ഗൗരവിനു തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. “എന്തുകൊണ്ടാണ് വെള്ള വസ്ത്രം ധരിച്ച ഈ പാവം അമ്മാവനെ അവർ അടിക്കുന്നത്?” പട്ടാളക്കാരുടെ വേഷം ധരിച്ചവരുടെ ചാട്ടവാറടി ഏറ്റുകൊണ്ടു, കൃത്രിമ രക്തം ഇറ്റിറ്റു വീഴുന്ന ശരീരത്തോടെ യേശുവിന്റെ വേഷം ധരിച്ച ഒരാളെ തെരുവിലൂടെ നടത്തുന്നതു കണ്ടപ്പോൾ അവൻ ചിന്തിച്ചു. പള്ളിയുടെ ദുഃഖവെള്ളി ഘോഷയാത്രയായിരുന്നു അത്. എന്നാൽ ഗൗരവിന് ഉൾക്കൊള്ളാൻ കഴിയുന്നതിനപ്പുറമായിരുന്നു ഈ രംഗം. ഡൗൺ സിൻഡ്രോമുള്ള കുട്ടിയായിരുന്നു ഗൗരവ്. അവന്റെ ഈ അവസ്ഥ അവനെ മറ്റുള്ളവരെക്കാൾ ഉത്കണ്ഠയും അനുകമ്പയും ഉള്ളവനാക്കിത്തീർത്തു. അമ്മയുടെ സാരിയിൽ മുഖം പൂഴ്ത്തിയ അവന്റെ ഹൃദയം അനുകമ്പയാൽ നിറഞ്ഞിരുന്നു. “മമ്മീ, ദയവായി അവരോടു നിർത്താൻ പറ!” എന്ന് അവൻ വിലപിച്ചു.

ഗൗരവിനെപ്പോലെ മനസ്സലിവുള്ളവരായിരിക്കാനാണു നമ്മെ വിളിച്ചിരിക്കുന്നത്. ചിലർക്ക് മനസ്സലിവ് അനായാസേന വരുമെങ്കിലും, ബാക്കിയുള്ളവർ അതിനായി പരിശ്രമിക്കേണ്ടതായി വരുന്നു. അവരുടെ പഴയ ജീവിതരീതി “വിട്ടുകളവിൻ” എന്നു കൊലൊസ്സ്യ സഭയ്ക്കു ശക്തമായ പ്രേരണ ലഭിച്ചു. മലിനമായതും വൃത്തികെട്ടതുമായ ഒരു വസ്ത്രം വലിച്ചെറിയുന്നതുപോലെ, കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം (വാ. 8) എന്നിവ ഉൾപ്പെടെയുള്ള അവരുടെ ഭൗമിക സ്വഭാവം ഉപേക്ഷിക്കാൻ അവരോട് ആവശ്യപ്പെട്ടു. പകരം, “കൃപയും കരുണയും” നിറഞ്ഞ അവരുടെ സ്രഷ്ടാവിനെ പ്രതിഫലിപ്പിക്കുന്ന (സങ്കീർത്തനം 145:8) മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവയുടെ ഗുണങ്ങൾ ധരിക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു (വാ. 12).

മനസ്സലിവ്, ദയ, താഴ്മ, സൗമ്യത എന്നിവ ഇന്നത്തെ ലോകത്തു പലപ്പോഴും ബലഹീനതകളായി കണക്കാക്കപ്പെടുന്നു. എന്നാൽ മറ്റുള്ളവർ നമ്മിൽ കാണേണ്ടതും അനുഭവിക്കേണ്ടതും ഇതാണ് (വാ.12). സഹപ്രവർത്തകർ, അയൽക്കാർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ എന്നിവരുമായുള്ള നമ്മുടെ ദൈനംദിന ഇടപെടലുകളിൽ, ഈ ഗുണങ്ങളോടുകൂടി പ്രതികരിക്കുന്നത് എല്ലായ്പ്പോഴും എളുപ്പമല്ല. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ശരിയായി പ്രതികരിക്കാൻ നാം മനപ്പൂർവ്വമായി തീരുമാനമെടുക്കണം. കാരണം, ഈ വിധത്തിലാണ് നാം ക്രിസ്തുവിന്റെ ശിഷ്യന്മാരാണെന്നു ലോകം അറിയുന്നത്.