കൂനൻ തിമിംഗിലത്തെ തിരഞ്ഞുകൊണ്ടു കാലിഫോർണിയ കടൽതീരത്തു കയാക്കിംങ് നടത്തുകയായിരുന്നു ജൂലിയും ലിസും. അനായാസമായി കണ്ടെത്താൻ കഴിയുംവിധം ജലോപരിതലത്തിനു സമീപം സജീവമായി കാണപ്പെടുന്നതിനു പേരുകേട്ടതാണ് കൂനൻ തിമിംഗിലങ്ങൾ. തങ്ങൾക്കു നേരെ താഴെയായി ഒരു തിമിഗംലം ഉയർന്നു വന്നപ്പോൾ ആ രണ്ടു സ്ത്രീകളും അത്ഭുതപരതന്ത്രരായി. ഒരു കാഴ്ചക്കാരൻ പിടിച്ച ആ കണ്ടുമുട്ടലിന്റെ ദൃശ്യങ്ങളിൽ, തിമിംഗലത്തിന്റെ വലിയ വായ്ക്കു മുമ്പിൽ ആ സ്ത്രീകളും അവരുടെ കയാക്കുകളും നിസാരമായി കാണപ്പെടുന്നതായി കാണിക്കുന്നു. കുറച്ചുനേരം വെള്ളത്തിനടിയിൽ പോയെങ്കിലും സ്ത്രീകൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
യോനാ പ്രവാചകനെ ഒരു “വലിയ മത്സ്യം” (യോനാ 1:17) വിഴുങ്ങിയതിന്റെ വേദപുസ്തകം വിവരണത്തിലേക്ക് അവരുടെ അനുഭവം ഒരു വീക്ഷണം നൽകുന്നു. നീനെവേക്കാരോടു പ്രസംഗിക്കാൻ ദൈവം അവനോടു നിർദ്ദേശിച്ചിരുന്നു. പക്ഷേ അവർ ദൈവത്തെ നിരസിച്ചതിനാൽ, അവർ അവന്റെ പാപമോചനത്തിനു യോഗ്യരാണെന്നു യോനായ്ക്കു തോന്നിയില്ല. അനുസരിക്കുന്നതിനുപകരം അവൻ ഓടിപ്പോകാൻ ശ്രമിച്ചുകൊണ്ട് ഒരു കപ്പലിൽ യാത്ര പുറപ്പെട്ടു. ദൈവം ഒരു അപകടകരമായ കൊടുങ്കാറ്റ് അയച്ചു, അവനെ കടലിലേക്ക് എറിഞ്ഞുകളയാൻ ഇടയാക്കി.
അവന്റെ പ്രവൃത്തികളുടെ ഏറ്റവും മോശമായ അനന്തരഫലങ്ങളിൽനിന്ന് അവനെ ഒഴിവാക്കിക്കൊണ്ടു മരണത്തിൽ നിന്നു യോനായെ സംരക്ഷിക്കാൻ ദൈവം ഒരു വഴി നിശ്ചയിച്ചിരുന്നു. യോനാ “യഹോവയോടു നിലവിളിച്ചു” (2:2), ദൈവം കേട്ടു. യോനാ തന്റെ തെറ്റ് ഏറ്റുപറഞ്ഞ്, ദൈവത്തിന്റെ നന്മയെ സ്തുതിക്കുകയും അംഗീകരിക്കുകയും ചെയ്തതിനുശേഷം, ദൈവകൽപ്പനപ്രകാരം അവനെ മത്സ്യം “കരെക്കു ഛർദ്ദിച്ചുകളഞ്ഞു” (വാ. 10).
ദൈവകൃപയാൽ, നമ്മുടെ തെറ്റുകൾ ഏറ്റുപറഞ്ഞുകൊണ്ടു യേശുവിന്റെ യാഗത്തിൽ വിശ്വാസം പ്രകടിപ്പിക്കുമ്പോൾ, നാം അർഹിക്കുന്ന ആത്മീയ മരണത്തിൽ നിന്നു രക്ഷപ്പെട്ട്, അവനിലൂടെ പുതിയ ജീവിതം അനുഭവിക്കുന്നു.
നിങ്ങൾ എപ്പോഴാണു ദൈവത്തിൽ നിന്നു “ഓടിപ്പോയത്”? യേശുവിലൂടെ നിങ്ങൾ എങ്ങനെയാണു പുതിയ ജീവിതം അനുഭവിച്ചത്?
പ്രിയ ദൈവമേ, എന്റെ തെറ്റുകൾ ഞാൻ ഏറ്റുപറയുന്നു. യേശുവിലൂടെ എനിക്ക് ഒരു പുതിയ ജീവിതം പ്രദാനം ചെയ്തതിനു അങ്ങയ്ക്കു നന്ദി കരേറ്റുന്നു.