ഓർമ്മപ്പെട്ടി തുറന്ന്, പത്താഴ്ച്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ പാദങ്ങളുടെ അതേ വലിപ്പവും ആകൃതിയുമുള്ള ഒരു ചെറിയ, വെള്ളി ബ്രൊച്ച് (വസ്ത്രം ഒതുക്കി നിർത്തുന്ന ആഭരണരൂപത്തിലുള്ള പിൻ) ഞാൻ പുറത്തെടുത്തു. ആ പത്തു ചെറുവിരലുകളിൽ തഴുകിക്കൊണ്ട്, എന്റെ ആദ്യ ഗർഭത്തിന്റെ വിയോഗത്തെയും പ്രസവത്തോട് “അത്രമേൽ അടുത്തിരുന്നില്ല” എന്നതിനാൽ ഞാൻ എത്രത്തോളം “ഭാഗ്യവതിയാണ്” എന്നു പറഞ്ഞവരെയും ഞാൻ ഓർത്തു. ഒരിക്കൽ എന്റെ ഗർഭപാത്രത്തിനുള്ളിൽ മിടിക്കുന്ന ഹൃദയം പോലെതന്നെ എന്റെ കുഞ്ഞിന്റെ പാദങ്ങളും യഥാർത്ഥമാണെന്ന് അറിഞ്ഞുകൊണ്ടു ഞാൻ ഉള്ളിൽ വേദനിച്ചു. വിഷാദത്തിൽ നിന്ന് എന്നെ മോചിപ്പിച്ചതിനും കുഞ്ഞിനെ നഷ്ടപ്പെട്ടതിനെ തുടർന്നു ദുഃഖിക്കുന്ന മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ എന്റെ ജീവിതകഥ ഉപയോഗിക്കുന്നതിനും ഞാൻ ദൈവത്തിനു നന്ദി പറഞ്ഞു. എന്റെ ഗർഭച്ഛിദ്രത്തെ തുടർന്നു രണ്ടു പതിറ്റാണ്ടിലേറെ കാലത്തിനു ശേഷം, ഭർത്താവിനും എനിക്കും നഷ്ടപ്പെട്ട കുഞ്ഞിനു ഞങ്ങൾ കേയ് എന്നു പേരിട്ടു. ചില ഭാഷകളിൽ അതിനർത്ഥം “ആനന്ദിക്കുക” എന്നാണ്. എന്റെ നഷ്ടത്തിൽ ഞാൻ ഇപ്പോഴും വേദന അനുഭവിക്കുന്നുണ്ടെങ്കിലും, എന്റെ ഹൃദയത്തെ സുഖപ്പെടുത്തിയതിനും മറ്റുള്ളവരെ സഹായിക്കാൻ എന്റെ ജീവിതകഥ ഉപയോഗിക്കുന്നതിനും ഞാൻ ദൈവത്തിനു നന്ദി പറയുന്നു.
107-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ ദൈവത്തിന്റെ ദൃഢമായ സ്വഭാവസവിശേഷതയിൽ ആനന്ദിച്ചുകൊണ്ടു പാടി: “യഹോവെക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു!” (വാ. 1). “യഹോവയുടെ വിമുക്തന്മാർ” “അങ്ങനെ പറയട്ടെ” (വാക്യം 2) എന്നും “അവർ യഹോവയെ അവന്റെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ” (വാക്യം 8) എന്നും അവൻ ഉദ്ബോധിപ്പിച്ചു. “ആർത്തിയുള്ളവന്നു തൃപ്തിവരുത്തുകയും വിശപ്പുള്ളവനെ നന്മകൊണ്ടു നിറെക്കുകയും” (വാ. 9) ചെയ്യുന്നവൻ ദൈവം മാത്രമാണെന്ന വാഗ്ദാനത്തോടെ അവൻ പ്രത്യാശ പകർന്നു നൽകുന്നു.
ക്രൂശിൽ സ്വയം ബലിയർപ്പിച്ചുകൊണ്ടു ക്രിസ്തു വീണ്ടെടുത്തവർക്കു പോലും വ്യസനത്തിൽ നിന്നോ കഷ്ടതയിൽ നിന്നോ രക്ഷപ്പെടാനാവില്ല. എന്നിരുന്നാലും, മറ്റുള്ളവർക്കു തന്റെ വീണ്ടെടുപ്പിന്റെ സ്നേഹത്തെ ചൂണ്ടിക്കാണിക്കാൻ നമ്മുടെ ജീവിതകഥകൾ ഉപയോഗിക്കുമ്പോൾ നമുക്കു ദൈവത്തിന്റെ കരുണ അനുഭവിക്കാൻ കഴിയും.
നിങ്ങളുടെ ഹൃദയ നുറുക്കങ്ങളെ ദൈവം എങ്ങനെയാണ് സുഖപ്പെടുത്തിയത്? നിങ്ങളെ ആശ്വസിപ്പിക്കാൻ അവൻ എങ്ങനെയാണു മറ്റൊരാളുടെ ജീവിതകഥ ഉപയോഗിച്ചത്?
പ്രിയ യേശുവേ, എന്നെ സുഖപ്പെടുത്തിയതിനും മറ്റുള്ളവർക്കു അങ്ങയുടെ വീണ്ടെടുപ്പിന്റെ സ്നേഹത്തെ ചൂണ്ടിക്കാണിക്കാൻ എന്റെ ജീവിതകഥ ഉപയോഗിക്കുന്നതിനും നന്ദി.