എബൗട്ട് ഗ്രേസ് എന്ന നോവലിൽ, തന്നിൽനിന്നു അകന്നുപോയ തന്റെ മകളെ കണ്ടെത്താൻ ഡേവിഡ് വിങ്ക്ലർ ആഗ്രഹിക്കുന്നു. അവനെ സഹായിക്കാൻ കഴിയുന്ന ഒരേയൊരു വ്യക്തി ഹെർമൻ ഷീലർ മാത്രമാണ്. എന്നാൽ അതിൽ ഒരു തടസ്സമുണ്ട്. ഹെർമന്റെ ഭാര്യയുമായുള്ള ഡേവിഡിന്റെ ബന്ധത്തിൽ നിന്നാണു ഡേവിഡിന്റെ മകൾ ജനിച്ചത്. ഇനി ഒരിക്കലും തങ്ങളെ ബന്ധപ്പെടരുതെന്നു ഹെർമൻ അവനു മുന്നറിയിപ്പു നൽകിയിരുന്നു.
താൻ ചെയ്തതിനു ക്ഷമാപണം നടത്തിക്കൊണ്ടു ഡേവിഡ് ഹെർമന് എഴുതുമ്പോഴെക്കും പതിറ്റാണ്ടുകൾ കടന്നുപോയിരുന്നു. “എനിക്ക് എന്റെ മകളെക്കുറിച്ചു അല്പം മാത്രമേ അറിയൂ. അത് എന്റെ ജീവിതത്തിൽ ഒരു വലിയ ശുന്യതയായി അവശേഷിക്കുന്നു,” അവളെക്കുറിച്ചുള്ള വിവരങ്ങൾക്കായി യാചിച്ചുകൊണ്ട് അവൻ കൂട്ടിച്ചേർക്കുന്നു. ഹെർമൻ തന്നെ സഹായിക്കുമോ എന്നറിയാനായി അവൻ കാത്തിരുന്നു.
നമ്മളോടു തെറ്റ് ചെയ്തവരോടു നാം എപ്രകാരം പെരുമാറണം? തന്റെ ശത്രുക്കൾ അത്ഭുതകരമായി തന്റെ കൈകളിൽ ഏല്പിക്കപ്പെട്ടപ്പോൾ യിസ്രായേൽ രാജാവ് ഈ ചോദ്യം നേരിട്ടു (2 രാജാക്കന്മാർ 6:8-20). “ഞാൻ ഇവരെ വെട്ടിക്കളയട്ടെ?” രാജാവ് എലീശാ പ്രവാചകനോടു ചോദിക്കുന്നു. അരുത്, എലീശാ പറയുന്നു. “ഇവർ തിന്നുകുടിച്ചു തങ്ങളുടെ യജമാനന്റെ അടുക്കൽ പോകേണ്ടതിന്നു അപ്പവും വെള്ളവും അവർക്കു കൊടുക്കുക” (വാ. 21-22). കൃപയുടെ ഈ പ്രവൃത്തിയിലൂടെ യിസ്രായേൽ ശത്രുക്കളുമായി സമാധാനം സ്ഥാപിക്കുന്നു (വാ. 23).
ഹെർമൻ ഡേവിഡിന്റെ കത്തിനു മറുപടി നൽകി. അവനെ തന്റെ വീട്ടിലേക്കു ക്ഷണിച്ച്, ഭക്ഷണം പാകം ചെയ്തു നൽകി. അവർ ഭക്ഷിക്കുന്നതിനുമുമ്പ് അവൻ പ്രാർത്ഥിച്ചു, ““കർത്താവായ യേശുവേ, ഇത്രയും വർഷം എന്നെയും ഡേവിഡിനെയും കാത്തുപരിപാലിച്ചതിനു നന്ദി.” മകളെ കണ്ടെത്താൻ ഡേവിഡിനെ അവൻ സഹായിച്ചു. ഡേവിഡ് പിന്നീട് അവന്റെ ജീവൻ രക്ഷിക്കുന്നുമുണ്ട്. ദൈവത്തിന്റെ കരങ്ങളിൽ, നമ്മോടു തെറ്റ് ചെയ്തവരോടുള്ള കൃപ നിറഞ്ഞ നമ്മുടെ പ്രവൃത്തികൾ പലപ്പോഴും നമുക്ക് ഒരു അനുഗ്രഹത്തിനു കാരണമായി ഭവിക്കുന്നു.
മുൻകാലങ്ങളിൽ ആരുടെ കൃപയുടെ പ്രവൃത്തികളാണ് നിങ്ങളെ പ്രചോദിപ്പിച്ചിട്ടുള്ളത്? കൃപയുടെ എന്തു പ്രവൃത്തിയാണ് ആർക്കെങ്കിലും ഇന്നു നിങ്ങൾക്കു നൽകാൻ കഴിയുക?
പ്രിയ യേശുവേ, എന്നോടു തെറ്റു ചെയ്തവരുടെ മേൽ കൃപ ചൊരിയാനുള്ള ജ്ഞാനവും ശക്തിയും ഇന്ന് എനിക്കു നൽകേണമേ.