എന്റെ അമേരിക്കൻ സുഹൃത്തായ കരോൾ 2016-ൽ ആദ്യമായി ഇന്ത്യ സന്ദർശിക്കുകയുണ്ടായി. അവളുടെ സന്ദർശനത്തിനു മുമ്പ്, ഇവിടുത്തെ വൈവിധ്യമാർന്ന സംസ്കാരങ്ങൾ, പാചകരീതികൾ, ഭാഷകൾ എന്നിവയെക്കുറിച്ചെല്ലാം അവൾ കേട്ടിരുന്നു. എന്നിരുന്നാലും, ബെംഗളൂരുവിൽ നടന്ന ഒരു കോൺഫറൻസിൽ പങ്കെടുത്തപ്പോൾ, വൈവിധ്യമാർന്ന സംസ്കാരങ്ങളോടും പശ്ചാത്തലങ്ങളോടും കൂടിയ, ഇന്ത്യയുടെ എല്ലാ കോണുകളിൽ നിന്നുമുള്ള മനുഷ്യർ സ്നേഹമുള്ള ഒരു സമൂഹം രൂപീകരിക്കുന്നതു കണ്ട് അവൾ ആശ്ചര്യപ്പെട്ടു. ദൈവം മനുഷ്യരെ എങ്ങനെ ഒന്നിപ്പിക്കുന്നുവെന്നു കരോൾ കണ്ടു. 

ഒരു സമൂഹമെന്ന നിലയിൽ ഐക്യത്തോടെ ജീവിക്കുന്നതിന്റെ നേട്ടമെന്താണെന്ന് ആദ്യകാല വിശ്വാസികൾ തിരിച്ചറിഞ്ഞു. “അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രാർത്ഥന കഴിച്ചും പോന്നു” (വാ. 42) എന്നു ലൂക്കൊസ് എഴുതുന്നു. അവർ വിവിധ പട്ടണങ്ങളിൽ നിന്നും പശ്ചാത്തലങ്ങളിൽ നിന്നും വന്നവരായിട്ടും, അവർ ഒരുമിച്ചു വസിച്ചു. അവരുടെ സമൂഹത്തെ മനോഹരമാക്കിയ ചില കാര്യങ്ങൾ അവരുടെ ദൈനംദിന പ്രവർത്തനങ്ങളായിരുന്നു. അപ്പൊസ്തലന്മാരിൽനിന്നു പഠിക്കാനും പരസ്പരം സമയം ചെലവഴിക്കാനും കർത്താവിന്റെ തിരുവത്താഴം ആഘോഷിക്കാനും ഒരുമിച്ചു പ്രാർത്ഥിക്കാനും അവർ പ്രതിജ്ഞാബദ്ധരായിരുന്നു (വാ. 42). ദൈവത്തെ സ്തുതിച്ചുകൊണ്ട് അവർ തങ്ങളുടെ വിഭവങ്ങൾ പങ്കുവെക്കുകയും “ഉല്ലാസവും ഹൃദയപരമാർത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും” ചെയ്തു (വാ. 44-46). തൽഫലമായി, ദിനന്തോറും പുതിയ വ്യക്തികളെ ദൈവം അവരുടെ സമൂഹത്തിലേക്കു ചേർത്തുകൊണ്ടിരുന്നു (വാ. 47).

യേശുവിന്റെ ആദ്യകാല അനുയായികൾ നമുക്കു സമൂഹത്തിന്റെ ഒരു മാതൃക നൽകുന്നു. ദാരിദ്ര്യത്തിനും പീഡനത്തിനും മരണത്തിനും നടുവിൽ പരസ്പരം പങ്കുവയ്ക്കുന്നതിലൂടെ ഒരു സമൂഹമായിരിക്കുക എന്നത് എന്താണെന്ന് അവർ കാണിച്ചുതന്നു. സഭാ ശുശ്രൂഷകളിലോ കൂട്ടായ്മാ സമ്മേളനങ്ങളിലോ മാത്രമല്ല, നമ്മുടെ വീക്ഷണങ്ങൾ യോജിക്കുമ്പോൾ മാത്രമല്ല, ക്രിസ്തുവിലൂടെ എല്ലായ്പ്പോഴും ഐക്യപ്പെടാൻ നമ്മെയും വിളിച്ചിരിക്കുന്നു. ക്രിസ്തു കേന്ദ്രീകൃതമായ നമ്മുടെ ഐക്യം നാം സാക്ഷ്യപ്പെടുത്തുമ്പോൾ, നമ്മുടെ സ്നേഹസമൂഹത്തിലേക്കു ദൈവം പുതിയ വ്യക്തികളെ കൊണ്ടുവരും.