ഒരു ക്ലാസിക് പീനട്ട് കോമിക് സ്ട്രിപ്പിൽ, ഗ്രേറ്റ് പംകിനിയിലുള്ള വിശ്വാസത്തിന്റെ പേരിൽ ലിനസിന്റെ സുഹൃത്ത് അവനെ ശകാരിക്കുന്നുണ്ട്. നിരാശയോടെ നടന്നകലുന്ന ലിനസ് പറയുന്നു, “ജനങ്ങളുമായി ഒരിക്കലും ചർച്ച ചെയ്യാൻ പാടില്ലാത്ത മൂന്നു കാര്യങ്ങളുണ്ടെന്നു ഞാൻ പഠിച്ചു… മതം, രാഷ്ട്രീയം, ഗ്രേറ്റ് പംകിൻ!”
ഗ്രേറ്റ് പംകിൻ ലിനസിന്റെ മനസ്സിൽ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ മറ്റു രണ്ടു വിഷയങ്ങൾ വളരെ യഥാർത്ഥമാണ് – രാഷ്ട്രങ്ങളെയും കുടുംബങ്ങളെയും സുഹൃത്തുക്കളെയും വിഭജിക്കുന്ന യാഥാർത്ഥ്യം. യേശുവിന്റെ നാളിലും ഈ പ്രശ്നം സംഭവിച്ചിരുന്നു. പഴയ നിയമം അക്ഷരംപ്രതി പിന്തുടരാൻ ശ്രമിച്ചിരുന്ന കഠിന മതവിശ്വാസികളായിരുന്നു പരീശന്മാർ. ഹെരോദ്യർ കൂടുതലും രാഷ്ട്രീയക്കാരായിരുന്നു. എന്നിരുന്നാലും യെഹൂദാജനം റോമൻ അടിച്ചമർത്തലിൽ നിന്നു മോചിപ്പിക്കപ്പെടണമെന്നു ഇരു കൂട്ടരും ആഗ്രഹിച്ചിരുന്നു. യേശു അവരുടെ ലക്ഷ്യങ്ങൾ പങ്കിടുന്നതായി കാണപ്പെട്ടിരുന്നില്ല. അതുകൊണ്ട് അവർ രാഷ്ട്രീയ മുനയുള്ള ഒരു ചോദ്യവുമായി അവനെ സമീപിച്ചു: ജനം കൈസർക്കു കരം നൽകണമോ (മര്ക്കൊസ് 12:14-15)? കൊടുക്കണം എന്നു യേശു പറഞ്ഞാൽ ജനം അവനോടു നീരസം കാണിക്കും. കൊടുക്കരുത് എന്ന് അവൻ പറഞ്ഞാൽ, റോമാക്കാർക്ക് അവനെ കലാപത്തിന്റെ പേരിൽ പിടികൂടാൻ സാധിക്കും.
യേശു ഒരു നാണയം ആവശ്യപ്പെട്ടു. “ഈ സ്വരൂപം ആരുടേതു?” അവൻ ചോദിച്ചു (വാ. 16). കൈസരുടേതാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു. യേശുവിന്റെ വാക്കുകൾ ഇന്നും പ്രതിധ്വനിക്കുന്നു: “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ” (വാ. 17). അവന്റെ മുൻഗണനകൾക്കു മാറ്റം വരുത്താതെ യേശു അവരുടെ കപടോപായം ഒഴിവാക്കി.
തന്റെ പിതാവിന്റെ ഹിതം ചെയ്യാനായി യേശു വന്നു. അവന്റെ നേതൃത്വം പിന്തുടർന്ന്, എല്ലാ വിയോജിപ്പുകളിൽ നിന്നും ശ്രദ്ധ തിരിച്ച് സത്യമായ ഒരുവനിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, നമുക്കും എല്ലാറ്റിനുമുപരിയായി ദൈവത്തെയും അവന്റെ രാജ്യത്തെയും അന്വേഷിക്കാം.
എന്തു ഭിന്നതകളാണ് നിങ്ങളെ അലട്ടുന്നത്? യേശുവിൽ നിങ്ങളുടെ നോട്ടം കേന്ദ്രീകരിക്കുന്നത് ഇന്നത്തെ നിങ്ങളുടെ സംഭാഷണത്തെ എപ്രകാരം നയിക്കും?
പിതാവേ, എന്റെ എല്ലാ ഇടപെടലുകൾക്കും എനിക്ക് അങ്ങയുടെ ജ്ഞാനവും മാർഗനിർദേശവും ആവശ്യമാണ്.