സഹപാഠികൾക്കു പ്രോത്സാഹനത്തിന്റെയും പ്രചോദനത്തിന്റെയും കുറിപ്പുകൾ എഴുതാൻ ഒരു സ്കൂൾ അധ്യാപിക തന്റെ വിദ്യാർത്ഥികളോടു നിർദ്ദേശിച്ചു. ദിവസങ്ങൾക്കുശേഷം, രാജ്യത്തിന്റെ മറ്റൊരു ഭാഗത്തുള്ള ഒരു സ്‌കൂളിൽ ഒരു ദുരന്തം നടന്നപ്പോൾ, തങ്ങൾക്കും എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയവും വേദനയും അവർ അനുഭവിച്ചുകണ്ടിരുന്ന വേളയിൽ തങ്ങളുടെ കുറിപ്പുകൾ സഹപാഠികൾക്കു ധൈര്യം പകർന്നു.
തെസ്സലൊനീക്യയിലെ വിശ്വാസികൾക്ക് എഴുതുമ്പോൾ, പ്രോത്സാഹനവും പരസ്പരമുള്ള കരുതലും പൗലൊസിന്റെ മനസ്സിലുണ്ടായിരുന്നു. അവർക്കു സുഹൃത്തുക്കളെ നഷ്ടപ്പെട്ടിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവർക്കു വീണ്ടും ജീവൻ നൽകുന്ന യേശുവിന്റെ വാഗ്ദത്ത തിരിച്ചുവരവിൽ പ്രത്യാശിക്കാൻ പൗലൊസ് അവരെ ഉപദേശിച്ചു (1 തെസ്സലൊനീക്യർ 4:14). അത് എപ്പോൾ സംഭവിക്കുമെന്ന് അവർക്കറിയില്ലെങ്കിലും, വിശ്വാസികൾ എന്ന നിലയിൽ അവൻ മടങ്ങിവരുമ്പോൾ ദൈവത്തിന്റെ ന്യായവിധിയെ ഭയന്നു കാത്തിരിക്കേണ്ടതില്ലെന്ന് അവൻ അവരെ ഓർമ്മിപ്പിച്ചു (5:9). പകരം, അവനോടൊപ്പമുള്ള ഭാവി ജീവിതത്തെ അവർക്ക് ആത്മവിശ്വാസത്തോടെ കാത്തിരിക്കാനും അതിനിടയിൽ “അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മിക വർദ്ധനവരുത്തിയും പോരുവിൻ” (വാ. 11) എന്നും അവൻ അവരെ ഓർമ്മിപ്പിച്ചു.
വേദനാജനകമായ നഷ്ടങ്ങളോ അർത്ഥശൂന്യമായ ദുരന്തങ്ങളോ നാം അനുഭവിക്കുമ്പോൾ, ഭയവും സങ്കടവും നമ്മെ കീഴടക്കുക എളുപ്പമാണ്. എങ്കിലും പൗലൊസിന്റെ വാക്കുകൾ അത് എഴുതപ്പെട്ട കാലത്തെപ്പോലെ ഇന്നും നമുക്കു സഹായകമാണ്. ക്രിസ്തു എല്ലാം പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയോടെ നമുക്കു കാത്തിരിക്കാം. അതിനിടയിൽ, കുറിപ്പുകൾ എഴുതിയോ സംസാരത്തിലൂടെയോ ശുശ്രൂഷ പ്രവർത്തനങ്ങളിലൂടെയോ വെറുമൊരു ആലിംഗനത്തിലൂടെയോ നമുക്കു പരസ്പരം പ്രോത്സാഹിപ്പിക്കാം.
മറ്റുള്ളവർ എങ്ങനെയാണു നിങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടുള്ളത്? ഇന്നു നിങ്ങൾക്ക് എങ്ങനെ മറ്റൊരാളെ പ്രോത്സാഹിപ്പിക്കാൻ കഴിയും?
ഉയിർത്തെഴുന്നേറ്റ യേശുവേ, താറുമാറായ ഈ ലോകത്തിലെ എന്റെ വേദനകൾക്കിടയിലും, പ്രത്യാശയോടും വിശ്വാസത്തോടും കൂടി അങ്ങയെ കാത്തിരിക്കാനും അങ്ങു വീണ്ടും വരുംവരെ എനിക്കു ചുറ്റുമുള്ളവരെ പ്രോത്സാഹിപ്പിക്കാനും എന്നെ സഹായിക്കേണമേ.