. പകരം, അവൻ ശാന്തനും സൗമ്യനുമായിരിക്കും (യെശയ്യാവ് 42: 2). മറ്റുള്ളവർ തള്ളിക്കളയുന്നവരെ – “ചതഞ്ഞവരെയും” മുറിവേറ്റവരെയും – ആർദ്രമായും ക്ഷമയോടെയും പരിപാലിക്കുന്നവനായിരിക്കും അവൻ (വാക്യം 3).
ദൈവം തന്റെ മക്കളെ ഒരിക്കലും കൈവിടുകയില്ല. മുറിവേറ്റ നമ്മുടെ ഹൃദയങ്ങളെ, അവ ഒടുവിൽ സുഖപ്പെടാൻ ആരംഭിക്കുന്നതുവരെ പരിചരിക്കാനായി ആവശ്യമായ സമയം അവന്റെ പക്കലുണ്ട്. അവന്റെ സൗമ്യവും ക്ഷമയും നിറഞ്ഞ സ്നേഹത്തിലൂടെ നാം ക്രമേണ ഒരിക്കൽ കൂടി സ്നേഹിക്കാനും വിശ്വസിക്കാനും പഠിക്കുന്നു.
ക്ഷമാപൂർവമായ സ്നേഹത്തിലൂടെയുള്ള രൂപാന്തരം നിങ്ങൾ കണ്ടിട്ടുണ്ടോ? ദൈവസ്നേഹം അനുഭവിക്കുന്നതിലൂടെയും പങ്കിടുന്നതിലൂടെയും എങ്ങനെ നിങ്ങൾക്കു വളരാനാകും?
പ്രിയപ്പെട്ട ദൈവമേ, എന്നെ ഒരിക്കലും കൈവിടാത്തതിനും എന്റെ മുറിവേറ്റ ഹൃദയത്തെ ക്ഷമയോടെ സ്നേഹിക്കുന്നതിനും പരിപാലിക്കുന്നതിനും നന്ദി. ക്ഷമയോടെയുള്ള അതേ സ്നേഹത്തോടെ മറ്റുള്ളവരെ സ്നേഹിക്കാൻ എന്നെ സഹായിക്കേണമേ.