സൺഡേസ്കൂളിൽ പങ്കെടുത്തതിനു ശേഷം വീട്ടിലേക്കു മടങ്ങാനായി ഞാൻ ഒരു ബസിൽ കയറി. ബസിന്റെ പുറകിൽ ഇരുന്നിരുന്ന വ്യക്തിയെ ഞാൻ തിരിച്ചറിഞ്ഞു. അദ്ദേഹം ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ കോളേജിന്റെ പുതിയ ഡയറക്ടറാണ്. പൊതുവേ കോളേജ്, സ്കൂൾ വിദ്യാർത്ഥികൾ യാത്രചെയ്യുന്ന ഒരു സാധാരണ ബസിൽ അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. അദ്ദേഹത്തിന്റെ പദവിയിലുള്ള മിക്കവർക്കും ഒരു കാറും ഡ്രൈവറും ഉണ്ടായിരിക്കും. അതിനാൽ, ഞാൻ അദ്ദേഹത്തോട് അതേപ്പറ്റി ചോദിച്ചു: “താങ്കൾ എന്താണു കാറിൽ യാത്ര ചെയ്യാതെ ബസ്സിൽ യാത്ര ചെയ്യുന്നത്?” “ഞാനെന്നും ബസ്സിലാണു യാത്ര ചെയ്യുന്നത്” അദ്ദേഹം മറുപടി പറഞ്ഞു. അദ്ദേഹത്തിന്റെ പുതിയ സ്ഥാനം അദ്ദേഹത്തിന്റെ സാധാരണ പ്രവൃത്തികളിൽ മാറ്റം വരുത്തിയില്ല. തനിക്ക് അർഹതയുണ്ടെന്ന തോന്നലുളവാക്കാൻ തന്റെ പദവിയെ അദ്ദേഹം അനുവദിച്ചില്ല.

ഫിലിപ്പിയ സഭയ്ക്ക് എഴുതിയ ലേഖനത്തിൽ, പൗലൊസ് വിശ്വാസികളോടു താഴ്മയുള്ളവരാകാൻ ആവശ്യപ്പെടുന്നു (വാ. 3). “ശാഠ്യത്താലോ ദുരഭിമാനത്താലോ” (വാ. 3) യാതൊന്നും ചെയ്യരുതെന്ന് അവൻ അവരോടു പറയുന്നു. പകരം, “ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ” (വാ. 5)പരസ്പരമുള്ള അവരുടെ ബന്ധങ്ങളിൽ ഉണ്ടായിരിക്കണം. ആത്യന്തിക പദവി യേശുവിന്റെ പക്കലാണുള്ളത്. അവൻ “ദൈവരൂപത്തിൽ” ഇരുന്നവനായിരുന്നുവെങ്കിലും “ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം” എന്നു വിചാരിച്ചില്ല (വാ. 6). ന്യായമായി തന്റേതായിരുന്നതു മാറ്റിവച്ചുകൊണ്ട് നമുക്കു ഗുണകരമായത് അവൻ ചെയ്തു. അവൻ “ദാസരൂപം” സ്വീകരിച്ചുകൊണ്ട്, മരണത്തോളം പോലും താഴ്മയുള്ളവനും ദൈവത്തോട് അനുസരണയുള്ളവനുമായി നിലകൊണ്ടു (വാ. 7-8). നമ്മുടെ ജോലി, വിദ്യാഭ്യാസം, പ്രായം, സമൂഹത്തിലെ പദവി എന്നിവ മൂലം ചില പ്രത്യേക രീതിയിൽ മറ്റുള്ളവർ നമ്മോടു പെരുമാറാൻ നാം അർഹരാണെന്നു തോന്നുമ്പോൾ, നമ്മുടെ പദവികളും അവകാശബോധവും എപ്രകാരം മാറ്റിവയ്ക്കാമെന്നു യേശു കാണിച്ചുതന്നുവെന്നു നമുക്ക് ഓർക്കാം. അപ്രകാരം ചെയ്യുന്നതു ബുദ്ധിമുട്ടാണെങ്കിൽ പോലും നമ്മുടേതു സ്വന്തം നേട്ടത്തിനായി ഉപയോഗിക്കരുത്. മറിച്ച്, ദൈവത്തോട് അനുസരണമുള്ളവരായിരുന്നുകൊണ്ടു സഹജീവികളോടു താഴ്മയുള്ളവരായിരിക്കുക എന്ന ചിന്താഗതിയാണു നാം സ്വീകരിക്കേണ്ടത്.