ഞങ്ങളുടെ സഭയിലെ ക്രിസ്തുമസിന്റെ തലേന്നത്തെ ശുശ്രൂഷയിൽ പങ്കെടുക്കുന്നതു ഞാനും എന്റെ ഭർത്താവും എപ്പോഴും ആസ്വദിച്ചിരുന്നു. ഞങ്ങളുടെ വിവാഹത്തിന്റെ ആദ്യ വർഷങ്ങളിൽ, ശുശ്രൂഷയ്ക്കു ശേഷം, ചൂടു വസ്ത്രങ്ങളും ധരിച്ച് അടുത്തുള്ള ഒരു കുന്നിൻ മുകളിലേക്കു കാൽനടയായി പോകുന്ന ഒരു പ്രത്യേക ചടങ്ങു ഞങ്ങൾക്കുണ്ടായിരുന്നു. ആ കുന്നിൻ മുകളിലുള്ള ഉയർന്ന ഒരു വിളക്കുകാലിൽ നക്ഷത്രത്തിന്റെ ആകൃതിയിൽ 350 തിളങ്ങുന്ന വിളക്കുകൾ തൂക്കിയിരുന്നു. അവിടെ—പലപ്പോഴും മഞ്ഞുവീഴ്ചയിൽ—ഞങ്ങൾ നഗരത്തിലേക്കു നോക്കിക്കൊണ്ടു യേശുവിന്റെ അത്ഭുതകരമായ ജനനത്തെക്കുറിച്ചുള്ള ഞങ്ങളുടെ ചിന്തകൾ പരസ്പരം മന്ത്രിക്കുമായിരുന്നു. ആ സമയം നഗരത്തിലെ പലരും താഴ്വരയിൽ നിന്നു തിളങ്ങുന്ന, തൂക്കിയിട്ടിരിക്കുന്ന ആ നക്ഷത്രത്തിലേക്കു നോക്കുന്നുണ്ടായിരിക്കും.
ആ നക്ഷത്രം നമ്മുടെ രക്ഷകന്റെ ജനനത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്. “യെഹൂദന്മാരുടെ രാജാവായി പിറന്നവനെ” തേടി യെരൂശലേമിൽ എത്തിയ “കിഴക്കുനിന്നുള്ള” വിദ്വാന്മാരെക്കുറിച്ച് വേദപുസ്തകം പറയുന്നു (മത്തായി 2:1-2). അവർ ആകാശം നിരീക്ഷിക്കുകയും നക്ഷത്രം കാണുകയും ചെയ്തു (വാ. 2). അവരുടെ യാത്ര അവരെ യെരൂശലേമിൽ നിന്നു ബേത്ത്ലേഹെമിലേക്കു കൊണ്ടുവന്നു. “നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന്നു മീതെ വന്നുനില്ക്കുവോളം അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു” (വാ. 9). അവനെ കണ്ടപ്പോൾ അവർ “വീണു അവനെ നമസ്കരിച്ചു” (വാ. 11).
ആലങ്കാരികമായും (നമ്മെ നയിക്കുന്നവനായി) ആകാശത്തുള്ള സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും സൃഷ്ടിച്ചവനായി അക്ഷരാർത്ഥത്തിലും നമ്മുടെ ജീവിതത്തിൽ പ്രകാശത്തിന്റെ ഉറവിടമാണ് ക്രിസ്തു (കൊലൊസ്സ്യർ 1:15-16). അവന്റെ നക്ഷത്രം കണ്ട് “അത്യന്തം സന്തോഷിച്ച” (മത്തായി 2:10) വിദ്വാന്മാരെപ്പോലെ, നമ്മുടെ ഇടയിൽ വസിക്കാനായി സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്ന രക്ഷകനായി അവനെ അറിയുന്നതിലാണു നമ്മുടെ മഹാസന്തോഷം. “ഞങ്ങൾ അവന്റെ തേജസ്സ്… കണ്ടു” (യോഹന്നാൻ 1:14)!
എങ്ങനെയാണു യേശു നിങ്ങളുടെ ജീവിതത്തിലേക്കു വെളിച്ചം കൊണ്ടുവന്നത്? ഇന്നു നിങ്ങൾ അത് ആരുമായി പങ്കുവയ്ക്കും?
യേശുവേ, എന്റെ ജീവിതത്തിന്റെ വെളിച്ചമായതിനു അങ്ങേയ്ക്കു നന്ദി.