തന്റെ പേനയ്ക്കു ഒരു പേരിട്ടു വിളിച്ചുകൊണ്ടു തന്റെ അധ്യാപകനെതിരെ എതിർപ്പു കാണിച്ച ഒരു വിദ്യാർത്ഥിയുടെ സാങ്കൽപ്പിക കുട്ടിക്കഥ ഞാനും എന്റെ മകൻ സേവ്യറും അവൻ ചെറുപ്പമായിരുന്നപ്പോൾ വായിച്ചിട്ടുണ്ട്. താൻ സൃഷ്ടിച്ച പുതിയ പേരു പേനകൾക്ക് ഉപയോഗിക്കാൻ അഞ്ചാം ക്ലാസിലെ തന്റെ സഹപാഠികളുമായി ആ വിദ്യാർത്ഥി ചട്ടംകെട്ടി. പേനയുടെ മറുപേരിനെക്കുറിച്ചുള്ള വാർത്ത നഗരം മുഴുവൻ പരന്നു. മറ്റുള്ളവർ ഒരു ബാലന്റെ നിർമ്മിത യാഥാർത്ഥ്യത്തെ ഒരു സാർവത്രിക സത്യമായി അംഗീകരിച്ചതുകൊണ്ട്, ഒടുവിൽ, രാജ്യത്തുടനീളമുള്ള ജനങ്ങൾ പേനയെ വിളിക്കുന്ന പദം മാറ്റി.
ചരിത്രത്തിലുടനീളം, ന്യൂനതകളുള്ള മനുഷ്യർ തങ്ങളുടെ ആഗ്രഹങ്ങൾക്കനുസൃതമായി സത്യത്തിന്റെ സദാ മാറിക്കൊണ്ടിരിക്കുന്ന പതിപ്പുകളോ വ്യക്തിപരമായ ഇഷ്ടാനുസൃത യാഥാർത്ഥ്യങ്ങളോ സ്വീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, വേദപുസ്തകം ഒരു സത്യത്തിലേക്ക്, ഏക സത്യദൈവത്തിലേക്ക്, രക്ഷയിലേക്കുള്ള ഏക മാർഗത്തിലേക്കു വിരൽ ചൂണ്ടുന്നു – മശിഹാ – അവനിലൂടെ “യഹോവയുടെ മഹത്വം വെളിപ്പെടും” (യെശയ്യാവ് 40:5). സൃഷ്ടിക്കപ്പെട്ട എല്ലാ വസ്തുക്കളെയും പോലെ, മനുഷ്യരും താൽക്കാലികവും തെറ്റുപറ്റുന്നവരും ആശ്രയിക്കാൻ കഴിയാത്തവരുമാണെന്നു യെശയ്യാ പ്രവാചകൻ ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു (വാ. 6-7). “പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും” (വാ. 8) എന്നു അവൻ പറഞ്ഞു.
വരാനിരിക്കുന്ന മശിഹായെക്കുറിച്ചുള്ള യെശയ്യാവിന്റെ പ്രവചനം ആശ്രയയോഗ്യമായ ഒരു അടിത്തറയും സുരക്ഷിതമായ ഒരു സങ്കേതവും ഉറപ്പുള്ള ഒരു പ്രത്യാശയും പ്രദാനം ചെയ്യുന്നു. യേശു തന്നെ വചനമായതിനാൽ നമുക്കു ദൈവവചനത്തിൽ വിശ്വസിക്കാൻ സാധിക്കും (യോഹന്നാൻ 1:1). ഒരിക്കലും മാറാത്ത സത്യമാണ് യേശു.
മറ്റൊരു വീക്ഷണം സത്യമായി മറ്റുള്ളവർ അംഗീകരിച്ചതുകൊണ്ടു വേദപുസ്തകം പറയുന്ന കാര്യങ്ങൾ നിരസിക്കാൻ നിങ്ങൾ എപ്പോഴെങ്കിലും പ്രലോഭിപ്പിക്കപ്പെട്ടിട്ടുണ്ടോ? വചനവും ദൈവത്തിന്റെ എല്ലാ വാഗ്ദാനങ്ങളുടെയും നിവൃത്തിയുമാണു യേശു എന്നതു നിങ്ങളെ എങ്ങനെയാണ് ആശ്വസിപ്പിക്കുന്നത്?
പ്രിയപ്പെട്ട യേശുവേ, ഒരിക്കലും മാറാത്ത സത്യമാണു വേദപുസ്തകം എന്നു ഞാൻ വിശ്വസിക്കുന്നുവെന്നു തെളിയിക്കുന്ന രീതിയിൽ ജീവിക്കാൻ എന്നെ സഹായിക്കേണമേ.