പരീക്ഷയിൽ എനിക്കു 84 കിട്ടി!
ഫോണിൽ അവളുടെ സന്ദേശം വായിച്ചപ്പോൾ എന്റെ മകളുടെ ആവേശം എനിക്കും അനുഭവപ്പെട്ടു. അവൾ ഒരു ഹൈസ്കൂളിൽ ക്ലാസുകളിൽ പങ്കെടുക്കാൻ തുടങ്ങിയിരുന്നു. അവിടെ ഉച്ചഭക്ഷണ സമയത്താണ് അവളുടെ ഫോണിൽ നിന്നു എനിക്കു സന്ദേശം ലഭിച്ചത്. എന്റെ മാതൃഹൃദയം കുതിച്ചുചാടി. വെല്ലുവിളി നിറഞ്ഞ ഒരു പരീക്ഷയിൽ എന്റെ മകൾ മികച്ച പ്രകടനം കാഴ്ചവച്ചതുകൊണ്ടല്ല, മറിച്ച് അത് എന്നോട് ആശയവിനിമയം നടത്താൻ അവൾ തയ്യാറായതുകൊണ്ടാണ്. അവളുടെ സന്തോഷവാർത്ത എന്നോടു പങ്കിടാൻ അവൾ ആഗ്രഹിച്ചു!
അവളുടെ ടെക്സ്റ്റ് മെസേജ് അന്നത്തെ എന്റെ ദിവസം ആനന്ദകരമാക്കി മാറ്റി എന്നു മനസ്സിലാക്കിയ ഞാൻ പിന്നീടു ചിന്തിച്ചു, ഞാൻ ദൈവത്തെ തേടിചെല്ലുമ്പോൾ ദൈവത്തിന് എന്തായിരിക്കും അനുഭവപ്പെടുക. ഞാൻ അവനോടു സംസാരിക്കുമ്പോൾ അവന് പ്രസാദം തോന്നുമോ? ദൈവവുമായി നമുക്ക് ആശയവിനിമയം നടത്താനുള്ള ഉപാധിയാണു പ്രാർത്ഥന. അതു “ഇടവിടാതെ” (1 തെസ്സലൊനീക്യർ 5:17) ചെയ്യാൻ നമ്മോടു പറഞ്ഞിരിക്കുന്നു. നല്ലതും തീയതുമായ കാര്യങ്ങളിൽ അവൻ നമ്മോടൊപ്പമുണ്ടെന്നു അവനോടു സംസാരിക്കുന്നതു നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മുടെ വാർത്തകൾ ദൈവവുമായി പങ്കുവെക്കുന്നത്, അവൻ നമ്മെക്കുറിച്ച് എല്ലാം അറിയുന്നുവെങ്കിലും, അതു നമ്മുടെ ശ്രദ്ധ മാറ്റുകയും അവനെക്കുറിച്ചു ചിന്തിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നതിനാൽ സഹായകരമാണ്. യെശയ്യാവ് 26:3 പറയുന്നു, “സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു.” നമ്മുടെ ശ്രദ്ധ ദൈവത്തിലേക്കു തിരിക്കുമ്പോൾ സമാധാനം നമ്മെ കാത്തിരിക്കുന്നു.
നാം അഭിമുഖീകരിക്കുന്നത് എന്തുതന്നെയായാലും, ദൈവവുമായി നമുക്കു നിരന്തരം സംസാരിക്കാം, നമ്മുടെ സ്രഷ്ടാവും രക്ഷകനും ആയവനുമായി ബന്ധം നിലനിർത്താം. സ്വകാര്യമായി ഒന്നു പ്രാർത്ഥിക്കുക. സന്തോഷിക്കാനും “സ്തോത്രം ചെയ്യുവാനും” ഓർക്കുക. എല്ലാത്തിനുമുപരി, ഇതാണു നമ്മെക്കുറിച്ചുള്ള “ദൈവേഷ്ടം” (1 തെസ്സലൊനീക്യർ 5:18) എന്നു പൗലൊസ് പറയുന്നു.
എന്താണു ദൈവവുമായി നിങ്ങൾക്കു പങ്കുവെയ്ക്കാനുള്ളത്? ദിവസം മുഴുവൻ അവനുമായി സമ്പർക്കം പുലർത്താനായി ഓർത്തിരിക്കാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കും?
കൃപയുള്ള ദൈവമേ, ദിവസം മുഴുവൻ അങ്ങയുമായി സമ്പർക്കം പുലർത്താൻ ദയവായി എന്നെ ഓർമ്മിപ്പിക്കേണമേ. ഞാൻ അഭിമുഖീകരിക്കുന്ന എല്ലാ കാര്യങ്ങളിലും ആനന്ദിക്കാനും അങ്ങേയ്ക്കു നന്ദി പറയാനും ഞാൻ ആഗ്രഹിക്കുന്നു.