“വേഗത്തിൽ പോകണമെങ്കിൽ ഒറ്റയ്ക്കു പോകുക. എന്നാൽ ദൂരെ പോകണമെങ്കിൽ ഒരുമിച്ചു പോകുക.” ഈ പഴഞ്ചൊല്ലിന്റെ ചില വകഭേദങ്ങൾ നിങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്തിരിക്കാം. ഇതൊരു മനോഹരമായ ചിന്തയാണ്, അല്ലേ? എന്നാൽ കേവലം മനോഹരമായ കുറച്ചു വാക്കുകളല്ല, മറിച്ചു സത്യമാണെന്നു നമുക്ക് ഉറപ്പുനൽകുന്ന എന്തെങ്കിലും ശക്തമായ ഗവേഷണങ്ങൾ നടന്നിട്ടുണ്ടോ?
ഉവ്വ്! വാസ്തവത്തിൽ, ഒറ്റയ്ക്കു നിൽക്കുന്നതിൽ നിന്നു വ്യത്യസ്തമായി മറ്റാരുടെയെങ്കിലും കൂടെ നിൽക്കുമ്പോൾ പർവതങ്ങളുടെ വലുപ്പം വളരെ ചെറുതായി ആളുകൾ കണക്കാക്കുന്നതായി ബ്രിട്ടീഷ് ഗവേഷകരും അമേരിക്കൻ ഗവേഷകരും നടത്തിയ അത്തരത്തിലുള്ള ഒരു പഠനം തെളിയിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, “സാമൂഹിക പിന്തുണ” പ്രധാനമാണ് – അതു നമ്മുടെ മനസ്സിൽ പർവതങ്ങളുടെ വലിപ്പം പോലും ചുരുങ്ങാൻ ഇടയാക്കുന്നു.
യോനാഥാനുമായുള്ള സൗഹൃദത്തിൽനിന്നു അത്തരത്തിലുള്ള പ്രോത്സാഹനം മനോഹരവും പരമാർത്ഥവുമാണെന്നു ദാവീദ് മനസ്സിലാക്കി. ശൗൽ രാജാവിന്റെ അസൂയ നിറഞ്ഞ കോപം ദാവീദിന്റെ ജീവിതകഥയിൽ തന്റെ ജീവനു ഭീഷണയാകും വിധം അതിജീവിക്കാൻ കഴിയാത്ത ഒരു പർവതം പോലെയായിരുന്നു (1 ശമൂവേൽ 19:9-18 കാണുക). ഏതെങ്കിലും തരത്തിലുള്ള പിന്തുണയില്ലെങ്കിൽ – ഈ സാഹചര്യത്തിൽ അവന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ പിന്തുണയില്ലായിരുന്നെങ്കിൽ – കഥ വളരെ വ്യത്യസ്തമാകുമായിരുന്നു. എന്നാൽ യോനാഥാൻ, “തന്റെ അപ്പൻ ദാവീദിനെ അപമാനിച്ചതുകൊണ്ടു അവനെക്കുറിച്ചു അവൻ വ്യസനിച്ചിരുന്നു” (20:34). അവൻ തന്റെ സുഹൃത്തിനൊപ്പം നിലകൊണ്ടു. “അവനെ എന്തിന്നു കൊല്ലുന്നു?” (വാ. 32) എന്നു യോനാഥാൻ ചോദിച്ചു. ദൈവനിശ്ചയ പ്രകാരമുള്ള അവരുടെ സൗഹൃദം ദാവീദിനെ താങ്ങിനിറുത്തി, അവനെ യിസ്രായേലിന്റെ രാജാവാകാൻ അനുവദിച്ചു.
നമ്മുടെ സൗഹൃദങ്ങൾ പ്രധാനമാണ്. ദൈവം അതിന്റെ കേന്ദ്രത്തിൽ ആയിരിക്കുമ്പോൾ, നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും വലിയ കാര്യങ്ങൾ ചെയ്യാൻ നമുക്കു പരസ്പരം പ്രേരിപ്പിക്കാൻ സാധിക്കും.
നിങ്ങൾക്ക് ആവശ്യമുള്ള സാമൂഹിക പിന്തുണ എവിടെയാണു നിങ്ങൾ കണ്ടെത്തുന്നത്? നിങ്ങളുടെ സൗഹൃദം കൊണ്ടു നിങ്ങൾക്ക് ആരെ പിന്തുണയ്ക്കാനാകും?
പിതാവേ, പർവതങ്ങളെ എന്റെ വീക്ഷണത്തിൽ ഒതുക്കിനിർത്താൻ സഹായിക്കാനായി എന്റെ ജീവിതത്തിൽ അങ്ങ് ഏർപ്പെടുത്തിയവർക്കായി അങ്ങേയ്ക്കു നന്ദി.