യുകെയിൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ തീപിടിത്തത്തിൽ, ഇരുപത്തിനാലു നിലകളുള്ള പശ്ചിമ ലണ്ടനിലെ ഗ്രെൻഫെൽ ടവർ കെട്ടിടത്തെ അഗ്നി വിഴുങ്ങി. ആ തീപിടിത്തം എഴുപതു വ്യക്തികളുടെ ജീവനും അപഹരിച്ചു. കെട്ടിടത്തിന്റെ പുറംഭാഗം മറയ്ക്കുന്ന നവീകരണത്തിന്റെ ഭാഗമായി ഉപയോഗിച്ച നേർത്ത ആവരണമാണ് തീ ഇത്ര പെട്ടെന്നു പടരാനുള്ള പ്രാഥമിക കാരണം എന്നു അന്വേഷണത്തിൽ കണ്ടെത്തി. ആ ആവരണത്തിന്റെ പുറം ഭാഗത്ത് അലുമിനിയം ആണെങ്കിലും പെട്ടെന്നു തീ ആളിക്കത്തിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള അന്തർഭാഗമാണ് അതിനുള്ളത്.

ഇത്രയും അപകടകരമായ ഒരു സാമഗ്രി വിൽക്കാനും സ്ഥാപിക്കാനും എങ്ങനെ അനുമതി ലഭിച്ചു? അഗ്നി സുരക്ഷാ പരിശോധനയുടെ ഫലങ്ങൾ മോശമായിരുന്നു എന്നു വെളിപ്പെടുത്തുന്നതിൽ ഉൽപ്പന്നത്തിന്റെ വ്യാപാരികൾ പരാജയപ്പെട്ടു. സാമഗ്രിയുടെ തുച്ഛമായ വിലയിൽ ആകൃഷ്ടരായ ഉപഭോക്താക്കൾ മുന്നറിയിപ്പു സൂചനകൾ ശ്രദ്ധിക്കുന്നതിലും പരാജയപ്പെട്ടു. തിളക്കമുള്ള ആവരണം പുറമെ ആകർഷകമായി കാണപ്പെട്ടു.

ഭംഗിയുള്ള ബാഹ്യരൂപത്തിനു പിന്നിൽ ദുർമ്മാർഗ്ഗം മറച്ചുവെക്കുന്നുവെന്നു താൻ ആരോപിച്ച മതോപദേഷ്ടാക്കൾക്കു നേരെയുള്ളതായിരുന്നു യേശുവിന്റെ പരുഷമായ വാക്കുകളിൽ ചിലത്‌. “പുറമെ അഴകായി ശോഭിക്കുന്നെങ്കിലും” അകത്ത് ചത്തവരുടെ അസ്ഥികൾ നിറഞ്ഞ “വെള്ളതേച്ച ശവക്കല്ലറകൾ” (മത്തായി 23:27) പോലെയാണ് അവർ എന്നു അവൻ പറഞ്ഞു. “ന്യായം, കരുണ, വിശ്വസ്തത” (വാ. 23) എന്നിവ പിന്തുടരുന്നതിനുപകരം, പുറമെ മികച്ചതായി കാണപ്പെടുന്നതിൽ അവർ ശ്രദ്ധ കേന്ദ്രീകരിച്ചു. “കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു” എങ്കിലും “കവർച്ചയും അതിക്രമവും” (വാ. 25) നിറഞ്ഞ അകം അവർ വെടിപ്പാക്കുന്നില്ല.

നമ്മുടെ പാപവും തകർച്ചയും ദൈവമുമ്പാകെ സത്യസന്ധമായി കൊണ്ടുവരുന്നതിനേക്കാൾ പുറം മനോഹരമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എളുപ്പമാണ്. എന്നാൽ മനോഹരമായി കാണപ്പെടുന്ന ബാഹ്യരൂപം ദുഷിച്ച ഹൃദയത്തിന്റെ അപകടത്തെ കുറയ്ക്കുന്നില്ല. നമ്മെ ഏവരേയും ഉള്ളിൽ നിന്നു രൂപാന്തരപ്പെടുത്താൻ അവനെ അനുവദിക്കാനായി ദൈവം നമ്മെ ക്ഷണിക്കുന്നു (1 യോഹന്നാൻ 1:9).