സന്തോഷത്തിന്റെ വേഗതയിൽ നീങ്ങുക. വരാനിരിക്കുന്ന വർഷത്തെക്കുറിച്ചു ഒരു സുപ്രഭാതത്തിൽ പ്രാർഥനാപൂർവ്വം ചിന്തിച്ചപ്പോൾ ഈ വാചകം എന്റെ മനസ്സിലേക്കു വന്നു. എനിക്ക് അത് വളരെ ഉചിതമായി തോന്നി. അമിത ജോലി ചെയ്യാനുള്ള ഒരു പ്രവണത എനിക്ക് ഉണ്ടായിരുന്നു. അതു പലപ്പോഴും എന്റെ സന്തോഷം തല്ലിക്കെടുത്തിയിരുന്നു. അതിനാൽ, ഈ മാർഗ്ഗനിർദ്ദേശം പിന്തുടർന്നുകൊണ്ട്, അടുത്ത വർഷം ആസ്വാദ്യകരമായ ഒരു വേഗതയിൽ പ്രവർത്തിക്കാനും സുഹൃത്തുക്കൾക്കും സന്തോഷകരമായ പ്രവർത്തനങ്ങൾക്കും ഇടം ഒരുക്കാനും ഞാൻ തീരുമാനമെടുത്തു. 

ഈ പദ്ധതി മികച്ച രീതിയിൽ പ്രവർത്തിച്ചു… മാർച്ചു വരെ! അക്കാലത്ത്, ഞാൻ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പാഠ്യ പദ്ധതിയുടെ കാര്യക്ഷമത പരിശോധിക്കാനുള്ള മേൽനോട്ടം വഹിക്കാൻ ഒരു സർവകലാശാലയുമായി എനിക്കു സഹകരിക്കേണ്ടി വന്നു. വിദ്യാർത്ഥികളെ ചേർക്കുകയും അവരെ പഠിപ്പിക്കുകയും ചെയ്യേണ്ടി വരുന്നതു മൂലം, താമസിയാതെ തന്നെ ഞാൻ മണക്കൂറുകൾ നീണ്ട ജോലിയിലേക്കു പ്രവേശിച്ചു. ഇനി ഇപ്പോൾ ഞാൻ എങ്ങനെ സന്തോഷത്തിന്റെ വേഗതയിൽ നീങ്ങും?

തന്നിൽ വിശ്വസിക്കുന്നവർക്കു സന്തോഷം യേശു വാഗ്ദാനം ചെയ്യുന്നു. അത് അവന്റെ സ്നേഹത്തിൽ വസിക്കുന്നതിലൂടെയും (യോഹന്നാൻ 15:9) പ്രാർത്ഥനാപൂർവ്വം നമ്മുടെ ആവശ്യങ്ങൾ അവനിലേക്കു കൊണ്ടുചെല്ലുന്നതിലൂടെയും (16:24) ലഭിക്കുന്നു എന്നു അവൻ പറയുന്നു. “എന്റെ സന്തോഷം നിങ്ങളിൽ ഇരിപ്പാനും നിങ്ങളുടെ സന്തോഷം പൂർണ്ണമാകുവാനും ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു” (15:11) എന്ന് അവൻ പറഞ്ഞു. അവന്റെ ആത്മാവിനോപ്പം നാം ചുവടുവെക്കുമ്പോൾ ഈ സന്തോഷം അവന്റെ ആത്മാവിലൂടെയുള്ള ഒരു ദാനമായി വരുന്നു (ഗലാത്യർ 5:22-25). വിശ്രമവും വിശ്വാസവും നിറഞ്ഞ പ്രാർത്ഥനയിൽ ഓരോ രാത്രിയും സമയം ചിലവഴിക്കുമ്പോൾ മാത്രമേ എന്റെ തിരക്കിനിടയിൽ സന്തോഷം നിലനിർത്താനാകൂ എന്നു ഞാൻ മനസ്സിലാക്കി.

സന്തോഷം വളരെ പ്രാധാന്യമുള്ള ഒന്നായതിനാൽ, നമ്മുടെ സമയക്രമത്തിൽ അതിനു മുൻഗണന നൽകുന്നത് അർത്ഥവത്താണ്. എങ്കിലും, ജീവിതം ഒരിക്കലും പൂർണമായി നമ്മുടെ നിയന്ത്രണത്തിലല്ല എന്നതിനാൽ, സന്തോഷത്തിന്റെ മറ്റൊരു ഉറവിടം — പരിശുത്മാവ് — നമുക്കു ലഭ്യമായതിൽ ഞാൻ സന്തോഷിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, ഇപ്പോൾ സന്തോഷത്തിന്റെ വേഗതയിൽ പോകുക എന്നതിനർത്ഥം സന്തോഷദാതാവിൽ നിന്നു അതു സ്വീകരിക്കാൻ സമയം കണ്ടെത്തിക്കൊണ്ടു പ്രാർത്ഥനയുടെ വേഗതയിൽ പോകുക എന്നാണ്‌.