തമിഴ് സംസ്കാരത്തിൽ ഇലകളും സസ്യങ്ങളും വളരെ പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കുന്നു, പ്രത്യേകിച്ച് ആഘോഷങ്ങളിൽ. അതിഥികളെ സ്വാഗതം ചെയ്യുന്നതിനായി വിവാഹ വേദികളുടെ പ്രവേശന കവാടത്തിൽ മിന്നുന്ന വിളക്കുകൾകൊണ്ട് അലങ്കരിച്ച വാഴകൾ സ്ഥാപിക്കാറുണ്ട്. വാതിലുകളെ അലങ്കരിക്കാൻ മാലപോലെ കോർത്ത മാവിലകൾ ഉപയോഗിക്കുന്നു. വർണ്ണാഭമായ, ബഹുവിധ വിഭവങ്ങളടങ്ങിയ ഊണു വിളമ്പാൻ വാഴയില ഒരു പ്ലേറ്റായി ഉപയോഗിക്കുന്നു. തെങ്ങോലകൾ അലങ്കാരമായി ഉപയോഗിക്കുന്നു.

യെഹൂദ്യയിലെ ആഘോഷങ്ങളിലും ഇലകൾ ഒരു സുപ്രധാന പങ്കു വഹിച്ചിരുന്നതായി കാണപ്പെടുന്നു. യേശു കഴുതപ്പുറത്തേറി യെരൂശലേമിൽ പ്രവേശിച്ചപ്പോൾ പെസഹാ പെരുന്നാൾ പുരോഗമിക്കുകയായിരുന്നു. ഈജിപ്തിൽ നിന്നു തങ്ങൾ നേടിയ മോചനം ആഘോഷിക്കാൻ ലോകമെമ്പാടുമുള്ള യെഹൂദന്മാർ ഒത്തുകൂടുന്ന ഒരു സമയമായിരുന്നു അത്. ആഘോഷത്തിന്റെയും ഐക്യത്തിന്റെയും അടയാളമായി ഈന്തപ്പനയുടെ കുരുത്തോലകൾ ഉപയോഗിക്കുന്നത് ഒരു പാരമ്പര്യമായിരുന്നു. റോമിന്റെ ഉരുക്കുമുഷ്ടിക്കു കീഴിൽ, വളരെക്കാലം മുമ്പു മോശെ ചെയ്തതുപോലെ ഒരിക്കൽ കൂടി തങ്ങളെ രക്ഷിക്കുവാനായി വരുന്ന ഒരു മശിഹായ്ക്കായി യെഹൂദന്മാർ കാത്തിരുന്നു. അങ്ങനെ, നസറെത്തിൽ നിന്നുള്ള, അത്ഭുതപ്രവൃത്തികൾ ചെയ്യുന്ന, യേശു കഴുതപ്പുറത്തേറി വന്നപ്പോൾ അതവരിലെ പ്രത്യാശയെ ജ്വലിപ്പിച്ചു (വാ. 37). അവർ കുരുത്തോലകളുമായി വന്ന്, “ഞങ്ങളെ രക്ഷിക്കേണമേ” എന്നർത്ഥം വരുന്ന “ഹോശന്നാ” എന്നു ആർത്തുകൊണ്ടു കുരുത്തോലകൾ വീശി (മത്തായി 21:8-9). ആത്മാക്കളുടെ വീണ്ടെടുപ്പുകാരനായ തന്റെ പുത്രനിലൂടെ “തങ്ങളുടെ ആത്മാക്കളെ രക്ഷിക്കാനുള്ള” അവരുടെ ആഗ്രഹം ദൈവം അക്ഷരാർത്ഥത്തിൽ അനുവദിച്ചുകൊടുത്തു. 

എന്തിൽ നിന്നാണു നമുക്കു രക്ഷ നേടേണ്ടത് എന്നതിനെ സംബന്ധിച്ചു പലപ്പോഴും നമുക്കറിയില്ല. നമ്മുടെ സാമ്പത്തികമോ ശാരീരികമോ വൈകാരികമോ ആയ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാൽ നാം രക്ഷിക്കപ്പെടുമെന്നു നമുക്കു തോന്നിയേക്കാം. എന്നാൽ നമുക്ക് ആവശ്യമായ യഥാർത്ഥ രക്ഷ നമ്മുടെ ആത്മാക്കളെ സംബന്ധിച്ചുള്ളതാണ്. വിണ്ടെടുപ്പിനുള്ള തന്റെ അധികാരത്തെയും സ്നേഹത്തെയും കാണിക്കാനാണ് യേശു മനുഷ്യരൂപത്തിൽ വന്നത് (ലൂക്കൊസ് 19:10). ഒരു രക്ഷകനെ ആവശ്യമുള്ള മറ്റുള്ളവരുടെ ആത്മാക്കളെയും നമ്മിലൂടെ രക്ഷിക്കാനായി ക്രൂശിലെ തന്റെ യാഗത്തിലൂടെ അവൻ നമ്മുടെ ആത്മാവിനെ വീണ്ടെടുത്തു.