വിളകൾ നശിപ്പിക്കുകയും കന്നുകാലികളെ കൊല്ലുകയും ദശലക്ഷക്കണക്കിനു പേരുടെ ജീവൻ അപഹരിക്കുകയും ചെയ്ത അതികഠിനമായ വരൾച്ചയാൽ വർഷങ്ങളോളം ഹോൺ ഓഫ് ആഫ്രിക്ക വലയുകയുണ്ടായി. യുദ്ധങ്ങളിൽ നിന്നും അടിച്ചമർത്തലിൽ നിന്നും പലായനം ചെയ്തുവന്ന കെനിയയിലെ കഹുമ അഭയാർത്ഥി ക്യാമ്പിലെ ജനത്തെപ്പോലെ ഏറ്റവും ദുർബലരായ ആളുകളെ സംബന്ധിച്ച് ഇതു കൂടുതൽ ഭയാനകമായിരുന്നു. യൗവ്വനക്കാരിയായ ഒരു മാതാവ് തന്റെ കുഞ്ഞിനെ ക്യാമ്പ് ഓഫീസർമാരുടെ അടുത്തേക്കു കൊണ്ടുവന്നതിക്കുറിച്ച് അടുത്തിടെ ഒരു റിപ്പോർട്ടു വിവരിക്കുകയുണ്ടായി. “അവളുടെ മുടിയും ചർമ്മവും… വരണ്ട്, പൊളിഞ്ഞിളകുമാറ്” കടുത്ത പോഷകാഹാരക്കുറവ് ആ കുഞ്ഞ് അനുഭവിച്ചിരുന്നു. അവൾ പുഞ്ചിരിക്കില്ലായിരുന്നു, ഭക്ഷണം കഴിക്കുകയുമില്ലായിരുന്നു. അവളുടെ ആ ചെറു ശരീരം പ്രവർത്തനരഹിതമായി തീരുകയായിരുന്നു. വിദഗ്ധർ ഉടൻ തന്നെ ഇടപെട്ടു. ആവശ്യങ്ങൾ ഇപ്പോഴും ബാക്കിയുണ്ടെങ്കിലും, ഉടനടി നടപടി വേണ്ടതോ മരണ കാരണമോ ആയ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കാൻ ഇപ്പോൾ സാധിച്ചിട്ടുണ്ട്.
ദൈവജനം അവന്റെ വെളിച്ചവും സ്നേഹവും പ്രകാശിപ്പിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നതു നിരാശാജനകമായ ഇത്തരം ഇടങ്ങളിലാണ് (യെശയ്യാവ് 58:8). ആളുകൾ പട്ടിണി കിടക്കുകയോ രോഗികളാകുകയോ ഭീഷണി നേരിടുകയോ ചെയ്യുമ്പോൾ ഭക്ഷണം, ആതുരസഹായം, സുരക്ഷിതത്വം എന്നിവ എല്ലാം യേശുവിന്റെ നാമത്തിൽ ആദ്യം നൽകാനായി ദൈവം തന്റെ ജനത്തെ വിളിക്കുന്നു. “വിശപ്പുള്ളവന്നു നിന്റെ അപ്പം” പങ്കിടുക, “അലഞ്ഞുനടക്കുന്ന സാധുക്കളെ” അഭയസ്ഥാനത്താക്കുക, “നഗ്നനെ” ഉടുപ്പിക്കുക (വാ. 7) തുടങ്ങി പ്രതിസന്ധി ഘട്ടത്തിൽ ആവശ്യമായ യഥാർത്ഥ കാരുണ്യ പ്രവർത്തനത്തെ അവഗണിച്ചുകൊണ്ട്, ഉപവാസത്തിലും പ്രാർത്ഥനയിലും സമയം ചിലവിട്ടുകൊണ്ടു തങ്ങൾ വിശ്വസ്തരാണെന്നു കരുതിയതിനു യെശയ്യാവ് പുരാതന യിസ്രായേലിനെ ശാസിച്ചു.
വിശക്കുന്നവർക്കു ആഹാരം നൽകണമെന്നു ദൈവം ആഗ്രഹിക്കുന്നു — ശാരീരികമായും ആത്മീയമായും. ആവശ്യങ്ങളെ പരിഹരിച്ചകൊണ്ടു അവൻ നമ്മിലും നമ്മിലൂടെയും പ്രവർത്തിക്കുന്നു.
ഏതെല്ലാം തരം വിശപ്പാണു നിങ്ങൾ ചുറ്റും കാണുന്നത്? സഹായം വാഗ്ദാനം ചെയ്യാൻ നിങ്ങളെ എവിടെയ്ക്കാണു ദൈവം ക്ഷണിക്കുന്നത്?
പ്രിയ ദൈവമേ, വിശക്കുന്നവർക്കും ദുരിതമനുഭവിക്കുന്നവർക്കും ഭക്ഷണം, സ്നേഹം, ആശ്വാസം എന്നിവ അങ്ങ് എത്തിക്കുന്നതിന്റെ ഭാഗമാകാൻ എന്നെ സഹായിക്കേണമേ.