1921-ൽ കലാകാരനായ സാം റോഡിയ തന്റെ വാട്ട്സ് ടവറിന്റെ നിർമ്മാണം ആരംഭിച്ചു. മുപ്പത്തിമൂന്നു വർഷങ്ങൾക്കു ശേഷം, ലോസ് ഏഞ്ചൽസിനു മുകളിൽ പതിനേഴു ശിൽപങ്ങൾ മുപ്പതു മീറ്ററോളം ഉയരത്തിൽ ഉയർന്നുനിന്നു. സംഗീതജ്ഞൻ ജെറി ഗാർസിയ റോഡിയയുടെ ആയുഷ്ക്കാല പ്രയത്നത്തെ നിരാകരിച്ചു. “നിങ്ങളുടെ മരണശേഷവും നിലനിൽക്കുന്ന കാര്യം,” ഗാർസിയ പറഞ്ഞു. “അതാണു പ്രതിഫലം.” അദ്ദേഹം തുടർന്നു, “അയ്യോ, എന്നെക്കൊണ്ട് അതു പറ്റില്ല.”
അപ്പോൾ പ്രതിഫലം എന്നത് അദ്ദേഹത്തെ സംബന്ധിച്ചു എന്തായിരുന്നു? അദ്ദേഹത്തിന്റെ ഗായകസംഘത്തിലെ മറ്റൊരു അംഗമായ ബോബ് വെയർ തങ്ങളുടെ തത്ത്വചിന്തയെ ഇപ്രകാരം സംഗ്രഹിച്ചു: “നിത്യതയിൽ, നിങ്ങളെക്കുറിച്ചുള്ള ഒന്നുംതന്നെ ഓർമ്മിക്കപ്പെടില്ല. അങ്ങനെയെങ്കിൽ എന്തുകൊണ്ടു വെറുതെ ആസ്വദിച്ചുകൂടാ?’’
ധനികനും ജ്ഞാനിയുമായ ഒരു മനുഷ്യൻ ഒരിക്കൽ തനിക്കു കഴിയുന്നതെല്ലാം ചെയ്തുകൊണ്ടു “പ്രതിഫലം” കണ്ടെത്താൻ ശ്രമിച്ചു. “ഞാൻ എന്നോടു തന്നേ പറഞ്ഞു: വരിക; ഞാൻ നിന്നെ സന്തോഷംകൊണ്ടു പരീക്ഷിക്കും; സുഖം അനുഭവിച്ചുകൊൾക” (സഭാപ്രസംഗി 2:1) എന്നു അവൻ എഴുതി. പക്ഷേ, “ഭോഷനെക്കുറിച്ചാകട്ടെ ജ്ഞാനിയെക്കുറിച്ചാകട്ടെ ശാശ്വതമായ ഓർമ്മയില്ല” (വാ. 16) എന്നും അവൻ കുറിക്കുന്നു. “അങ്ങനെ സൂര്യന്നു കീഴെ നടക്കുന്ന കാര്യം എനിക്കു അനിഷ്ടമായതുകൊണ്ടു ഞാൻ ജീവനെ വെറുത്തു” (സഭാപ്രസംഗി 2:17) എന്നു എഴുതിക്കൊണ്ട് അവൻ ഉപസംഹരിച്ചു.
യേശുവിന്റെ ജീവിതവും സന്ദേശവും അത്തരം ദീർഘവീക്ഷണമില്ലാത്ത ജീവിതത്തെ സമൂലമായി എതിർക്കുന്നു. “ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും” (യോഹന്നാൻ 10:10) വേണ്ടിയാണു യേശു വന്നതു. കൂടാതെ, അടുത്ത വരാനിരിക്കുന്ന ജീവിതത്തെ മുൻനിർത്തി ഈ ജീവിതം ജീവിക്കാൻ അവൻ പഠിപ്പിച്ചു. “ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു,” അവൻ പറഞ്ഞു. “സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ” (മത്തായി 6:19-20). എന്നിട്ട് അവൻ ഇപ്രകാരം സംഗ്രഹിച്ചു: “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.” (വാ. 33).
അതാണു പ്രതിഫലം — സൂര്യനു കീഴിലും അതിനപ്പുറവും.
എപ്രകാരം ഓർമ്മിക്കപ്പെടാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? “സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ” എന്നതിന്റെ അർത്ഥമെന്താണ്?
പിതാവായ ദൈവമേ, നിത്യതയിൽ നോട്ടം വച്ചുകൊണ്ടു ആനന്ദത്തോടെ അങ്ങയെ സേവിക്കാൻ എന്നെ സഹായിക്കേണമേ.