ഫോട്ടോഗ്രാഫർ റോൺ മുറെയ്ക്ക് ശൈത്യ കാലാവസ്ഥ ഇഷ്ടമാണ്. “തണുപ്പ് എന്നാൽ തെളിഞ്ഞ ആകാശം എന്നാണ് അർത്ഥമാക്കുന്നത്,” അദ്ദേഹം വിശദീകരിക്കുന്നു. “വിസ്മയകരമായതിലേക്കു ഒരു ജാലകം തുറക്കാൻ അതിനു കഴിയും!”
ഭൂമിയിലെ ഏറ്റവും ആകർഷകമായ ലൈറ്റ് ഷോയായ അറോറ ബൊറിയാലിസ് (ഉത്തരധ്രുവദീപ്തി) പിന്തുടരുന്നത് ദൗത്യമായി എടുത്തിരിക്കുന്ന അലാസ്കൻ ഫോട്ടോഗ്രാഫി ടൂറുകൾ റോൺ നടത്താറുണ്ട്. “അത്യന്തം ആത്മീയം” എന്നാണ് മുറെ ആ അനുഭവത്തെക്കുറിച്ചു പറയുന്നത്. ആകാശത്ത് ഉടനീളമുള്ള ഈ വർണ്ണോജ്ജ്വലമായ നൃത്ത പ്രദർശനം എപ്പോഴെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ, എന്തുകൊണ്ടാണ് അപ്രകാരം അദ്ദേഹം പറഞ്ഞതെന്നു നിങ്ങൾക്കു മനസ്സിലാകും.
എന്നാൽ ഉത്തര മേഖലകളിൽ മാത്രം കാണുന്ന ഒരു പ്രതിഭാസമല്ല ഇത്. ബോറിയാലിസിനോട് ഏറെക്കുറെ സമാനമായ അറോറ ഓസ്ട്രേലിസ്, അതേ സമയം തന്നെ ദക്ഷിണ മേഖലയിലും അതേ തരത്തിലുള്ള ദീപ്തിയുമായി പ്രത്യക്ഷപ്പെടുന്നു.
ക്രിസ്തുമസ് കഥയെക്കുറിച്ചുള്ള ശിഷ്യനായ യോഹന്നാന്റെ വിവരണത്തിൽ, കാലിത്തൊഴുത്തിനെയും ഇടയന്മാരെയും ഒഴിവാക്കിക്കൊണ്ട് “അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു” (യോഹന്നാൻ 1:4) എന്നു നേരെ പറഞ്ഞു പോകുന്നു. പിന്നീട് ഒരു സ്വർഗീയ നഗരത്തെക്കുറിച്ച് എഴുതുമ്പോൾ, അതിന്റെ പ്രകാശത്തിന്റെ ഉറവിടത്തെക്കുറിച്ചു യോഹന്നാൻ വിവരിക്കുന്നു. ആ “നഗരത്തിൽ പ്രകാശിപ്പാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സു അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാടു അതിന്റെ വിളക്കു ആകുന്നു” (വെളിപ്പാടു 21:23). ആ പ്രകാശ സ്രോതസ്സ് യേശുവാണ് – യോഹന്നാൻ 1-ൽ പരാമർശിച്ചിരിക്കുന്ന അതേ ഉറവിടം. കൂടാതെ, ഈ ഭാവി വാസസ്ഥലത്തു വസിക്കുന്നവർക്ക്, “രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല” (22:5).
ലോകത്തിന്റെ ഈ പ്രകാശത്തെ — അറോറ ബോറിയാലിസും ഓസ്ട്രേലിസും സൃഷ്ടിച്ചവനെ — നമ്മുടെ ജീവിതം പ്രതിഫലിപ്പിക്കുമ്പോൾ വാസ്തവത്തിൽ വിസ്മയകരമായതിലേക്കു നാം ഒരു ജാലകം തുറക്കുന്നു.
എപ്പോൾ അല്ലെങ്കിൽ എങ്ങനെയാണ് പ്രകൃതി അത്ഭുതങ്ങൾ നിങ്ങളെ അമ്പരപ്പിച്ചിട്ടുള്ളത്? ദൈവത്തിന്റെ പ്രകാശം ലോകത്തിലേക്കു പ്രതിഫലിപ്പിക്കുന്നതിൽ നിന്നു നിങ്ങളെ വ്യതിചലിപ്പിക്കുന്നതെന്താണ്?
പ്രിയ പ്രപഞ്ചസ്രഷ്ടാവേ, ലോകത്തിന്റെ യഥാർത്ഥ വെളിച്ചം അങ്ങാണെന്നു രാത്രി ആകാശത്തിന്റെ സൗന്ദര്യം എന്നെ ഓർമ്മിപ്പിക്കുമാറാകേണമേ.