ഒരു പർവതത്തിന്റെ താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ അണക്കെട്ടു സന്ദർശിക്കുന്നതിനായുള്ള ആവേശഭരിതമായ യാത്രയിലായിരുന്നു ഞങ്ങളുടെ കുടുംബം. അവിടെ എത്തിച്ചേർന്നപ്പോൾ ചുട്ടുപൊള്ളുന്ന സൂര്യനു കീഴിലുള്ള വരണ്ട നിലമല്ലാതെ നദിയിൽ വെള്ളത്തിന്റെ ലക്ഷണങ്ങളൊന്നും തന്നെ കാണാൻ സാധിച്ചില്ല. യാത്ര പാഴായെന്നു കരുതി നിൽക്കവേ, രണ്ടു നാട്ടുകാരുമായി ഞങ്ങൾ സംഭാഷണം ആരംഭിച്ചു. അവരിൽ ഒരാൾ ചോദിച്ചു, “എന്തുകൊണ്ടാണു യേശുവിനെ ഒരു ക്രൂശിൽ തറച്ചത്?” അവിടെ തുടങ്ങി, യേശുവിനെക്കുറിച്ച് അവരുമായി പങ്കുവെക്കാനുള്ള ആ അവസരം ഞങ്ങൾ സ്വാഗതം ചെയ്തു.
ദൈവാത്മാവിന്റെ നടത്തിപ്പിൻ പ്രകാരം “തെക്കോട്ട് യെരൂശലേമിൽ നിന്നു ഗസെക്കുള്ള നിർജ്ജനമായ വഴിയിലേക്കു“(വാ. 26) ഫിലിപ്പൊസ് യാത്ര തിരിച്ചു. യാത്രയിൽ അവൻ ഒരു ഐത്യോപ്യക്കാരനായ ഷണ്ഡനെ കണ്ടുമുട്ടി (വാ. 27). ഈ വ്യക്തി തന്റെ നാട്ടിലേക്കു മടങ്ങിപ്പോകുകയായിരുന്നു. “അടുത്തുചെന്നു തേരിനോടു ചേർന്നുനടക്ക” എന്നു ഫിലിപ്പൊസിനു ദൈവാത്മാവിന്റെ പ്രേരണ ലഭിച്ചു. അങ്ങനെ, ഫിലിപ്പൊസ് തേരിന്റെ അടുലേക്കു ചെന്നു, “യെശയ്യാപ്രവാചകന്റെ പുസ്തകം” (വാ. 30) വായിക്കുന്നതു കേട്ടു. “ഇതു പ്രവാചകൻ ആരെക്കുറിച്ചു പറയുന്നു?” (വാ. 34) എന്നു ഷണ്ഡണ്‍ ഫിലിപ്പൊസിനോടു ചോദിച്ചു. ഈ ചോദ്യത്തെ തുടർന്ന്, ഫിലിപ്പൊസിന് യേശുവിനെക്കുറിച്ചു പങ്കുവെക്കാൻ അവസരം ലഭിച്ചു (വാ. 35).
ആരെങ്കിലും യേശുവിനെക്കുറിച്ചു തങ്ങളോടു പങ്കുവയ്ക്കുന്നതും കാത്തു, സത്യത്തെ തേടുന്ന അനേകർ നമുക്കു ചുറ്റുമുണ്ട്. ദൈവത്തിന്റെ നടത്തിപ്പിൻ പ്രകാരം, അവസരങ്ങൾ ലഭിക്കുന്നിടത്തെല്ലാം—ജോലിസ്ഥലത്ത്, ജിമ്മിൽ, കഫേയിൽ, സ്കൂളിൽ അല്ലെങ്കിൽ യാത്ര ചെയ്യുമ്പോൾ—സംഭാഷണങ്ങളിലൂടെ നമുക്ക് അവരോടു യേശുവിനെക്കുറിച്ചു പങ്കുവയ്ക്കാം. യേശുവിനെക്കുറിച്ചുള്ള സംഭാഷണത്തിനു വഴിയൊരുക്കുന്ന ഒരു ചോദ്യം ആര്, എപ്പോൾ ചോദിക്കുമെന്നു നമുക്ക് മുൻകൂട്ടി അറിയാൻ സാധിക്കില്ല. പക്ഷേ, പൗലൊസ് പറയുന്നതുപോലെ, “സമയം തക്കത്തിൽ ഉപയോഗിച്ചുകൊണ്ടു” (കൊലൊസ്സ്യർ 4:5) കൃപയോടുകൂടി എല്ലാവരോടും നാം ഉത്തരം പറയണം. നിങ്ങൾ അനുവദിക്കുമെങ്കിൽ നിങ്ങളിലൂടെ തന്റെ സ്നേഹം പ്രകടമാക്കാൻ ദൈവത്തിനു കഴിയും. മരുഭൂമിയിൽവച്ചു ചോദ്യങ്ങൾ ഉണ്ടാകുമ്പോൾ മറ്റുള്ളവർക്ക് ഉത്തരത്തിനായി സമീപിക്കാൻ കഴിയുന്ന തരത്തിലുള്ള വ്യക്തിയായിരിക്കുക.
യേശുവിനെക്കുറിച്ചു നിങ്ങൾക്കു മറ്റുള്ളവരോടു സംസാരിക്കാൻ കഴിയുന്ന ചില സ്ഥലങ്ങൾ ഏതൊക്കെയാണ്? എങ്ങനെ ദൈവം നിങ്ങളെ മറ്റുള്ളവരിലേക്ക് നയിക്കും?
പ്രിയ യേശുവേ, അങ്ങയെക്കുറിച്ചുള്ള സുവാർത്ത ആവശ്യമുള്ള ഒരാളെ ഇന്ന്
എനിക്കു കാണിച്ചുതരേണമേ. അങ്ങയുടെ ആത്മാവിന്റെ പ്രേരണയോടു
കൂടി പ്രതികരിക്കാനുള്ള അവബോധം എന്നിൽ നിലനിർത്തേണമേ.