ലോകമെമ്പാടുമുള്ള ശതകോടിക്കണക്കിന് പ്രേക്ഷകർ കണ്ടുവെന്നു കണക്കാക്കപ്പെടുന്ന, എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാരമായിരിക്കാം ചരിത്രത്തിൽ ഏറ്റവും കൂടുതൽ വ്യക്തികൾ കണ്ട സംപ്രേക്ഷണം. ആ ദിവസം ലണ്ടനിലെ തെരുവുകളിൽ ദശലക്ഷം വ്യക്തികൾ നിലയുറപ്പിച്ചു. രാജ്ഞിയുടെ ശവപേടകം കാണാൻ ആ ആഴ്ചയിൽ 2,50,000 പേർ മണിക്കൂറുകളോളം വരിയിൽ നിന്നു. സാമർത്ഥ്യത്തിനും വ്യക്തി വൈശിഷ്ടത്തിനും പേരുകേട്ട ആ സ്ത്രീക്ക് ആദരാഞ്ജലി അർപ്പിക്കാനായി  ചരിത്രപ്രസിദ്ധമായി അഞ്ഞൂറ് രാജാക്കന്മാരും രാജ്ഞിമാരും പ്രസിഡന്റുമാരും മറ്റ് രാഷ്ട്രത്തലവന്മാരും  എത്തി.

ലോകം ഗ്രേറ്റ് ബ്രിട്ടനിലേക്കും വിടവാങ്ങുന്ന അതിന്റെ രാജ്ഞിയിലേക്കും തിരിഞ്ഞപ്പോൾ, എന്റെ ചിന്തകൾ മറ്റൊരു സംഭവത്തിലേക്കാണ് തിരിഞ്ഞത് – ഒരു രാജകീയ മടങ്ങിവരവിലേക്ക്. മഹാനായ ഒരു രാജാവിനെ അംഗീകരിക്കാൻ ജാതികൾ ഒത്തുകൂടുന്ന ഒരു ദിവസം വരാനിരിക്കുന്നു (യെശയ്യാവ് 45:20-22) എന്നു നമ്മോടു പറഞ്ഞിരിക്കുന്നു. ശക്തിയും വ്യക്തി വൈശിഷ്ടവുമുള്ള ഒരു നേതാവ് (വാ. 24). അവന്റെ മുമ്പിൽ “ഏതു മുഴങ്കാലും മടങ്ങും,” അവനാൽ “ഏതു നാവും സത്യം ചെയ്യും” (വാ. 23).  കൃതജ്ഞത അർപ്പിച്ചുകൊണ്ടു തങ്ങളുടെ രാഷ്ട്രങ്ങളെ അവന്റെ വെളിച്ചത്തിൽ നടക്കാൻ (വെളിപ്പാട് 21:24, 26) നയിക്കുന്ന ലോക നേതാക്കളും അതിൽ ഉൾപ്പെടുന്നു. ഈ രാജാവിന്റെ വരവ് എല്ലാവരും സ്വാഗതം ചെയ്യുകയില്ലായെങ്കിലും ചെയ്യുന്നവർ അവന്റെ ഭരണം എന്നന്നേക്കും ആസ്വദിക്കും (യെശയ്യാവ് 45:24-25).

ഒരു രാജ്ഞി വിടവാങ്ങുന്നത് കാണാൻ ലോകം ഒത്തുകൂടിയതുപോലെ, ഒരു ദിവസം ലോകം അതിന്റെ ആത്യന്തിക രാജാവ് മടങ്ങിവരുന്നത് കാണും. സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാവരും യേശുക്രിസ്തുവിനെ വണങ്ങി, അവനെ കർത്താവായി അംഗീകരിക്കുന്ന ആ ഒരു ദിനം എന്തു മനോഹരമായിരിക്കും! (ഫിലിപ്പിയർ 2:10-11).