50-കളിലും 60-കളിലും, ഓവർലാൻഡ് ബസ് റൂട്ടായ “ദി ഹിപ്പി ട്രെയിൽ” യൂറോപ്പിനെ ഏഷ്യയിലെ ആകർഷകമായ സ്ഥലങ്ങളുമായി ബന്ധിപ്പിച്ചു. “പാഡി” എന്നു വിളിപ്പേരുള്ള വിരമിച്ച ഒരു ഇംഗ്ലീഷ് സൈനികൻ ഈ റൂട്ടിൽ ഒരു ബസ് ഓടിച്ചുകൊണ്ട് ഇന്ത്യയിലേക്കുള്ള തന്റെ പതിവു സന്ദർശനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ തീരുമാനിച്ചു. “ദി ഇൻഡ്യാമാൻ” എന്നു വിളിക്കപ്പെട്ട ബസ് ലണ്ടനിൽ നിന്നു കൽക്കട്ടയിലേക്കും തിരിച്ചു ലണ്ടനിലേക്കും സഞ്ചരിച്ചു. യാത്രയുടെ തുടക്കത്തിൽ ആവേശത്തോടെ ബസിൽ കയറിയ യാത്രക്കാർ, 60 ദിവസത്തെ യാത്രക്കൊടുവിൽ കഠിനമായ കഴുത്തു വേദനയോടും മുട്ടു വേദനയോടും കൂടിയായിരിക്കും ബസിൽ നിന്ന് ഇറങ്ങുക. പൂർണ്ണമായും ക്ഷീണിതരായി തീരുന്ന അവർ സാധാരണയായി അടുത്ത ബസിൽ തന്നെ നാട്ടിലേക്കു മടങ്ങാൻ തയ്യാറായിരുന്നു.
ഉത്സാഹിയായ ഒരു പ്രവാചകനായിരുന്നു ഏലീയാവ്. തന്റെ പ്രവചന പ്രയാണത്തിന്റെ തുടക്കത്തിൽ അവൻ വളരെ പ്രചോദിതനായിരുന്നു. എന്തുവിലകൊടുത്തും അവൻ ദൈവത്തെ അനുസരിച്ചു. ദുഷ്ട രാജാവായ ആഹാബിനെയോ അവന്റെ രാജ്ഞിയായ ഈസേബെലിനെയോ എതിർക്കാൻ അവൻ മടി കാണിച്ചില്ല. എന്നാൽ കുറച്ചു കാലത്തിനു ശേഷം ഏലീയാവിന് അപ്രകാരം തുടരാൻ കഴിയാതെ വന്നു. ഈസേബെലിന്റെ പ്രവാചകന്മാരെ കൊന്നതിന് അവൾ ഏലീയാവിന്റെ ജീവനു ഭീഷണി മുഴക്കിയതോടെ അവനു ഗത്യന്തരമില്ലാതെയായി (വാ. 2). ശാരീരികമായും വൈകാരികമായും തളർന്ന അവൻ ഇപ്രകാരം പ്രാർത്ഥിച്ചു, “ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ” (വാ. 4). ക്ഷീണിതനായി ഒരു മരച്ചുവട്ടിൽ തളർന്ന് ഉറങ്ങുമ്പോൾ, അവനെ ആർദ്രയോടെ ധൈര്യപ്പെടുത്താനും ഭക്ഷണം നൽകാനുമായി ദൈവം ഒരു ദൂതനെ അയച്ചു (വാ. 5-7). ഒരിക്കൽ കൂടി ശക്തി പ്രാപിച്ച ഏലീയാവ് ഹോരേബിലേക്കു ദിവസങ്ങളോളം നടന്നു (വാ. 8).
ഏലീയാവിനും “ദി ഇൻഡ്യാമാൻ” യാത്രികർക്കും അനുഭവപ്പെട്ട ക്ഷീണം നിങ്ങൾ മനസ്സിലാക്കാൻ കഴിയുന്നുണ്ടാകാം. നിരാശ, പരാജയം, നഷ്ടം, വിഷാദം എന്നിവയുടെ കഠിന പാതകളിലൂടെ സഞ്ചരിക്കുമ്പോൾ നാമും ക്ഷീണിതരും ആശയറ്റവരുമായി തീരുന്നു. എന്നാൽ നമ്മുടെ നിരാശയുടെ ആഴമേറിയ നിമിഷങ്ങളിൽ, നാം ദൈവത്തിന്റെ കാഴ്ചയ്ക്കു മറഞ്ഞിരിക്കുന്നില്ലെന്ന കാര്യം നാം ഒരിക്കലും മറക്കരുത്. അവൻ നമ്മുടെ ആവശ്യങ്ങളെ അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നു. അവന്റെ സഹായം വിദൂരമല്ല.
ജീവിതയാത്രയിൽ നിങ്ങൾ ഇത്തരം ക്ഷീണം അനുഭവിച്ചിട്ടുണ്ടോ?
നിങ്ങൾ ക്ഷീണിതനായിരിക്കുമ്പോൾ ദൈവം നിങ്ങളെ
ഉയർത്തിയ ചില വഴികൾ എന്തൊക്കെയാണ്?
പ്രിയ യേശുവേ, എന്റെ പ്രയാണത്തിൽ ഞാൻ ശക്തി കണ്ടെത്തുന്നത് അങ്ങയിൽ മാത്രമാണെന്നതിനാൽ എന്റെ തളർച്ചയ്ക്കിടയിലും അങ്ങയുടെ അചഞ്ചല സാന്നിധ്യത്തെക്കുറിച്ചു ബോധവാനായിരിക്കാൻ എന്നെ സഹായിക്കേണമേ.