“ദൈവം ഞങ്ങൾക്കു വളരെ നല്ലവനാണ്! ഞങ്ങളുടെ വാർഷികത്തിനായി അവനോടു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.” ടെറിയുടെ ശബ്ദം സ്ഥിരതയാർന്നതായിരുന്നു, അവളുടെ കണ്ണുകളിലെ കണ്ണുനീർ അവളുടെ ആത്മാർത്ഥത എടുത്തുകാണിച്ചു. ഞങ്ങളുടെ ചെറിയ കൂട്ടത്തിലുള്ളവർ വളരെയേറെ വികാരഭരിതരായി. ടെറിയേയും അവളുടെ ഭർത്താവിനേയും സംബന്ധിച്ചു കഴിഞ്ഞ കുറച്ചു വർഷങ്ങൾ എങ്ങനെയിരുന്നുവെന്നു ഞങ്ങൾക്ക് അറിയാമായിരുന്നു. വിശ്വാസിയാണെങ്കിലും, പെട്ടെന്നുണ്ടായ കടുത്ത മാനസികരോഗത്താൽ ക്ലേശമനുഭവിച്ച റോബർട്ട് തങ്ങളുടെ നാലു വയസ്സുള്ള മകളുടെ ജീവൻ അപഹരിച്ചു. പതിറ്റാണ്ടുകളോളം റോബർട്ട് മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചിലവഴിക്കേണ്ടി വരുമായിരുന്നു. പക്ഷേ, ടെറി അവനെ സന്ദർശിച്ചു. അവളുടെ ഉള്ളിലെ മുറിവുണക്കിക്കൊണ്ടു ദൈവം മനോഹരമായി പ്രവർത്തിച്ചതിന്റെ ഫലമായി അവൾക്കു അവനോടു ക്ഷമിക്കാൻ സാധിച്ചു. അഗാധമായ ഹൃദയവേദന ഉണ്ടായിരുന്നിട്ടും, അവരുടെ പരസ്പര സ്നേഹം വർദ്ധിച്ചുവന്നു.

അത്തരത്തിലുള്ള ക്ഷമയും സ്നേഹവും ഒരു ഉറവിടത്തിൽ നിന്നു മാത്രമേ ഉത്ഭവിക്കൂ. ദാവീദു ദൈവത്തെക്കുറിച്ച് ഇപ്രകാരം എഴുതുന്നു, “അവൻ നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല… ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു” (സങ്കീർത്തനങ്ങൾ 103:10, 12).

ദൈവം നമ്മോടു കാണിക്കുന്ന കാരുണ്യം അവന്റെ വ്യാപ്തിയുള്ള സ്നേഹത്തിലൂടെയാണു വരുന്നത്: “ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതു പോലെ അവന്റെ ദയ” (വാ. 11) നമ്മോടു വലുതായിരിക്കുന്നു. അവനെ “കൈക്കൊള്ളുന്ന” (യോഹന്നാൻ 1:12) ഏവരെയും തന്റെ ഭവനത്തിലേക്കു കൊണ്ടുവരുന്നതിനായി നമ്മുടെ പാപങ്ങൾ നീക്കാൻ ക്രൂശിന്റെയും കല്ലറയുടെയും ആഴങ്ങളിലേക്കു പോകാൻ അത്രമാത്രം അഗാധമായ സ്നേഹം അവനെ നിർബന്ധിച്ചു.

ടെറി പറഞ്ഞതു ശരിയായിരുന്നു. “ദൈവം നമ്മോടു വളരെ നല്ലവനാണ്!” അവന്റെ സ്നേഹവും ക്ഷമയും അചിന്തനീയമായ അതിരുകൾക്കപ്പുറത്തേക്ക് എത്തുകയും ഒരിക്കലും അവസാനിക്കാത്ത ജീവിതം നമുക്കു പ്രദാനം ചെയ്യുകയും ചെയ്യുന്നു.