രസകരവും മത്സരസ്വഭാവവുമുള്ള പാമ്പും കോണിയും കളിയിൽ വിജയിച്ച എന്റെ അഞ്ചുവയസ്സുകാരിയുടെ വിജയാഘോഷ ചിത്രം കാണിച്ചുതന്നുകൊണ്ട് ഒരു ഫേസ്ബുക്ക് മെമ്മറി എനിക്കുവന്നു. കുട്ടിക്കാലത്തു ഞാനും എന്റെ സഹോദരീസഹോദരന്മാരും പാമ്പും കോണിയും പലപ്പോഴും കളിച്ചിരുന്നതിനാൽ, ഞാൻ അവരേയും ഈ പോസ്റ്റിൽ ടാഗു ചെയ്തു. വളരെയധികം രസകരമായ ഈ കളി, നിരവധി നൂറ്റാണ്ടുകളായി ആളുകൾ കളിക്കുന്ന ഒന്നാണ്. ഇതു കളിക്കാരെ എണ്ണൽ പഠിക്കാൻ സഹായിക്കുകയും കോണി കയറിക്കയറി ഏറ്റവും വേഗത്തിൽ 100-ൽ എത്തി കളി ജയിക്കുന്നതിലുള്ള ആവേശം നൽകുകയും ചെയ്യുന്നു. എന്നാൽ സൂക്ഷിക്കുക! നിങ്ങൾ 98-ാം ഇടത്തിൽ വന്നുചേരുകയാണെങ്കിൽ, അവിടെയുള്ള ഒരു പാമ്പു കാരണം നിങ്ങൾ വളരെ താഴേക്കു പോകാൻ ഇടയാകും. അതു നിങ്ങളുടെ വിജയത്തെ വൈകിപ്പിക്കുകയോ വിജയിക്കാൻ അനുവദിക്കാതിരിക്കുകയോ ചെയ്യും.
ജീവിതം പോലെ തന്നെയല്ലേ അതും? നമ്മുടെ ജീവിതത്തിലെ ഉയർച്ച താഴ്ചകൾക്കായി യേശു നമ്മെ ഒരുക്കിയിരിക്കുന്നു. നാം “കഷ്ടം” അനുഭവിക്കേണ്ടിവരുമെന്ന് അവൻ പറഞ്ഞു (യോഹന്നാൻ 16:33). എന്നാൽ അവൻ സമാധാനത്തിന്റെ സന്ദേശവും പങ്കിട്ടു. നാം നേരിടുന്ന പരീക്ഷകളിൽ നാം കുലുങ്ങിപ്പോകേണ്ടതില്ല. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, ക്രിസ്തു ലോകത്തെ ജയിച്ചിരിക്കുന്നു! അവന്റെ ശക്തിയെക്കാൾ വലുതായി ഒന്നുമില്ല എന്നതിനാൽ നമുക്കു നേരെ വരുന്നതെന്തിനേയും അവൻ നമുക്കു ലഭ്യമാക്കിയിരിക്കുന്ന “ബലത്തിൻ വല്ലഭത്വത്താൽ” നേരിടാൻ കഴിയും (എഫെസ്യർ 1:19).
പാമ്പും കോണിയിലും ഉള്ളതുപോലെ, ചിലപ്പോഴൊക്കെ നമ്മെ സന്തോഷത്തോടെ കയറിപ്പോകാൻ അനുവദിക്കുന്ന ഒരു കോണി ജീവിതം സമ്മാനിക്കുന്നു. എന്നാൽ മറ്റുചിലപ്പോൾ ഒരു വഴുക്കലുള്ള പാമ്പിനാൽ നാം താഴേക്കു വീണുപോകാൻ ഇടയായിത്തീരുന്നു. പക്ഷേ, ജീവിതത്തിന്റെ ഈ കളി പ്രത്യാശയില്ലാതെ നാം കളിക്കേണ്ടതില്ല. അതിനെയെല്ലാം തരണം ചെയ്യാൻ നമ്മെ സഹായിക്കാൻ യേശുവിന്റെ ശക്തി നമുക്കുണ്ട്.
ഏതു വെല്ലുവിളികളെ തരണം ചെയ്യാനാണു നിങ്ങൾക്കിന്നു സഹായം ആവശ്യമായിരിക്കുന്നത്? ജീവിതത്തിലെ പരീക്ഷകളെയും കഷ്ടങ്ങളെയും തരണം ചെയ്യാനുള്ള യേശുവിന്റെ ശക്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു നിങ്ങളെ എങ്ങനെയാണ് ധൈര്യപ്പെടുത്തുന്നത്?
പ്രിയപ്പെട്ട യേശുവേ, നീ ലോകത്തെ ജയിച്ചുവെന്ന ഓർമ്മപ്പെടുത്തലിനു നന്ദി! ജീവിതത്തിന്റെ ഉയർച്ച താഴ്ചകൾ കൈകാര്യം ചെയ്യുന്നതിനായി അങ്ങയുടെ ശക്തിയിൽ ആശ്രയിക്കാൻ എന്നെ സഹായിക്കണമേ.