ഒരു വർഷത്തിലേറെയായി മോട്ടോർ ന്യൂറോൺ രോഗവുമായി മല്ലിടുകയായിരുന്നു ജിം. അവന്റെ പേശികളിലെ നാഡീകോശങ്ങൾ തകരുകയും പേശികൾ ക്ഷയിക്കുകയും ചെയ്യുന്നു. തന്റെ അവയവങ്ങളെ ചലിപ്പിക്കാനുള്ള ശേഷി നഷ്ടപ്പെട്ടിട്ടു, കൈകാലുകളെ നിയന്ത്രിക്കാനുള്ള ശേഷി അവന് ഇല്ലാതായിരിക്കുന്നു. അവന് ഇനി ഷർട്ടിന്റെ ബട്ടൺ ഇടാനോ ഷൂ ലെയ്സു കെട്ടാനോ കഴിയില്ല. ഒരു ജോടി ചോപ്സ്റ്റിക്കുകൾ ഉപയോഗിക്കുക എന്നത് അസാധ്യമായിരിക്കുന്നു. തന്റെ സാഹചര്യത്തോടു മല്ലിട്ടു ജിം ചോദിക്കുന്നു, ഇങ്ങനെ സംഭവിക്കാൻ ദൈവം അനുവദിക്കുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ട് എന്നോട് ഇതു ചെയ്യുന്നു?

തങ്ങളുടെ ചോദ്യങ്ങൾ ദൈവത്തിങ്കലേക്കു കൊണ്ടുവന്ന, യേശുവിൽ വിശ്വസിക്കുന്ന മറ്റു പലരുടേയും സംഘത്തിൽ അവനും ഉൾപ്പെടുന്നു. 13-ാം സങ്കീർത്തനത്തിൽ, ദാവീദ് ഇപ്രകാരം നിലവിളിക്കുന്നു, “യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാൻ കാണാതവണ്ണം മറെക്കും? എത്രത്തോളം ഞാൻ എന്റെ ഉള്ളിൽ വിചാരംപിടിച്ചു എന്റെ ഹൃദയത്തിൽ ദിവസംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്റെ ശത്രു എന്റെമേൽ ഉയർന്നിരിക്കും?” (വാ. 1-2).

നമുക്കും നമ്മുടെ ആശയക്കുഴപ്പങ്ങളും ചോദ്യങ്ങളും ദൈവത്തിങ്കലേക്കു കൊണ്ടുചെല്ലാം. “എത്രത്തോളം?” എന്നും “എന്തുകൊണ്ട്?” എന്നും നാം നിലവിളിക്കുമ്പോൾ അവൻ മനസ്സിലാക്കുന്നു. യേശുവിലൂടെയും പാപത്തിനും മരണത്തിനും മേലുള്ള അവന്റെ വിജയത്തിലൂടെയും തന്റെ ആത്യന്തികമായ ഉത്തരം ദൈവം നമുക്കു നൽകിട്ടുണ്ട്.

നാം ക്രൂശിലേക്കും ശൂന്യമായ കല്ലറയിലേക്കും നോക്കുമ്പോൾ, ദൈവത്തിന്റെ “കരുണയിൽ” (വാക്യം 5) ആശ്രയിക്കാനും അവന്റെ രക്ഷയിൽ സന്തോഷിക്കാനുമുള്ള ആത്മവിശ്വാസം നമുക്കു ലഭിക്കും. ഇരുണ്ട രാത്രികളിൽ പോലും, “യഹോവ… നന്മ ചെയ്തിരിക്കകൊണ്ടു… അവന്നു പാട്ടു” (വാ. 6) പാടാൻ നമുക്കു കഴിയും. ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തിലൂടെ, അവൻ നമ്മുടെ പാപങ്ങൾ ക്ഷമിച്ച്, നമ്മെ തന്റെ മക്കളായി സ്വീകരിക്കുകയും നമ്മുടെ ജീവിതത്തിൽ അവന്റെ നിത്യമായ സദുദ്ദേശ്യം നിറവേറ്റുകയും ചെയ്യുന്നു.