“നിന്നെയിവിടെ ആർക്കും വേണ്ട.” ആ വാക്കുകൾ ആ എട്ടുവയസ്സുകാരിയുടെ ഹൃദയത്തെ തകർത്തു. അതിന്റെ വേദന അവളുടെ മനസ്സിൽ തങ്ങിനിന്നു. യുദ്ധത്തിൽ തകർന്ന ഒരു രാജ്യത്തെ അഭയാർത്ഥി ക്യാമ്പിൽ നിന്ന് ഒരു പുതിയ രാജ്യത്തേക്കു കുടിയേറിയതായിരുന്നു അവളുടെ കുടുംബം. അവളുടെ കുടിയേറ്റ കാർഡിൽ വിദേശി എന്ന് മുദ്രകുത്തിയിരുന്നു. അത് താൻ അവിടത്തുകാരിയല്ലെന്ന തോന്നൽ അവളിലുളവാക്കി.
പ്രായപൂർത്തിയായപ്പോൾ, അവൾ യേശുവിൽ തന്റെ വിശ്വാസം അർപ്പിച്ചെങ്കിലും, അവൾക്ക് അപ്പോഴും അന്യതാബോധം തോന്നിയിരുന്നു – സ്വാഗതാർഹയല്ലാത്ത ഒരു അന്യയെന്ന തോന്നൽ. വേദപുസ്തകം വായിക്കുമ്പോൾ എഫെസ്യർ 2-ലെ വാഗ്ദാനങ്ങൾ അവൾ കാണാനിടയായി. 12-ാം വാക്യത്തിൽ, ആ പഴയ, വിഷമിപ്പിക്കുന്ന പദം അവൾ കണ്ടു – അന്യർ. “അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽപൗരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓർത്തുകൊൾവിൻ.” എന്നാൽ മുന്നോട്ടു വായിച്ചപ്പോൾ, ക്രിസ്തുവിന്റെ ത്യാഗം അവളുടെ അവസ്ഥയെ എങ്ങനെ മാറ്റിമറിച്ചുവെന്ന് അവൾ കണ്ടു. “നിങ്ങൾ ഇനി” അന്യന്മാരും പരദേശികളും “അല്ല” എന്നു
19-ാം വാക്യം അവളോട് പറഞ്ഞു. അവൾ ദൈവജനത്തോടൊപ്പം ഒരു “സഹപൗര” ആയിരിക്കുന്നു. താൻ സ്വർഗ്ഗത്തിലെ പൗരയാണെന്നു മനസ്സിലാക്കിയ അവൾ സന്തോഷിച്ചു. ഇനിയൊരിക്കലും അവൾ അന്യയല്ല. ദൈവം അവളെ സ്വീകരിച്ച് അംഗീകരിച്ചിരിക്കുന്നു.
നമ്മുടെ പാപം നിമിത്തം നാം ദൈവത്തിൽ നിന്ന് അകന്നുപോയിരിക്കുന്നു. എന്നാൽ നാമങ്ങനെ തുടരേണ്ടതില്ല. തന്നിൽ വിശ്വസിക്കുന്ന ഏവരെയും തന്റെ നിത്യരാജ്യത്തിന്റെ സഹപൗരന്മാരാക്കി, ക്രിസ്തുവിന്റെ ശരീരമായി ഏകീകരിച്ചുകൊണ്ടു “ദൂരത്തായിരുന്ന” ഏവർക്കും യേശു സമാധാനം നൽകി (വാക്യം 17).
ഏതൊക്കെ വിധത്തിലാണ് നിങ്ങൾക്കു അന്യത തോന്നുന്നത്? ദൈവം തന്റെ എല്ലാ മക്കളെയും തന്നിൽ ഏകീഭവിക്കാൻ വിളിച്ചിരിക്കുന്നു എന്നതു നിങ്ങളെ സംബന്ധിച്ച് എന്താണ് അർത്ഥമാക്കുന്നത്?
സ്വർഗ്ഗസ്ഥനായ പ്രിയ പിതാവേ, അങ്ങയോടും അങ്ങയെ സ്നേഹിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന മറ്റുള്ളവരോടും സഹവാസം അനുഭവിക്കാൻ എന്നെ അനുവദിച്ചതിനു നന്ദി.