ആശുപത്രി കിടക്കയിൽ കിടക്കുന്ന എന്റെ സുഹൃത്ത് മാർഗരറ്റിന്റെ അരികിൽ ഞാൻ ഇരിക്കുമ്പോൾ, മറ്റ് രോഗികളുടെയും മെഡിക്കൽ സ്റ്റാഫിന്റെയും സന്ദർശകരുടെയും തിരക്കും പ്രവർത്തനവും ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. രോഗിയായ മാതാവിനൊപ്പം അടുത്തിരുന്ന ഒരു യുവതി മാർഗരറ്റിനോടു ചോദിച്ചു, “നിങ്ങളെ നിരന്തരം സന്ദർശിച്ചുകൊണ്ടിരിക്കുന്ന ഇവരെല്ലാം ആരാണ്?” “എന്റെ സഭാകുടുംബത്തിലെ അംഗങ്ങളാണ് അവർ!” അവൾ പ്രതികരിച്ചു. ഇതുപോലൊന്നു താൻ കണ്ടിട്ടില്ലെന്നു യുവതി അഭിപ്രായപ്പെട്ടു; പല സന്ദർശകരും “പ്രകടമായ സ്നേഹം ചൊരിഞ്ഞതുപോലെ” എന്ന് അവൾക്ക് തോന്നി. മാർഗരറ്റ് പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു, “ഇതെല്ലാം തന്റെ പുത്രനായ യേശുക്രിസ്തുവിലൂടെയുള്ള ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിൽ നിന്നു വരുന്നതാണ്!”
തന്റെ അവസാന വർഷങ്ങളിൽ സ്നേഹം നിറഞ്ഞുകവിയുന്ന മൂന്നു ലേഖനങ്ങൾ എഴുതിയ ശിഷ്യനായ യോഹന്നാനെ തന്റെ പ്രതികരണത്തിൽ മാർഗരറ്റ് പ്രതിധ്വനിപ്പിച്ചു. തന്റെ ആദ്യ ലേഖനത്തിൽ അവൻ പറഞ്ഞു, “ദൈവം സ്നേഹം തന്നേ; സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു; ദൈവം അവനിലും വസിക്കുന്നു” (1 യോഹന്നാൻ 4:16). അതായത്, “യേശു ദൈവപുത്രൻ” (വാ. 15) എന്നു അംഗീകരിക്കുന്നവരിൽ “തന്റെ ആത്മാവിലൂടെ” ദൈവം വസിക്കുന്നു (വാ. 13). എപ്രകാരം നമുക്കു മറ്റുള്ളവരെ സ്നേഹപൂർവം പരിപാലിക്കാൻ കഴിയും? “അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു” (വാ. 19).
ദൈവസ്നേഹം എന്ന ദാനം നിമിത്തം, മാർഗരറ്റിനെ സന്ദർശിക്കുന്നത് എനിക്കോ ഞങ്ങളുടെ സഭയിലെ മറ്റുള്ളവർക്കോ ഒരു ബുദ്ധിമുട്ടായി തോന്നിയിരുന്നില്ല. തന്റെ രക്ഷകനായ യേശുവിനെക്കുറിച്ചുള്ള അവളുടെ സൗമ്യമായ സാക്ഷ്യം ശ്രവിക്കുന്നതിലൂടെ, മാർഗരറ്റിൽ നിന്ന് മാത്രമല്ല മറ്റുള്ളവരിൽനിന്നും, ഞാൻ നൽകിയതിനേക്കാൾ കൂടുതൽ എനിക്ക് ലഭിച്ചു. ഇന്നു ദൈവം എങ്ങനെ നിങ്ങളിലൂടെ മറ്റുള്ളവരെ സ്നേഹിക്കും?
നിങ്ങളുടെ ജീവിതത്തിൽ ദൈവസ്നേഹം ആരെങ്കിലും ശ്രദ്ധിക്കുന്നത് എപ്പോഴാണു നിങ്ങളെ ആശ്ചര്യപ്പെടുത്തിയത്? മറ്റുള്ളവരെ ശുശ്രൂഷിക്കാനായി അന്റെ സ്നേഹം നിങ്ങളിൽ എപ്രകാരമാണു പ്രേരണ ചെലുത്തുന്നത്?
സ്നേഹമുള്ള ദൈവമേ, അങ്ങ് എന്നെ ആദ്യം സ്നേഹിച്ചതിനാൽ ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയുടെ ആത്മാവ് എന്നിലൂടെ പ്രകാശിക്കും വിധം ദയവായി, എന്റെ സ്നേഹം വർദ്ധിപ്പിക്കേണമേ.