എന്റെ പ്രഭാത നടത്തത്തിൽ, തെറ്റായ ദിശയിലേക്കു തിരിച്ചു ഒരു വാഹനം റോഡിൽ നിർത്തിയിട്ടിരിക്കുന്നതു ഞാൻ ശ്രദ്ധിച്ചു. താൻ ഉറങ്ങിപ്പോയതിനാലും മദ്യലഹരിയിലായിരുന്നതിനാലും തനിക്കും മറ്റുള്ളവർക്കും ഉണ്ടായേക്കാവുന്ന അപകടത്തെക്കുറിച്ചു വാഹന ഉടമ ബോധവതിയല്ലായിരുന്നു. അപകടകരമായ സാഹചര്യമായിരുന്നു അത്, എനിക്ക് പ്രവർത്തിക്കേണ്ടി വന്നു. എനിക്കു ഡ്രൈവർ സീറ്റിൽ കയറാൻ കഴിയും വിധം അവളെ ഉണർത്തി കാറിന്റെ പാസഞ്ചർ സൈഡിലേക്കു മാറ്റിയിരുത്തിയ ശേഷം, ഞാൻ അവളെ സുരക്ഷിതമായ സ്ഥലത്തേക്കു ഓടിച്ചുകൊണ്ടുപോയി.

നാം നേരിടുന്ന ഒരേയൊരു ഹാനി ശാരീരിക അപകടം മാത്രമല്ല. “നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നതിനാൽ” ലൗകിക ജ്ഞാനികളും നിപുണരുമായ അഥേനയിലെ ജനങ്ങളെ ആത്മീയ അപകടത്തിൽ കണ്ടപ്പോൾ പൗലൊസിന്റെ “മനസ്സിന്നു ചൂടുപിടിച്ചു” (പ്രവൃത്തികൾ 17:16). ക്രിസ്തുവിനെ പരിഗണിക്കുന്നതിൽ പരാജയപ്പെട്ട ആശയങ്ങളുമായി ഉല്ലസിക്കുന്നവരോട് അപ്പൊസ്തലന്റെ സഹജമായ പ്രതികരണം, യേശുവിലൂടെയുള്ള ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചു പങ്കുവെക്കുക എന്നതായിരുന്നു (വാ. 18, 30-31). കേട്ടവരിൽ ചിലർ വിശ്വസിച്ചു (വാ. 34).

ക്രിസ്തുവിലുള്ള വിശ്വാസത്തിനു വെളിയിൽ പരമമായ അർത്ഥം തേടുന്നത് അപകടകരമാണ്. യേശുവിൽ പാപമോചനവും യഥാർത്ഥ സഫലീകരണവും കണ്ടെത്തിയവർ ഒന്നിലേക്കും നയിക്കാത്ത യത്നങ്ങളിൽ നിന്നു രക്ഷിക്കപ്പെടുകയും അവർക്കു നിരപ്പിന്റെ സന്ദേശം നൽകപ്പെടുകയും ചെയ്തു (2 കൊരിന്ത്യർ 5:18-21 കാണുക). ഈ ജീവിതത്തിന്റെ ലഹരിയിൽ അകപ്പെട്ടിരിക്കുന്നവരുമായി യേശുവിന്റെ സുവാർത്ത പങ്കുവെക്കുന്നത്, മനുഷ്യരെ ഹാനികരമായ വഴിയിൽ നിന്നു തട്ടിമാറ്റാൻ ഇപ്പോഴും ദൈവം ഉപയോഗിക്കുന്ന മാർഗമാണ്.