തന്റെ മൂന്നു വർഷത്തെ കോഴ്സിനായി സർവകലാശാലയിലെത്തിയപ്പോൾ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ ഡോം റൂം ആവശ്യപ്പെട്ട വേളയിൽ താൻ എന്താണു ചെയ്യുന്നതെന്നു ജെറമി മനസ്സിലാക്കിയിരുന്നില്ല. “അവസ്ഥ ഭയങ്കരമായിരുന്നു,” അവൻ വിവരിച്ചു. “മുറിയും ശുചിമുറിയും മഹാ മോശമായിരുന്നു.” എന്നാൽ അവന്റെ പക്കൽ കുറച്ചു പണമെ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ വേറെ മാർഗ്ഗമില്ലായിരുന്നു. “എനിക്കു ആകെക്കൂടെ ചെയ്യാൻ കഴിയുന്നത്” അവൻ പറഞ്ഞു, “മൂന്നു വർഷത്തിനുള്ളിൽ എനിക്കു തിരികെ പോകാൻ ഒരു നല്ല വീടുണ്ട് എന്നു കാര്യം ചിന്തിച്ചുകൊണ്ടു ഇവിടെ പിടിച്ചുനിന്നു എന്റെ സമയം പരമാവധി പ്രയോജനപ്പെടുത്തുക എന്നതായിരുന്നു.” 

ജെറമിയുടെ കഥ “ഭൗമിക കൂടാരത്തിൽ” — നശിച്ചു പോയ്ക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത് പ്രവർത്തിക്കുന്ന (1 യോഹന്നാൻ 2:17) ഒരിക്കൽ മരിക്കാനിരിക്കുന്ന ഒരു മനുഷ്യശരീരം (2 കൊരിന്ത്യർ 5:1) — ജീവിക്കുന്നതിന്റെ ദൈനംദിന വെല്ലുവിളികളെ പ്രതിഫലിപ്പിക്കുന്നു. ഈ വിധത്തിൽ ജീവിതം നമ്മുടെ മേൽ ചൊരിയുന്ന അനേകം വൈഷമ്യങ്ങളെ തരണം ചെയ്യാൻ പാടുപെട്ടുകൊണ്ടു നാം “ഭാരപ്പെട്ടു ഞരങ്ങുന്നു” (2 കൊരിന്ത്യർ 5:4).

ഒരു ദിവസം നമുക്ക് അമർത്യവും പുനരുത്ഥാനം പ്രാപിച്ചതുമായ ഒരു ശരീരം — “സ്വർഗ്ഗീയമായ പാർപ്പിടം” (വാ. 3) — ലഭിക്കുമെന്നും ഇപ്പോഴത്തെ ഞരക്കവും നിരാശയും ഇല്ലാത്ത ഒരു ലോകത്തിൽ ജീവിക്കാൻ സാധിക്കുമെന്നുമുള്ള ഉറച്ച പ്രതീക്ഷയാണു നമ്മെ മുന്നോട്ടു നയിക്കുന്നതു (റോമർ 8:19 -22). ദൈവം സ്നേഹപൂർവം പ്രദാനം ചെയ്തിരിക്കുന്ന ഈ ജീവിതം പരമാവധി പ്രയോജനപ്പെടുത്താൻ ഈ പ്രത്യാശ നമ്മെ പ്രാപ്തരാക്കുന്നു. അവൻ നമുക്കു നൽകിയിരിക്കുന്ന വിഭവങ്ങളും കഴിവുകളും ഉപയോഗിച്ചുകൊണ്ടു അവനെയും മറ്റുള്ളവരെയും സേവിക്കാൻ നമുക്കു കഴിയേണ്ടതിനു അവൻ നമ്മെ സഹായിക്കും. “ശരീരത്തിൽ വസിച്ചാലും ശരീരം വിട്ടാലും ഞങ്ങൾ അവനെ പ്രസാദിപ്പിക്കുന്നവർ ആകുവാൻ അഭിമാനിക്കുന്നു” (2 കൊരിന്ത്യർ 5:9) എന്നെഴുതിയിരിക്കുന്നത് അതുകൊണ്ടാണ്.