100 മീറ്റർ ഓട്ടത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ, നിലവിലെ ലോക റെക്കോർഡ് ഉടമയായ ഉസൈൻ ബോൾട്ടാണ് ആളുകളുടെ ഓർമ്മയിൽ വരുന്നത്. എന്നാൽ ജൂലിയ “ഹറികേൻ” ഹോക്കിൻസിനെ നമുക്കു മറക്കാൻ കഴിയില്ല. 2021-ൽ, ലൂസിയാന സീനിയർ ഗെയിംസിലെ 100 മീറ്റർ ഓട്ടത്തിൽ ജൂലിയ മറ്റെല്ലാ ഓട്ടക്കാരെയും പിന്നിലാക്കിക്കൊണ്ടു ഫിനിഷിങ് ലൈൻ കടന്നു. അവരുടെ സമയം ബോൾട്ടിന്റെ 9.58 സെക്കൻഡിനേക്കാൾ അൽപ്പം കൂടുതലായിരുന്നു-60 സെക്കൻഡിൽ അല്പം മാത്രം കൂടുതൽ. എന്നാൽ അവർക്കു 105 വയസ്സുണ്ടായിരുന്നു!
അവരുടെ പ്രായത്തിലും ഓട്ട മത്സരത്തിൽ പങ്കെടുക്കുന്ന ഒരു സ്ത്രീയെക്കുറിച്ച് ഇഷ്ടപ്പെടാൻ ധാരാളം കാര്യങ്ങളുണ്ട്. യേശുവിനെ ലക്ഷ്യമാക്കി ഓടുന്ന ഓട്ടം ഒരിക്കലും നിർത്താത്ത, യേശുവിൽ വിശ്വസിക്കുന്നവരെ ഇഷ്ടപ്പെടാനും ഒരുപാടു കാര്യങ്ങളുണ്ട് (എബ്രായർ 12:1-2). ജീവിതത്തിന്റെ അവസാന ഘട്ടങ്ങളിലെ വിശ്വസ്തരെക്കുറിച്ചു സങ്കീർത്തനക്കാരൻ ഇപ്രകാരം പറയുന്നു: “നീതിമാൻ പനപോലെ തഴെക്കും… വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും” (92:12-14).
ഇത്തരത്തിലുള്ള നിലവാരം പിന്തുടരുന്ന പഴയ വിശ്വാസികൾക്ക് അപ്പൊസ്തലനായ പൗലൊസ് തീത്തൊസിന് എഴുതിയ ലേഖനത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ കണ്ടെത്താനാകും. പരിചയസമ്പന്നരായ പുരുഷന്മാർ “വിശ്വാസത്തിലും സ്നേഹത്തിലും സഹിഷ്ണതയിലും ആരോഗ്യമുള്ളവരും” (തീത്തൊസ് 2:2), പ്രായം ചെന്ന സ്ത്രീകൾ “നന്മ ഉപദേശിക്കുന്നവരും” (വാക്യം 3) ആയിരിക്കേണം.
പ്രായമായ വിശ്വാസികളോട് ഓട്ടം നിർത്താനുള്ള ആഹ്വാനമുണ്ടായിട്ടില്ല. ഒരുപക്ഷേ ട്രാക്കിൽ ജൂലിയ ഓടിയ രീതിയിലല്ല, മറിച്ച് അവർക്കാവശ്യമായ ശക്തി നൽകുന്ന ദൈവത്തിന് ആദരവു വരുത്തുന്ന വഴികളിലൂടെ. അവനെയും മറ്റുള്ളവരെയും നന്നായി ശുശ്രൂഷിക്കാനുള്ള ഓട്ടം നമുക്കെല്ലാവർക്കും ഓടാം.
ക്രിസ്തുവിനായി മറ്റുള്ളവരിലേക്ക് എത്തിച്ചേരാനും വിശ്വാസത്തിൽ വളരാൻ അവരെ സഹായിക്കാനും നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണ്? മറ്റു വിശ്വാസികളെ അവർക്കു കഴിയും വിധം ശുശ്രൂഷിക്കാനായി നിങ്ങൾക്ക് എങ്ങനെ പ്രോത്സാഹിപ്പിക്കാം?
പ്രിയ യേശുവേ, അങ്ങ് എനിക്കു നൽകുന്ന ഓരോ ദിവസത്തിനും നന്ദി. എന്റെ പ്രായം എത്രതന്നെ ആയാലും, അങ്ങയുടെ മഹത്വത്തിനുവേണ്ടിയുള്ള ഓട്ടം ഓടാൻ എന്നെ സഹായിക്കേണമേ.