കുറെ നാളത്തെ സന്ദർശനോദ്ദേശ്യത്തോടെ 2023-ൽ ഞാൻ ബെംഗളൂരുവിലെത്തി. പക്ഷേ, അപ്രതീക്ഷിതമായി എന്റെ താമസം നീണ്ടുപോകാനിടയായി. എനിക്ക് ആഹാരം തന്നിരുന്ന കുടുംബത്തിന് എന്നെ സഹായിക്കാൻ കഴിയാതെ വന്നപ്പോൾ, ഭക്ഷണം ഞാൻ പുറത്തുനിന്നാക്കി. ഇത് എന്റെ ആരോഗ്യത്തെ ബാധിച്ചു. ഭാഗ്യവശാൽ, ഹ്രസ്വമായി മാത്രം എനിക്കു പരിചയമുള്ള ഒരു കുടുംബം എനിക്കു ഭക്ഷണം നൽകി എന്നെ സഹായിക്കാൻ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞു മുന്നോട്ടു വന്നു. “മറ്റുള്ളവരെ ശുശ്രൂഷിക്കാനും സഹായിക്കാനുമുള്ള ശേഷി ദൈവം ഞങ്ങൾക്കു നൽകിയിട്ടുണ്ട്. ഞങ്ങൾ നല്ല ഗൃഹവിചാരകന്മാരായിരിക്കേണ്ടതുണ്ട്” എന്ന് അവർ പറഞ്ഞു.
ദൈവവചനം വിവിധ സന്ദർഭങ്ങളിൽ ഗൃഹവിചാരകനെക്കുറിച്ചു സംസാരിക്കുന്നുണ്ട്. കൂടാതെ നമ്മൾ “വിശ്വസ്ത ഗൃഹവിചാരകർ” ആയിരിക്കണമെന്നും ആവശ്യപ്പെടുന്നു (ലൂക്കൊസ് 12:42-48). ദൈവം നമുക്കു ധാരാളം വരങ്ങൾ നൽകിയിട്ടുണ്ട്. അവ വിശ്വസ്തതയോടെ ഉപയോഗിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു (1 പത്രൊസ് 4:10). ഈ വരങ്ങൾ ഉപയോഗിച്ച്, മറ്റുള്ളവരെ ശുശ്രൂഷിക്കാനുള്ള ഔത്സുക്യത്തോടെ സ്നേഹം നിറഞ്ഞവരും ഉദാരമതികളും ആയിരിക്കാൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു (വാ. 8-10). നമുക്കുള്ളവ നമുക്കുവേണ്ടി മാത്രമല്ല, മറ്റുള്ളവരുടെ പ്രയോജനത്തിനും കൂടി വേണ്ടിയാണെന്നു വിശ്വസ്തനായ ഒരു ഗൃഹവിചാരകൻ മനസ്സിലാക്കുന്നു. ബെംഗളൂരുവിലെ കുടുംബം എനിക്കായി ചെയ്തത് ഇതാണ്. അവർ തങ്ങളുടെ ശേഷി തിരിച്ചറിഞ്ഞ്, അതനുസരിച്ചു വിശ്വസ്ത ഗൃഹവിചാരകന്മാരായി പ്രവർത്തിച്ചു.
നമുക്കുള്ള കഴിവുകളൊക്കെയും ദൈവത്തിൽ നിന്നുള്ളതാണെന്നു നമുക്ക് ഓർമ്മിക്കാം (വാ. 10). മറ്റുള്ളവരോടുള്ള ബന്ധത്തിൽ നാം വിശ്വസ്ത ഗൃഹവിചാരകർ ആയിരിക്കേണ്ടതിനായി നമുക്കുള്ള വരങ്ങളും വിഭവങ്ങളും അവൻ നമ്മെ ഭരമേൽപ്പിച്ചിരിക്കുന്നു. അതിനാൽ, നാം മനസ്സോടെ പരസ്പരം സഹായം ചെയ്യണമെന്നു ദൈവം ആഗ്രഹിക്കുന്നുവെന്ന് അറിഞ്ഞുകൊണ്ടു നമുക്കു അപ്രകാരം പ്രവർത്തിക്കാം. നമുക്കു ലഭിച്ച വരങ്ങളും സമാനതകളില്ലാത്ത വ്യക്തികളായി നമ്മെ സൃഷ്ടിച്ചതും നമുക്കു മാത്രമല്ല, ആവശ്യമുള്ള മറ്റെല്ലാവർക്കും പ്രയോജനപ്പെടാൻ വേണ്ടിയാണെന്ന് ഓർക്കുക. ദൈവദത്തമായ കൃപകൾക്കും വരങ്ങൾക്കും അനുസൃതമായി നാം മറ്റുള്ളവർക്കു നന്മ ചെയ്യുമ്പോൾ, നാം അവരുടെ വിശ്വസ്ത ഗൃഹവിചാരകന്മാരായിത്തീരുന്നു.
നിങ്ങൾക്കുള്ള ചില കഴിവുകൾ എന്തെല്ലാമാണ്? ആരെയെങ്കിലും
ഇന്നു സഹായിക്കാനായി നിങ്ങളുടെ വരങ്ങളോ താലന്തുകളോ
കഴിവുകളോ എങ്ങനെ ഉപയോഗപ്പെടുത്താൻ കഴിയും?
ദൈവമേ, പരസ്പരം ശുശ്രൂഷിക്കുന്നതിനായി ഞങ്ങൾക്കു വിവിധങ്ങളായ വരങ്ങൾ നൽകിയതിനു നന്ദി. എന്നെ ഭരമേൽപ്പിച്ച വരങ്ങളുടെയും വിഭവങ്ങളുടെയും താലന്തുകളുടെയും വിശ്വസ്ത ഗൃഹവിചാരകനായിരിക്കാൻ എന്നെ സഹായിക്കേണമേ.