പാക്കിസ്ഥാൻ താഴ്‌വരയിലൂടെയുള്ള ഒരു സാധാരണ കേബിൾ കാർ യാത്രയിൽ തുടങ്ങിയതു ഭയാനകമായ ഒരു പരീക്ഷണമായി അവസാനിച്ചു. സവാരി ആരംഭിച്ചു അല്പ സമയത്തിനുള്ളിൽതന്നെ ഉറപ്പിച്ചുകെട്ടിയിരുന്ന രണ്ടു കേബിളുകൾ പൊട്ടിപ്പോയി. സ്കൂൾ കുട്ടികളടക്കം എട്ടു യാത്രക്കാർ നൂറുകണക്കിന് അടി ഉയരെ വായുവിൽ പെട്ടുപോകാൻ ഇതു ഇടയാക്കി. പാക്കിസ്ഥാനി സൈന്യത്തിന്റെ പന്ത്രണ്ട് മണിക്കൂർ നീണ്ട ക്ലേശാവഹമായ രക്ഷാപ്രവർത്തനത്തിന് ഈ സാഹചര്യം കാരണമായി. യാത്രക്കാരെ രക്ഷിക്കാനായി അവർ സിപ്പ്‌ലൈനുകളും ഹെലികോപ്റ്ററുകളും മറ്റു നിരവധി സങ്കേതങ്ങളും ഉപയോഗിച്ചു. 

മികച്ച പരിശീലനം ലഭിച്ച ആ രക്ഷാപ്രവർത്തകർ അഭിനന്ദനം അർഹിക്കുന്നു. എന്നാൽ, പാപത്തിൽ നിന്നും മരണത്തിൽ നിന്നും നമ്മെ രക്ഷിച്ചു വിടുവിക്കാനുള്ള ദൗത്യമായി വന്ന യേശുവിന്റെ നിത്യമായ പ്രവർത്തനത്തിനു മുമ്പിൽ അവരുടെ പ്രവർത്തനം ഒന്നുമല്ലാതാകുന്നു. ക്രിസ്തുവിന്റെ ജനനത്തിനുമുമ്പ്, മറിയയുടെ ഗർഭം “പരിശുദ്ധാത്മാവിൽ” നിന്നായതിനാൽ (മത്തായി 1:18, 20) അവളെ ഭവനത്തിലേക്കു ചേർത്തുകൊള്ളാൻ ഒരു ദൂതൻ ജോസഫിനോടു നിർദ്ദേശിച്ചു. അവൻ “തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു” (വാക്യം 21) യോസേഫിനോടും തന്റെ മകനു യേശു എന്നു പേരിടാൻ പറഞ്ഞു. ഒന്നാം നൂറ്റാണ്ടിൽ ഈ പേരു സാധാരണമായിരുന്നെങ്കിലും, രക്ഷകനാകാനുള്ള യോഗ്യത ഈ ശിശുവിനു മാത്രമായിരുന്നു (ലൂക്കൊസ് 2:30-32). അനുതപിക്കുകയും തന്നിൽ വിശ്വസിക്കുകയും ചെയ്യുന്ന എല്ലാവരുടെയും നിത്യരക്ഷ മുദ്രവെക്കാനും സുരക്ഷിതമാക്കാനുമായി യഥാസമയത്താണു ക്രിസ്തു വന്നത്.

ദൈവത്തിൽ നിന്നുള്ള ശാശ്വത വേർപാടിന്റെ താഴ്‌വരയിൽ മുകളിലായി പാപത്തിന്റെയും മരണത്തിന്റെയും കേബിൾ കാറിൽ കുടുങ്ങിക്കിടക്കുന്നവരാണ് നാമെല്ലാവരും. എന്നാൽ അവന്റെ സ്നേഹത്താലും കൃപയാലും, നമ്മെ രക്ഷിച്ചു നമ്മുടെ സ്വർഗ്ഗീയ പിതാവിന്റെ അടുക്കൽ സുരക്ഷിതമായി ഭവനത്തിലേക്കു കൂട്ടിക്കൊണ്ടു പോകാനായി യേശു വന്നു. അവനെ സ്തുതിപ്പിൻ!