അരിസോണയിലെ ചുവന്ന പർവതങ്ങൾക്കിടയിൽ ഉയർന്നു നിൽക്കുന്ന മനോഹരമായ ഒരു ചാപ്പലാണ് ചാപ്പൽ ഓഫ് ദി ഹോളി ക്രോസ്സ്. ആ ചെറിയ ചാപ്പലിൽ പ്രവേശിക്കുമ്പോൾ, ക്രൂശിൽ കിടക്കുന്ന യേശുവിന്റെ അസാധാരണമായ ഒരു ശിൽപത്തിലേക്കു പെട്ടെന്ന് എന്റെ ശ്രദ്ധ ആകർഷിക്കപ്പെട്ടു. പരമ്പരാഗതമായി കണ്ടുവരുന്ന ക്രൂശിനുപകരം, രണ്ടു തായ്ത്തടികളായി പിരിഞ്ഞുപോകുന്ന ഒരു വൃക്ഷത്തിന്റെ ശാഖകളിൽ യേശുവിനെ ക്രൂശിച്ച നിലയിൽ കാണപ്പെടുന്നു. തിരശ്ചീനമായി, മുറിച്ചുമാറ്റപ്പെട്ടതും അറ്റുപോയതുമായ ഒരു തായ്ത്തടി ദൈവത്തെ നിരസിച്ച പഴയനിയമത്തിലെ യിസ്രായേൽ ഗോത്രങ്ങളെ പ്രതിനിധീകരിക്കുന്നു. മുകളിലേക്കു വളർന്നു ശാഖകളായി പടരുന്ന മറ്റേ തായ്ത്തടി യെഹൂദാ ഗോത്രത്തെയും ദാവീദു രാജാവിന്റെ കുടുംബപരമ്പരയെയും പ്രതീകപ്പെടുത്തുന്നു.
പ്രതീകാത്മകമായി പ്രാധാന്യമുള്ള ഈ കലാരൂപം യേശുവിനെക്കുറിച്ചുള്ള പഴയനിയമത്തിലെ ഒരു സുപ്രധാന പ്രവചനത്തിലേക്കു വിരൽ ചൂണ്ടുന്നു. യെഹൂദാ ഗോത്രം അടിമത്തത്തിൽ കഴിയുകയായിരുവെങ്കിലും, പ്രവാചകനായ യിരെമ്യാവ് ദൈവത്തിൽ നിന്നുള്ള ഒരു പ്രത്യാശാജനകമായ സന്ദേശം നൽകി: “ദേശത്തു നീതിയും ന്യായവും” (യിരെമ്യാവ് 33:15) നടത്താനായി ഒരു രക്ഷകനെ പ്രദാനം ചെയ്യുമെന്ന് “അരുളിച്ചെയ്ത നല്ലവചനം നിവർത്തിക്കുന്ന കാലം വരും” (വാ. 14). ജനങ്ങൾക്കു രക്ഷകനെ തിരിച്ചറിയാനുള്ള ഒരു മാർഗം “ദാവീദിന്നു നീതിയുള്ളോരു മുളയായവനെ മുളെപ്പിക്കും” (വാ. 15) എന്നതായിരുന്നു. അതായതു രക്ഷകൻ ദാവീദു രാജാവിന്റെ ഭൗതിക പിൻഗാമി ആയിരിക്കും.
താൻ വാഗ്ദത്തം ചെയ്തതെല്ലാം നിവർത്തിക്കാൻ ദൈവം വിശ്വസ്തനായിരുന്നു എന്ന യേശുവിന്റെ കുടുംബപരമ്പരയുടെ വിശദാംശങ്ങളിലുള്ള സുപ്രധാന സത്യം ആ ശിൽപം സമർത്ഥമായി പറഞ്ഞുവയ്ക്കുന്നു. അതിലുപരിയായി, കഴിഞ്ഞ കാലത്തിലെ അവന്റെ വിശ്വസ്തത, ഭാവിയിൽ നമുക്കുള്ള അവന്റെ വാഗ്ദത്തങ്ങൾ നിറവേറ്റാൻ അവൻ വിശ്വസ്തനായിരിക്കുമെന്ന ഉറപ്പു നമുക്കു നൽകുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തലാണ്.
യേശു നിവർത്തിച്ച ദൈവത്തിൽ നിന്നുള്ള മറ്റു പ്രധാനപ്പെട്ട വാഗ്ദത്തങ്ങൾ ഏവ? അവയുടെ നിവൃത്തി നിങ്ങളെ എപ്രകാരം ധൈര്യപ്പെടുത്തുന്നു?
സർവ്വശക്തനായ ദൈവമേ, അങ്ങയുടെ എല്ലാ വാഗ്ദത്തങ്ങളും അങ്ങു നിറവേറ്റുന്നതിനു നന്ദി.