നാസിയാൻസസിലെ ഗ്രിഗറിയും സിസേറിയയിലെ ബേസിലും നാലാം നൂറ്റാണ്ടിലെ സഭയിലെ പ്രമുഖ നേതാക്കളും അടുത്ത സുഹൃത്തുക്കളും ആയിരുന്നു. തത്ത്വശാസ്ത്ര വിദ്യാർത്ഥികളായാണ് അവർ ആദ്യം കണ്ടുമുട്ടിയത്. തങ്ങൾ “ഒറ്റ ആത്മാവുള്ള രണ്ട് ശരീരങ്ങൾ” ആയിത്തീർന്നു എന്നു പിന്നീടു ഗ്രിഗറി പറയുകയുണ്ടായി.
തങ്ങളുടെ വൈദഗ്ധ്യ മേഖല വളരെ സാമ്യമുള്ളതിനാൽ, ഗ്രിഗറിയും ബേസിലും തമ്മിൽ മത്സരം ഉടലെടുക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നു. എന്നാൽ, തങ്ങളുടെ “ഏക അഭിലാഷം” വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സൽപ്രവൃത്തികളുടെയും ജീവിതം ആക്കിക്കൊണ്ടും അതേത്തുടർന്നു വ്യക്തിപരമായി തന്നെക്കാൾ ഈ ലക്ഷ്യത്തിൽ മറ്റെയാളെ കൂടുതൽ വിജയിപ്പിക്കാൻ അന്യോന്യം “ഉത്സാഹം വർദ്ധിപ്പിച്ചും” അവർ ഈ പ്രലോഭനത്തെ മറികടന്നെന്നു ഗ്രിഗറി വിശദീകരിക്കുന്നു. തൽഫലമായി, ഇരുവരും വിശ്വാസത്തിൽ വളർന്ന്, എതിരാളികളില്ലാത്ത വിധം മഹത്തായ നേതൃത്വത്തിലേക്ക് ഉയർന്നുവന്നു.
“നാം മുറുകെ പിടിച്ചിരിക്കുന്ന പ്രത്യാശയിലും” “സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും അന്യോന്യം ഉത്സാഹം വർദ്ധിപ്പിക്കുന്നതിലും” (എബ്രായർ 10:23-25) ശ്രദ്ധ കേന്ദ്രീകരിക്കാൻ നമ്മെ പ്രോത്സാഹിപ്പിച്ചുകൊണ്ടു വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ നമ്മെ സഹായിക്കാനാണ് (വാ. 2:1) എബ്രായ ലേഖനം എഴുതിയിരിക്കുന്നത്. ഒരു സഭയുടെ പശ്ചാത്തലത്തിലാണ് ഈ കൽപ്പന നൽകിയിരിക്കുന്നതെങ്കിലും (വാ. 25), തങ്ങളുടെ സൗഹൃദത്തിൽ അത് പ്രാവർത്തികമാക്കുന്നതിലൂടെ, എപ്രകാരം വളരാനായി സുഹൃത്തുക്കൾക്കു പരസ്പരം പ്രോത്സാഹിപ്പിക്കാമെന്നും തങ്ങൾക്കിടയിൽ കടന്നുവരാൻ സാധ്യതയുള്ള മത്സരം പോലുള്ള “കയ്പേറിയ വേരുകൾ” ഒഴിവാക്കാമെന്നും ഗ്രിഗറിയും ബേസിലും നമുക്കു കാണിച്ചുതരുന്നു (12:15).
വിശ്വാസം, പ്രത്യാശ, സൽപ്രവൃത്തികൾ എന്നിവ നമ്മുടെ സ്വന്തം സൗഹൃദങ്ങളുടെ അഭിലാഷങ്ങളാക്കി മാറ്റി, വ്യക്തിപരമായി നമ്മെക്കാൾ ഈ ലക്ഷ്യത്തിൽ കൂടുതൽ വിജയിക്കാൻ നമ്മുടെ സുഹൃത്തുക്കളെ പ്രോത്സാഹിപ്പിച്ചാൽ എന്തായിരിക്കും ഫലം? ഇവ രണ്ടും ചെയ്യാൻ നമ്മെ സഹായിക്കാൻ പരിശുദ്ധാത്മാവു തയ്യാറാണ്.
ഗ്രിഗറിയുടെയും ബേസിലിന്റെയും സൗഹൃദത്തിൽ എന്തു ഗുണങ്ങളാണു നിങ്ങൾ കാണുന്നത്? വിശ്വാസത്തിലും പ്രത്യാശയിലും സൽപ്രവൃത്തികളിലും വളരാൻ നിങ്ങളുടെ സുഹൃത്തുക്കളെ നിങ്ങൾക്ക് എപ്രകാരം പ്രോത്സാഹിപ്പിക്കാനാകും?
യേശുവേ, എന്റെ സൗഹൃദങ്ങൾ വിശ്വാസത്തിലും പ്രത്യാശയിലും സൽപ്രവൃത്തകളിലും സമ്പന്നമാക്കേണമേ.