ജെ. ആർ. ആർ. ടോൾകീയന്റെ ദി ഫെല്ലോഷിപ്പ് ഓഫ് ദി റിംഗ്സ് എന്ന പുസ്തകത്തിൽ, അന്ധകാര ശക്തികളുള്ള ഒരു മാന്ത്രിക മോതിരം ആറു പതിറ്റാണ്ടുകളായി കൈവശം വച്ചിരിക്കുന്നതിന്റെ ഫലങ്ങൾ ബിൽബോ ബാഗിൻസ് കാണിക്കാൻ ആരംഭിക്കുന്നു. സാവധാനത്തിൽ നശിപ്പിക്കുന്ന അതിന്റെ സ്വഭാവത്താൽ ഭാരപ്പെട്ട അവൻ മാന്ത്രികനായ  ഗാൻഡാൽഫിനോടു പറയുന്നു, “എന്തുകൊണ്ടാണ് ഞാൻ മെലിഞ്ഞുവരുന്നതായി എനിക്കു തോന്നുന്നത്. എന്നെ വലിച്ചുനീട്ടുന്നതുപോലെ തോന്നുന്നു. ഞാൻ പറയുന്നത് നിങ്ങൾക്കു മനസ്സിലാകുന്നവെന്നു ഞാൻ കരുതുന്നു. ചുരണ്ടിയ വെണ്ണ വളരെക്കൂടുതൽ റൊട്ടിയിൽ തേച്ചുപിടിപ്പിക്കാൻ ശ്രമിക്കുന്നതുപോലെ.” “സമാധാനത്തിലും സ്വസ്ഥതയിലും ജീവിക്കാൻ, ബന്ധുക്കൾ ഒരുപാടു ചുറ്റിത്തിരിയാത്ത” ഇടത്തേക്കു വിശ്രമം തേടി തന്റെ വീടു വിടാൻ അവൻ തീരുമാനിക്കുന്നു.

ടോൾകീയന്റെ കഥയിലെ ഈയൊരു വശം ഒരു പഴയനിയമ പ്രവാചകന്റെ അനുഭവത്തെ ഓർമ്മിപ്പിക്കുന്നു. ഈസേബെലിൽ നിന്നുള്ള ഓട്ടത്തിനും കള്ളപ്രവാചകന്മാരുമായുള്ള യുദ്ധത്തെത്തുടർന്നുണ്ടായ ഞെരുക്കത്തിനും ശേഷം ഏലീയാവിന് അൽപ്പം വിശ്രമം അത്യാവശ്യമായിരുന്നു. തന്റെ ബലം ചോർന്നുപോയതായി അനുഭവപ്പെട്ടപ്പോൾ, “ഇപ്പോൾ മതി, യഹോവേ” (1 രാജാക്കന്മാർ 19:4) എന്നു പറഞ്ഞുകൊണ്ടു തന്നെ മരിക്കാൻ അനുവദിക്കണമെന്ന് അവൻ ദൈവത്തോട് അപേക്ഷിച്ചു. അവൻ ഉറങ്ങിപ്പോയപ്പോൾ, അവനു ഭക്ഷിക്കാനും കുടിക്കാനും കഴിയേണ്ടതിനു ദൈവദൂതൻ അവനെ വിളിച്ചുണർത്തി. അവൻ വീണ്ടും ഉറങ്ങി. എന്നിട്ടു ദൂതൻ നൽകിയ ഭക്ഷണം ധാരാളമായി കഴിച്ചു. ദൈവത്തിന്റെ പർവതത്തിലേക്കുള്ള നാല്പതു ദിവസത്തെ നടത്തത്തിന് ആവശ്യമായ ഊർജ്ജം അവനു ലഭിച്ചു.

മുന്നോട്ടു നീങ്ങാൻ കഴിയാത്തവിധം അശക്തരായി തോന്നുമ്പോൾ, യഥാർത്ഥ നവോന്മേഷത്തിനായി നമുക്കും ദൈവത്തിലേക്കു നോക്കാം. അവന്റെ പ്രത്യാശ, സമാധാനം, വിശ്രമം എന്നിവയാൽ നമ്മെ നിറയ്ക്കാൻ അവനോട് ആവശ്യപ്പെടുമ്പോൾ തന്നെ നാം നമ്മുടെ ശരീരത്തെ പരിപാലിക്കേണ്ടതുണ്ട്. ദൂതൻ ഏലിയാവിനു ശുശ്രൂഷ ചെയ്തതുപോലെ, ദൈവം തന്റെ ഉന്മേഷദായകമായ സാന്നിധ്യം നമ്മിൽ പകരുമെന്നു നമുക്കു വിശ്വസിക്കാം (മത്തായി 11:28 കാണുക).