ഉഴുതുമറിച്ച നിലത്ത് ഒരു രഹസ്യം ഉണ്ടായിരുന്നു—ഒളിച്ചുവച്ച എന്തോ ഒന്ന്. തങ്ങളുടെ അമ്പതാം വിവാഹവാർഷികത്തിനായുള്ള ഒരുക്കത്തിൽ, തന്റെ ഭാര്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹത്തായ പുഷ്പ സമ്മാനം നിർമ്മിക്കാനായി തന്റെ എൺപത് ഏക്കർ ഭൂമി ലീ വിൽസൺ മാറ്റിവച്ചു. അവൻ രഹസ്യമായി എണ്ണമറ്റ സൂര്യകാന്തി വിത്തുകൾ നട്ടുപിടിപ്പിച്ചുകൊണ്ടിരുന്നു. ഒടുവിൽ അത് മുളപൊട്ടി 12 ലക്ഷം സുവർണ്ണ സസ്യങ്ങൾ — തന്റെ ഭാര്യയുടെ പ്രിയപ്പെട്ടവ— ആയിത്തീർന്നു. സൂര്യകാന്തിപ്പൂക്കൾ തങ്ങളുടെ പീതവർണ്ണ കിരീടങ്ങൾ ഉയർത്തിയപ്പോൾ, ലീയുടെ മനോഹരമായ സ്നേഹപ്രകടനത്തിൽ റെനി ഞെട്ടിപ്പോയി.
യെശയ്യാ പ്രവാചകനിലൂടെ യെഹൂദാജനത്തോടു സംസാരിച്ചപ്പോൾ ദൈവം അവരോട് ഒരു രഹസ്യം പങ്കുവെച്ചു: അവർക്ക് അതു ഇപ്പോൾ കാണാൻ കഴിയില്ലെങ്കിലും, തന്നോടുള്ള അവിശ്വസ്തതയുടെ പേരിൽ അവർക്കെതിരായ ന്റെറെ വാഗ്ദത്ത ന്യായവിധിക്കു ശേഷം (യെശയ്യാവ് 3:1-4:1), പുതിയതും സുവർണ്ണവുമായ ഒരു ദിനം ഉദിക്കും. “അന്നാളിൽ യഹോവയുടെ മുള ഭംഗിയും മഹത്വവും ഉള്ളതും ഭൂമിയുടെ ഫലം യിസ്രായേലിലെ രക്ഷിതഗണത്തിന്നു മഹിമയും അഴകും ഉള്ളതും ആയിരിക്കും” ( 4:2). അതെ, അവർ ബാബേലിന്റെ കരങ്ങളാൽ നാശവും പ്രവാസവും അനുഭവിക്കുമെങ്കിലും മനോഹരമായ ഒരു “മുള”— ഭൂമിയിൽ നിന്ന് ഒരു പുതിയ മുളപൊട്ടൽ — അപ്പോൾ കാണപ്പെടും. അവന്റെ ജനത്തിന്റെ ഒരു ശേഷിപ്പ് വേർതിരിക്കപ്പെട്ട് (“വിശുദ്ധൻ”, വാ. 4), വെടിപ്പാക്കപ്പെട്ട് (വാ. 3), സ്നേഹപൂർവ്വം നയിക്കപ്പെട്ട്, അവനാൽ പരിപാലിക്കപ്പെടും (വാ. 5-6).
നമ്മുടെ ദിവസങ്ങൾ അന്ധകാരമയമായും ദൈവത്തിന്റെ വാഗ്ദത്തങ്ങളുടെ നിവൃത്തി മറഞ്ഞിരിക്കുന്നതായി തോന്നിയേക്കാം. എന്നാൽ വിശ്വാസത്താൽ നാം അവനോടു പറ്റിനിൽക്കുമ്പോൾ, ഒരു ദിവസം അവന്റെ എല്ലാ “വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും” നിറവേറപ്പെടും (2 പത്രൊസ് 1:4). മനോഹരമായ ഒരു പുതിയ ദിവസം കാത്തിരിക്കുന്നു.
ദൈവത്തിന്റെ വാഗ്ദാനങ്ങൾ ചിലപ്പോഴൊക്കെ മറഞ്ഞിരിക്കുന്നതായി തോന്നുന്നത് എന്തുകൊണ്ടാണ്? നിങ്ങൾക്ക് ഇന്നു എങ്ങനെ അവയെ വിശ്വാസത്താൽ സ്വീകരിക്കാനാകും?
സ്നേഹമുള്ള ദൈവമേ, അങ്ങയുടെ വിശ്വസ്ത വാഗ്ദത്തങ്ങളുടെ മനോഹാരിതയ്ക്കു നന്ദി.