പൈക്ക്സ് പീക്കിന്റെ (വടക്കേ അമേരിക്കയിലെ റോക്കി പർവതനിരകളുടെ ഏറ്റവും ഉയർന്ന കൊടുമുടി) മുകളിലേക്കു ഒരു നിലക്കടല മൂക്കു കൊണ്ട്-അല്ലെങ്കിൽ മുഖത്തു ഘടിപ്പിച്ച ഒരു സ്പൂൺ ഉപയോഗിച്ചു തള്ളിനീക്കിയതിന്റെ വേഗ റെക്കോർഡ് ബോബ് സേയ്‌ലം എന്ന വ്യക്തിയുടെ പേരിലാണുള്ളത്. വിനോദസഞ്ചാരികളെ കൊണ്ടുള്ള തടസ്സം ഒഴിവാക്കാനായി രാത്രിയിൽ പ്രവർത്തിച്ച അദ്ദേഹം ഏഴു ദിവസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ വ്യക്തിയാണു ബോബ്. അതിനർത്ഥം വളരെ ക്ഷമയുള്ള മറ്റു മൂന്നു വ്യക്തികൾകൂടി ഇതു ചെയ്തു എന്നാണ്.

തങ്ങൾ സ്വയം ഏറ്റെടുത്ത ഉദ്യമത്തിന്റെ പേരിൽ ആവശ്യമായി വന്ന ക്ഷമയാണതെന്നു പറയാൻ സാധിക്കുമെങ്കിലും ജീവിതത്തിൽ പലപ്പോഴും അങ്ങനെയല്ല സംഭവിക്കാറ്. നമുക്കു ക്ഷമ ആവശ്യമാണ്. ഇത് ആത്മാവിന്റെ ഫലമാണ് (ഗലാത്യർ 5:22). മാത്രമല്ല, “ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും” (യാക്കോബ് 1:4) ആകേണ്ടതിന് അത്യന്താപേക്ഷിതമായ ഒരു ധർമ്മവുമാണത്. ചുറ്റുമുള്ളവരെല്ലാം പരിഭ്രാന്തിയിലായിരിക്കുമ്പോഴും ക്ഷമാശീലർ ശാന്തരായി വർത്തിക്കുന്നു. സാഹചര്യം വ്യത്യസ്തമായിരിക്കണമെന്ന് അവർ ആഗ്രഹിച്ചേക്കാമെങ്കിലും അവർക്ക് അതൊരു അത്യാവശ്യ ഘടകമല്ല. ബുദ്ധിയോടെ പ്രവർത്തിക്കാനുള്ള ജ്ഞാനത്തിനായി ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് അവർ തങ്ങളുടെ പന്ഥാവിൽ തുടരുന്നു (വാ. 5). 

ക്ഷമയുടെ പ്രശ്നം എന്തെന്നാൽ അതു പഠിക്കാൻ ഒരേയൊരു വഴിയേയുള്ളൂ എന്നതാണ്. “നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു” (വാ. 3) എന്നു  യാക്കോബ് പറയുന്നു. അത്തരം പരിശോധനകൾ വലുതും ചെറുതുമായ വിധങ്ങളിൽ വരുന്നു. ഒരു എയർപോർട്ടിൽ നിന്നാണ് ഞാൻ ഇത് എഴുതുന്നത്. ഉച്ചയ്ക്ക് 11നുള്ള എന്റെ ഫ്ലൈറ്റ് പുലർച്ചെ 2 വരെ വൈകി, ശേഷം അത് റദ്ദാക്കി. ഉറക്കമില്ലാത്ത ഒരു രാത്രിക്കു ശേഷം, അധികം വൈകാതെ വീട്ടിലെത്താമെന്നു പ്രതീക്ഷിച്ചുകൊണ്ടു ഞാൻ കാപ്പി കുടിച്ചു സമയം തള്ളിനീക്കി. ആലസ്യത്തോടെ ഒരു ദിവസം മുഴുവൻ എയർപോർട്ടിൽ പാഴാക്കുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു. പക്ഷേ സ്നേഹനിധിയായ എന്റെ പിതാവ് എന്നെ ക്ഷമ പഠിപ്പിക്കുകയായിരുന്നു.

ഇന്നേ ദിവസത്തേക്കുള്ള എന്റെ പാഠം പൂർത്തിയായിരിക്കണേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു, പക്ഷേ ആർക്കറിയാം?  അടുത്ത വിമാനയാത്രക്കുള്ള സ്റ്റാൻഡ്ബൈ ലിസ്റ്റ് പരിശോധിക്കാനുള്ള സമയമായിരിക്കുന്നു.