“എനിക്ക് ഒരു അടിയന്തര സാഹചര്യം നേരിട്ടിരിക്കുന്നു. എന്റെ പൈലറ്റ് മരിച്ചിരിക്കുന്നു.” തന്റെ വിമാനം നിരീക്ഷിക്കുന്ന കൺട്രോൾ ടവറിനോട് ഡഗ് വൈറ്റ് പരിഭ്രാന്തിയോടെ ആ വാക്കുകൾ പറഞ്ഞു. പറന്നുയർന്ന് മിനിറ്റുകൾക്കകം, ഡൗഗിന്റെ കുടുംബം ചാർട്ടർ ചെയ്ത സ്വകാര്യ വിമാനത്തിന്റെ പൈലറ്റ് പൊടുന്നനവെ മരണപ്പെട്ടു. അത്ര സങ്കീർണ്ണമല്ലാത്ത വിമാനങ്ങൾ പറത്തുന്നതിൽ വെറും മൂന്ന് മാസത്തെ പരിശീലനം മാത്രമുള്ള ഡഗ് കോക്ക്പിറ്റിലേക്കു പ്രവേശിച്ചു. ഒരു പ്രാദേശിക വിമാനത്താവളത്തിലെ കൺട്രോളർ പറഞ്ഞ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം കേട്ടനുസരിച്ച്, അദ്ദേഹം വിമാനം ലാൻഡ് ചെയ്തു. പിന്നീട്, ഡഗ് പറഞ്ഞു, “വീമാനത്തിനു തീപിടിച്ച് എന്റെ കുടുംബം മരിക്കുന്നതിൽനിന്ന് [അവർ] ഞങ്ങളെ രക്ഷിച്ചു.” 

ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ നമ്മെ ഒറ്റയ്ക്കു സഹായിക്കാൻ കഴിയുന്ന ഒരാൾ നമുക്കുണ്ട്. മോശെ യിസ്രായേൽമക്കളോടു സംസാരിക്കുമ്പോൾ ഇപ്രകാരം പറഞ്ഞു, “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം” (ആവർത്തനപുസ്തകം 18:15). ഈ വാഗ്ദത്തം ദൈവം തന്റെ ജനത്താൻ ഒരുക്കിയ പ്രവാചകന്മാരുടെ ഒരു പിന്തുടർച്ചയിലേക്കു വിരൽ ചൂണ്ടുന്നുവെങ്കിലും അതു മശിഹായെക്കുറിച്ചും സംസാരിക്കുന്നു. ഈ ആത്യന്തിക പ്രവാചകൻ യേശുവാണെന്നു പത്രൊസും സ്തെഫാനൊസും പിന്നീട് പ്രസ്താവിച്ചു (പ്രവൃത്തികൾ 3:19-22; 7:37, 51-56). ദൈവത്തിന്റെ സ്നേഹനിർഭരവും ജ്ഞാനപൂർവുമായ നിർദ്ദേശങ്ങൾ നമ്മോടു പറയാൻ വന്നത് അവൻ മാത്രമാണ് (ആവർത്തനം 18:18).

“ഇവൻ എന്റെ പ്രിയപുത്രൻ; ഇവന്നു ചെവികൊടുപ്പിൻ…” (മർക്കൊസ് 9:7) എന്നു ക്രിസ്തുവിന്റെ ജീവിതകാലത്തു പിതാവായ ദൈവം പറഞ്ഞു. വിവേകത്തോടെ ജീവിക്കാനും ഈ ജീവിതത്തിൽ തകർന്നുവീഴാതിരിക്കാനും തിരുവെഴുത്തുകളിലൂടെയും പരിശുദ്ധാത്മാവിലൂടെയും യേശു സംസാരിക്കുമ്പോൾ നമുക്കു അവനെ കേൾക്കാം. അവനെ ശ്രവിക്കുക എന്നതു നമ്മുടെ ജീവിതത്തിൽ നിർണ്ണായകമാണ്.