ഞങ്ങളുടെ വീടിനു ചുറ്റുമുള്ള പാതകളിലൂടെ സഞ്ചരിച്ചുകൊണ്ടു ഞാനും എന്റെ ഭാര്യയും ഓരോ വർഷവും നൂറുകണക്കിനു മൈലുകൾ സൈക്കിളിൽ യാത്രചെയ്യുന്നു. ആ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഞങ്ങളുടെ സൈക്കിളുകളിൽ ഘടിപ്പിച്ചിരിക്കുന്ന ചില ഉപകരണങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. മുന്നിലുള്ള ലൈറ്റ്, പിന്നിലുള്ള ലൈറ്റ്, ഓഡോമീറ്റർ, സൈക്കിൾ പൂട്ട് എന്നിവ  എന്റെ ഭാര്യ സ്യൂവിന്റെ സൈക്കിളിലുണ്ട്. എന്റെ സൈക്കിളിൽ ഒരു വെള്ളക്കുപ്പി സൂക്ഷിക്കാനുള്ള ഇടവുമുണ്ട്. വാസ്തവത്തിൽ, യാതൊന്നും അധികമായി കൈവശം കരുതാതെ തന്നെ എല്ലാ ദിവസവും ഞങ്ങളുടെ സ്ഥിരം പാതയിൽ വിജയകരമായി ഓടിച്ചുകൊണ്ട് ആ മൈലുകളെല്ലാം കീഴടക്കാൻ ഞങ്ങൾക്കു കഴിയും. അവ സഹായകരമാണെങ്കിലും നിർബന്ധമായും ആവശ്യമുള്ളവയല്ല.

എഫെസ്യർക്ക് എഴുതിയ ലേഖനത്തിൽ, അപ്പൊസ്തലനായ പൗലൊസ്‌ മറ്റൊരു കൂട്ടം ഉപകരണങ്ങളെക്കുറിച്ച് എഴുതുന്നുണ്ട്-എന്നാൽ ഇവ ഐച്ഛികമല്ല. യേശുവിലുള്ള നമ്മുടെ വിശ്വാസത്തോടെ ജീവിക്കുന്നതിൽ വിജയിക്കുന്നതിനു നാം ഇവ “ധരിക്കണമെന്ന്” അവൻ പറയുന്നു. നമ്മുടെ ജീവിതം അത്ര എളുപ്പമുള്ളവയല്ല. “പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ” (6:11) തയ്യാറാകേണ്ട ഒരു യുദ്ധത്തിലാണു നാം. അതിനാൽ നാം സുസജ്ജരായിരിക്കണം.

തിരുവെഴുത്തിന്റെ ജ്ഞാനം പക്കലില്ലെങ്കിൽ, തെറ്റ് അംഗീകരിക്കാൻ നാം പ്രേരിപ്പിക്കപ്പെടും. തന്റെ “സത്യത്തിൽ” ജീവിക്കാൻ യേശു നമ്മെ സഹായിക്കുന്നില്ലെങ്കിൽ, നാം അസത്യങ്ങൾക്കു വഴങ്ങിപ്പോകും (വാ. 14). “സുവിശേഷം” കൂടാതെ നമുക്കു “സമാധാനം” ഇല്ല (വാ. 15). “വിശ്വാസം” നമുക്കു പരിച പിടിക്കുന്നില്ലെങ്കിൽ, നാം സംശയത്തിനു കീഴടങ്ങിപ്പോകും (വാ. 16). നമ്മുടെ “രക്ഷയും” പരിശുദ്ധാത്മാവും ദൈവത്തിനായി നന്നായി ജീവിക്കാനായി നമ്മെ നങ്കൂരമിട്ടു നിർത്തുന്നു (വാ. 17). ഇതാണു നമ്മുടെ സർവ്വായുധവർഗ്ഗം.

യഥാർത്ഥ അപകടങ്ങളിൽ നിന്നു സംരക്ഷിക്കപ്പെട്ടുകൊണ്ടു ജീവിതത്തിന്റെ പാതകളിലൂടെ നാം സഞ്ചരിക്കേണ്ടത് എത്രമാത്രം പ്രധാനമാണ്. ദൈവം പ്രദാനം ചെയ്യുന്ന സർവ്വായുധവർഗ്ഗം “ധരിച്ചുകൊണ്ട്” യാത്രയിലെ വെല്ലുവിളികളെ നേരിടാൻ ക്രിസ്തു നമ്മെ സജ്ജരാക്കുമ്പോൾ ആ അപകടങ്ങളിൽ നിന്നു നാം സംരക്ഷിക്കപ്പെടുന്നു.

—ഡേവ് ബ്രാനോൺ

ദൈവത്തിന്റെ സർവ്വായുധവർഗ്ഗം “ധരിക്കുക” എന്നത് നിങ്ങളെ സംബന്ധിച്ച് എന്താണ് അർത്ഥമാക്കുന്നത്? അവന്റെ സർവ്വായുധവർഗ്ഗം ഏറ്റവും ആവശ്യമുള്ള ഏതു സാഹചര്യങ്ങളാണു നിങ്ങൾ അഭിമുഖീകരിക്കുന്നത്?

പ്രിയ പിതാവേ, സാത്താന്റെ ആക്രമണങ്ങൾക്കെതിരെ എനിക്ക് എങ്ങനെ നിലകൊള്ളാമെന്നു തിരുവെഴുത്തുകളിൽകൂടി എന്നെ ഓർമ്മപ്പെടുത്തിയതിനു നന്ദി.