സോഫിയ റോബർട്ട്സ് ആദ്യമായി ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയ്ക്കു സാക്ഷ്യം വഹിച്ചത് അവൾക്ക് ഏകദേശം പതിനൊന്നു വയസ്സുള്ളപ്പോഴാണ്. ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു വൈദ്യശാസ്ത്ര പ്രക്രിയ കാണുകയെന്നത് അൽപ്പം വിചിത്രമാണെന്നു തോന്നാമെങ്കിലും, അവളുടെ പിതാവു ഡോ. ഹരോൾഡ് റോബർട്ട്സ് ജൂനിയർ ഒരു ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനാണെന്നു നിങ്ങൾ അറിഞ്ഞിരിക്കണം. ഇപ്പോൾ മുപ്പത് വയസ്സുള്ള ഒരു സർജറി റെസിഡന്റ് ഫിസിഷ്യനായ സോഫിയ, 2022-ൽ തന്റെ പിതാവിനോടൊപ്പം വിജയകരമായി അയോർട്ടിക് വാൽവ് മാറ്റിസ്ഥാപിക്കൽ നടത്തി. “ഇതിലും കൂടുതൽ എനിക്കെന്താണ് വേണ്ടത്?” ഹരോൾഡ് പറഞ്ഞു. “ഞാൻ ഈ കുട്ടിയെ സൈക്കിൾ ചവിട്ടുന്നത് എങ്ങനെയെന്ന് പഠിപ്പിച്ചു… ഇപ്പോൾ, മനുഷ്യഹൃദയത്തിൽ എങ്ങനെ ശസ്ത്രക്രിയ നടത്താമെന്ന് അവളെ പഠിപ്പിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെയധികം ആശ്ചര്യകരമായ കാര്യമാണ്.”
നമ്മളിൽ കുറച്ചുപേർ കുട്ടിയെ ശസ്ത്രക്രിയാ വൈദഗ്ധ്യം പഠിപ്പിക്കുമ്പോൾ, അടുത്ത തലമുറയ്ക്ക് മറ്റൊരു കാര്യം ഉപദേശിക്കുന്നതിന്റെ പ്രാധാന്യം ശലോമോൻ വിവരിക്കുന്നു – ദൈവത്തെയും അവന്റെ വഴികളെയും ബഹുമാനിക്കുക എന്ന കാര്യം. ജ്ഞാനിയായ രാജാവു ദൈവവുമായുള്ള തന്റെ ബന്ധത്തിൽനിന്നു താൻ പഠിച്ചതു തന്റെ കുട്ടിയോട് ആവേശത്തോടെ പങ്കുവെച്ചു: “മകനേ,… പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക” (സദൃശവാക്യങ്ങൾ 3:1, 5), “യഹോവയെ ഭയപ്പെടുക” (വാ. 7), “യഹോവയെ ബഹുമാനിക്ക” (വാക്യം 9), “യഹോവയുടെ ശിക്ഷയെ നിരസിക്കരുതു” (വാക്യം 11). തന്റെ തിരുത്തലും മാർഗനിർദേശവും മനസ്സോടെ സ്വീകരിക്കുന്ന തന്റെ മക്കളെ ദൈവം “സ്നേഹിക്കുന്നു” എന്നും അവരിൽ “ആനന്ദിക്കുന്നു” എന്നും ശലോമോന് അറിയാമായിരുന്നു (വാക്യം 12).
ഗംഭീരവാനും അത്ഭുതവാനുമായ നമ്മുടെ ദൈവത്തെ ആശ്രയിക്കുകയും വണങ്ങുകയും ആദരിക്കുകയും താഴ്മയോടെ അവനാൽ രൂപപ്പെടുകയും ചെയ്യുക എന്നതിന്റെ അർത്ഥമെന്താണെന്ന് അടുത്ത തലമുറയെ നമുക്കു പഠിപ്പിക്കാം. അങ്ങനെ ചെയ്യുന്നതിൽ അവനുമായി പങ്കാളിയാകുക എന്നത് ഒരു സുപ്രധാന പദവിയാണെന്നു മാത്രമല്ല, വളരെ ആശ്ചര്യകരവുമാണ്!
ദൈവത്തെക്കുറിച്ചു നിങ്ങൾ പഠിച്ച കാര്യങ്ങൾ അടുത്ത തലമുറയുമായി പങ്കുവെക്കേണ്ടതു സുപ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? നിങ്ങൾ ഇന്ന് അവർക്ക് എന്തു കൈമാറും?
പ്രിയപ്പെട്ട ദൈവമേ, ചെറുപ്പക്കാരും മുതിർന്നവരുമായി അങ്ങയുടെ സ്നേഹമാർഗ്ഗങ്ങൾ ഇന്നു പങ്കുവയ്ക്കാൻ എന്നെ സഹായിക്കേണമേ.