അഫ്ഗാനിസ്ഥാനിലെ ഒരു വെല്ലുവിളി നിറഞ്ഞ പര്യടനത്തെത്തുടർന്ന്, ബ്രിട്ടീഷ് സൈന്യത്തിലെ ഒരു സർജന്റായ സ്കോട്ട് മാനസികമായി തളർന്നുപോയിരുന്നു. അദ്ദേഹം ഓർത്തു: “ഞാൻ ഒരു ഇരുണ്ട സ്ഥാനത്തായിരുന്നു.” എന്നാൽ അദ്ദേഹം “യേശുവിനെ കണ്ടെത്തി അവനെ അനുഗമിക്കാൻ തുടങ്ങിയപ്പോൾ” അദ്ദേഹത്തിന്റെ ജീവിതത്തിൽ സമൂലമായ മാറ്റം സംഭവിച്ചു. ഇപ്പോൾ അദ്ദേഹം ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവരുമായി പങ്കിടാൻ ശ്രമിക്കുന്നു. പ്രത്യേകിച്ച്, അംഗഭംഗം സംഭവിച്ചവരും പരിക്കേറ്റവരുമായ സായുധ സേന സൈനികർക്കും മുൻസൈനികർക്കുമായി നടത്തുന്ന ഇൻവിക്റ്റസ് ഗെയിംസ് എന്ന അന്താരാഷ്ട്ര പരിപാടിയിൽ, താൻ മത്സരിക്കുന്നവരുമായി അദ്ദേഹം സുവിശേഷം പങ്കുവയ്ക്കുന്നു.

സ്കോട്ടിനെ സംബന്ധിച്ചിടത്തോളം, മത്സരത്തിനു പോകുന്നതിനു മുമ്പു വേദപുസ്തകം വായിക്കുന്നതും പ്രാർത്ഥിക്കുന്നതും ആരാധാന ഗീതങ്ങൾ കേൾക്കുന്നതും അദ്ദേഹത്തെ പ്രചോദിപ്പിക്കുന്നു. തുടർന്ന്, അവിടെ മത്സരിക്കുന്ന സഹപ്രവർത്തകരോടു “യേശുവിന്റെ സ്വഭാവം പ്രതിഫലിപ്പിക്കാനും ദയയും സൗമ്യതയും കൃപയും കാണിക്കാനും” ദൈവം അദ്ദേഹത്തെ സഹായിക്കുന്നു.

അപ്പൊസ്തലനായ പൗലൊസ് ഗലാത്യയിലെ വിശ്വാസികൾക്ക് എഴുതിയ ആത്മാവിന്റെ ഫലങ്ങളിൽ ചിലതു സ്കോട്ട് ഇവിടെ പറയുന്നു. ദുരുപദേഷ്ടാക്കളുടെ സ്വാധീനത്തിൻകീഴിൽ അവർ വൈഷമ്യം അനുഭവിച്ചതിനാൽ, “ആത്മാവിനെ അനുസരിച്ചുനടന്നുകൊണ്ട്” (ഗലാത്യർ 5:18) ദൈവത്തോടും അവന്റെ കൃപയോടും വിശ്വസ്തരായിരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാൻ പൗലൊസ്‌ ശ്രമിച്ചു. അപ്രകാരം ചെയ്യുന്നതിലൂടെ, അവർ ആത്മാവിന്റെ ഫലം – “സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം” (വാ. 22-23) – പുറപ്പെടുവിക്കും.

ദൈവാത്മാവു നമ്മുടെ ഉള്ളിൽ വസിക്കുന്നതിനാൽ, ആത്മാവിന്റെ നന്മയും സ്നേഹവും നമ്മിൽ നിന്നും പ്രവഹിക്കും. നമുക്കു ചുറ്റുമുള്ളവരോടു നാമും സൗമ്യതയും ദയയും കാണിക്കും.