എന്നെയും എന്റെ ഭാര്യയേയും സംബന്ധിച്ചു വളരെ സവിശേഷമായ ഒരു വർഷമായിരുന്നു 2022. ഞങ്ങളുടെ കൊച്ചുമകൾ സോഫിയ ആഷ്ലി – ഞങ്ങളുടെ എട്ട് പേരക്കുട്ടികളിൽ ഏക പെണ്‍കുട്ടി – ജനിച്ച വർഷമായിരുന്നു അത്. സോഫിയയുടെ മുത്തച്ഛനും മുത്തശ്ശിക്കും പുഞ്ചിരി നിർത്താൻ കഴിഞ്ഞില്ല! ഞങ്ങളുടെ മകൻ വീഡിയോയിലൂടെ വിളിക്കുമ്പോൾ, ആവേശം അധികമായി വർദ്ധിക്കുന്നു. ഞാനും ഭാര്യയും വ്യത്യസ്ത മുറികളിലായിരുന്നാലും, സോഫിയയുടെ കാഴ്ച്ച അവൾക്കു ലഭിക്കുന്നുണ്ടെന്ന് അവളുടെ ആഹ്ലാദഭരിതമായ വിളിച്ചുകൂവൽ വെളിപ്പെടുത്തുന്നു. നാം സ്നേഹിക്കുന്ന അകലെയുള്ളവരെ കാണുന്നത് ഇപ്പോൾ ഒരു കോൾ അല്ലെങ്കിൽ ക്ലിക്ക് മാത്രം ദൂരത്താണ്.

നമ്മൾ ഫോണിൽ സംസാരിക്കുന്ന വ്യക്തിയെ കാണാനുള്ള സാങ്കേതികവിദ്യ താരതമ്യേന നവീനമാണെങ്കിലും ദൈവത്തോടൊപ്പമുള്ള മുഖാമുഖ സമയം — അവന്റെ സാന്നിധ്യത്തിലാണു നാം അയിരിക്കുന്നതെന്ന ബോധപൂർവമായ ആത്മാവബോധത്തോടെയുള്ള പ്രാർത്ഥന — പുതിയതല്ല. ഏറ്റവും അടുത്ത മാനുഷിക സുഹൃത്തുക്കളുടെ കഴിവിനപ്പുറമുള്ള സഹായം ആവശ്യമായി വരുന്ന എതിർപ്പിന്റെ നടുവിൽവച്ചുള്ള (വാ. 10-12) സങ്കീർത്തനം 27-ലെ ദാവീദിന്റെ പ്രാർത്ഥനയിൽ ഈ വാക്കുകൾ ഉൾപ്പെടുന്നു: “ “എന്റെ മുഖം അന്വേഷിപ്പിൻ” എന്നു നിങ്കൽനിന്നു കല്പനവന്നു എന്നു എന്റെ ഹൃദയം പറയുന്നു; യഹോവേ, ഞാൻ നിന്റെ മുഖം അന്വേഷിക്കുന്നു” (വാ. 8).

ക്ലേശകരമായ സമയങ്ങൾ “അവന്റെ മുഖം അന്വേഷിക്കാൻ” നമ്മെ നിർബന്ധിക്കുന്നു (വാ. 8). “സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും” “വലതുഭാഗത്ത് എന്നേക്കും പ്രമോദങ്ങളും” (16:11) ഉള്ളവനുമായി മുഖാമുഖ കൂട്ടായ്മയിൽ ആയിരിക്കാൻ കഴിയുന്നതോ അഥവാ ആയിരിക്കേണ്ടതോ ആയ ഒരേയൊരു സമയമല്ല അത്. സൂക്ഷ്മമായി നിങ്ങൾ ശ്രദ്ധിച്ചാൽ, ഏതൊരു സമയത്തും “എന്റെ മുഖം അന്വേഷിപ്പിൻ” എന്ന് അവൻ പറയുന്നതു നിങ്ങൾക്കു കേൾക്കാൻ സാധിക്കും.