എന്റെ മാതാവ് ഭൂമിയിലെ തന്റെ അവസാന നാളുകളിലേക്ക് അടുത്തുകൊണ്ടു പരിചരണകേന്ദ്രത്തിലായിരിക്കുമ്പോൾ, പരിചരിക്കുന്ന ഒരു വ്യക്തിയുടെ ആത്മാർത്ഥമായ ദയ എന്നെ സ്പർശിക്കുവാൻ ഇടയായി. ദുർബ്ബലയായ എന്റെ മാതാവിനെ കസേരയിൽ നിന്നു മെല്ലെ ഉയർത്തി കട്ടിലിൽ കിടത്തിയ ശേഷം, ആ നഴ്സിംഗ് അസിസ്റ്റസ്റ്റന്റ്‌ അമ്മയുടെ തലയിൽ തലോടിക്കൊണ്ട് കുനിഞ്ഞു അടുത്തേക്കുവന്നു പറഞ്ഞു, “അമ്മ വളരെ നല്ലവളാണ്”. അതിനുശേഷം എന്നോട് “എങ്ങനെയുണ്ട്?’’ എന്ന് അവൾ ചോദിച്ചു. അവളുടെ ദയ അന്ന് എന്നെ കണ്ണീരിലാഴ്ത്തി, ഇന്നും അതിനു വ്യത്യാസം സംഭവിച്ചിട്ടില്ല.

അവളുടേതു ദയ നിറഞ്ഞ ലളിതമായ ഒരു പ്രവൃത്തിയായിരുന്നു. പക്ഷേ ആ ഒരു നിമിഷത്തിൽ എനിക്കു വേണ്ടത് അതു മാത്രമായിരുന്നു. ഈ സ്ത്രീയുടെ നോട്ടത്തിൽ എന്റെ മാതാവു വെറുമൊരു രോഗി മാത്രമായിരുന്നില്ല എന്നറിഞ്ഞത് ആ പ്രതികൂല സാഹചര്യത്തെ നേരിടാൻ എന്നെ സഹായിച്ചു. അത്യന്തം മൂല്യമുള്ള ഒരു വ്യക്തിയായി അവൾ എന്റെ മാതാവിനെ കാണുകയും പരിപാലിക്കുകയും ചെയ്തു.

ഭർത്താക്കന്മാർ നഷ്ടപ്പെട്ടതിനെത്തുടർന്നു നൊവൊമിയും രൂത്തും വ്യസനത്തിൽ ആയിരുന്നപ്പോൾ, കൊയ്ത്തുകാരുടെ പിന്നാലെ കറ്റകളുടെ ഇടയിൽ മിച്ചം വന്ന ധാന്യം പെറുക്കാൻ അനുവദിച്ചുകൊണ്ടു ബോവസ് രൂത്തിനോടു ദയ കാണിച്ചു. അവളെ തൊടരുതെന്ന് അവൻ ബാല്യക്കാരോട് കല്പിക്കുകയും ചെയ്തു (രൂത്ത്‌ 2:8-9). നൊവൊമിയോടു രൂത്ത് കാണിച്ച കരുതലാണ് ദയ കാണിക്കാൻ അവനെ പ്രേരിപ്പിച്ചത്: “നിന്റെ ഭർത്താവു മരിച്ചശേഷം അമ്മാവിയമ്മെക്കു നീ ചെയ്തിരിക്കുന്നതും… ഞാൻ കേട്ടിരിക്കുന്നു” (വാ. 11). അവൻ അവളെ ഒരു അന്യദേശക്കാരിയോ വിധവയോ ആയിട്ടല്ല, മറിച്ച് ആവശ്യത്തിൽ ഇരിക്കുന്ന ഒരു സ്ത്രീയായി കണ്ടു.

നാം “മനസ്സലിവു, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു” (കൊലൊസ്സ്യർ 3:12) ജീവിക്കാൻ ദൈവം ആഗ്രഹിക്കുന്നു. ഇതിനായി ദൈവം നമ്മെ സഹായിക്കുമ്പോൾ, ദയ നിറഞ്ഞ ലളിതമായ നമ്മുടെ പ്രവൃത്തികൾക്കു ഹൃദയങ്ങളെ സന്തോഷിപ്പിക്കാനും പ്രത്യാശ പകർന്നു നൽകാനും മറ്റുള്ളവരിൽ ദയ പ്രചോദിപ്പിക്കാനും കഴിയും.