മനുഷ്യ ഹൃദയം ഒരു അത്ഭുതാവഹമായ അവയവമാണ്. ഒരു മുഷ്ടിയുടെ വലിപ്പമുള്ള ഈ പമ്പിംഗ് കേന്ദ്രത്തിന്റെ ഭാരം 230 മുതൽ 340 ഗ്രാം വരെയാണ്. ദിവസവും ഇത് ഏകദേശം 1,00,000 തവണ മിടിക്കുകയും നമ്മുടെ ശരീരത്തിലെ 96,000 കിലോമീറ്റർ രക്തക്കുഴലുകളിലൂടെ 7,500 ലിറ്റർ രക്തം പമ്പു ചെയ്യുകയും ചെയ്യുന്നു! അത്തരമൊരു തന്ത്രപരമായ ചുമതലയും കനത്ത ജോലിഭാരവും ഉള്ളതിനാൽ, മുഴുവൻ ശരീരത്തിന്റെയും ക്ഷേമത്തിന് ഹൃദയാരോഗ്യം കേന്ദ്രമായിരിക്കുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. നമ്മുടെ ഹൃദയത്തിന്റെ അവസ്ഥയും ആരോഗ്യത്തിന്റെ ഗുണനിലവാരവും പരസ്പര പൂരകമായതിനാൽ ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരാൻ വൈദ്യശാസ്ത്രം നമ്മെ പ്രോത്സാഹിപ്പിക്കുന്നു.
വൈദ്യശാസ്ത്രം നമ്മുടെ ശാരീരിക ഹൃദയങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കുമ്പോൾ, ദൈവം മറ്റൊരു തരത്തിലുള്ള “ഹൃദയത്തെ” കുറിച്ചു കൂടുതൽ അധികാരത്തോടെ സംസാരിക്കുന്നു. നമ്മുടെ അസ്തിത്വത്തിന്റെ മാനസികവും വൈകാരികവും ആത്മീയവും ധാർമ്മികവുമായ “കേന്ദ്രത്തെ” അവൻ അഭിസംബോധന ചെയ്യുന്നു. ഹൃദയമെന്നതു ജീവന്റെ കേന്ദ്ര പ്രക്രിയ ഏകകമായതിനാൽ, അത് സംരക്ഷിക്കപ്പെടേണ്ടതു അനിവാര്യമാണ്: “സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു” (സദൃശവാക്യങ്ങൾ 4:23). നമ്മുടെ ഹൃദയങ്ങളെ സംരക്ഷിക്കുന്നത് നമ്മുടെ സംസാരത്തിൽ നമ്മെ സഹായിക്കും (വാ. 24), നമ്മുടെ കണ്ണുകൾ കൊണ്ട് വിവേചിച്ചറിയാൻ നമ്മെ പ്രേരിപ്പിക്കും (വാ. 25), നമ്മുടെ ചുവടുകൾക്കായി ഏറ്റവും മികച്ച വഴികൾ തിരഞ്ഞെടുക്കും (വാ. 27). ജീവിതത്തിന്റെ ഘട്ടമോ പ്രായമോ പരിഗണിക്കാതെ, നമ്മുടെ ഹൃദയങ്ങൾ സംരക്ഷിക്കപ്പെടുമ്പോൾ, നമ്മുടെ ജീവൻ സംരക്ഷിക്കപ്പെടുന്നു, നമ്മുടെ ബന്ധങ്ങൾ പരിപാലിക്കപ്പെടുന്നു, ദൈവം ആദരിക്കപ്പെടുന്നു.
നിങ്ങളുടെ ജീവിതരീതിയും ശീലങ്ങളും നിങ്ങളുടെ ഹൃദയത്തിന്റെ അവസ്ഥയെക്കുറിച്ച് എന്താണ് വെളിപ്പെടുത്തുന്നത്? ഹൃദയമാറ്റത്തിനായി നിങ്ങൾ ദൈവത്തോടു പ്രാർത്ഥിച്ചിട്ടില്ലെങ്കിൽ, ഇന്ന് അതു ചെയ്യുന്നതിൽ നിന്നു നിങ്ങളെ തടയുന്നതെന്താണ്?
പ്രിയപ്പെട്ട ദൈവമേ, എന്നെ ശോധനചെയ്ത് എന്റെ ഹൃദയത്തെ അറിയണമേ; എന്നിൽ ശുദ്ധമായ ഒരു ഹൃദയം സൃഷ്ടിക്കേണമേ. ഞാൻ നിന്നോട് പാപം ചെയ്യാതിരിക്കാൻ നിന്റെ സത്യം എന്റെ ഹൃദയത്തിൽ ഞാൻ സൂക്ഷിക്കട്ടെ.