എന്റെയൊരു സുഹൃത്ത് താൻ ചെയ്തുകൊണ്ടിരുന്ന ഒരു വാട്ടർ കളർ പെയിന്റിംഗ് എനിക്കു കാണിച്ചുതന്നപ്പോൾ, ക്യാൻവാസിലെ ചിത്രം വെല്ലൂർ കോട്ടയുടെ ഒരു മതിലാണെന്നു ഞാൻ തിരിച്ചറിഞ്ഞു. ഞാനൊരു ചിത്രകാരനല്ലെങ്കിലും, ആരെങ്കിലും ഒരു മതിലിനു ചായമിടുകയാണെങ്കിൽ, അതിനു മുഴുവൻ ഒരേ നിറമടിക്കുമെന്നായിരുന്നു ഞാൻ സങ്കൽപ്പിച്ചിരുന്നത്. എന്നാൽ, അവളുടെ മതിൽ അതിമനോഹരമായി ബഹുവർണ്ണം ചാലിച്ചതായിരുന്നു. ഒരു കല്ലിനു ചെമ്മണിന്റെ നിറമായിരുന്നെങ്കിൽ, മറ്റൊന്നിനു ഓറഞ്ചു നിറം. പായൽ നിറഞ്ഞ പച്ചനിറവും മാതളനാരങ്ങയുടെ പർപ്പിൾ നിറവും പോലും ഉണ്ടായിരുന്നു. ഈ നിറങ്ങളിൽ ആകൃഷ്ടനായി ഞാൻ ചോദിച്ചു, “ഈ മതിലെങ്ങനെ വ്യത്യസ്തമായി തീർന്നു?” അവൾ മറുപടി പറഞ്ഞു, “കാരണം ഓരോ കല്ലും ഒരോ പാറയിൽ നിന്നാണു വരുന്നത്, അതിനാൽ ഓരോന്നിനും വ്യത്യസ്ത നിറമാണുള്ളത്.” അതിനുശേഷം, എപ്പോഴെല്ലാം ഞാനൊരു കന്മതിൽ കാണുന്നുവോ, അപ്പോഴെല്ലാം നിരവധിയായ അതിന്റെ കല്ലുകളുടെ ഘടനയും നിറഭേദവും ആകൃതിയും ശ്രദ്ധിക്കാതിരിക്കാൻ എനിക്കു കഴിയാതെ പോകുന്നു.

പത്രൊസ് നമ്മെ “ജീവനുള്ള കല്ലുകൾ” (വാ. 5) എന്നു വിളിക്കുന്നു. എന്റെ സുഹൃത്തിന്റെ പെയിന്റിംഗിലെ കല്ലുകൾ പോലെ, നാമെല്ലാവരും അതുല്യരാണ്. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള നാം വൈവിധ്യമാർന്ന അനുഭവങ്ങളുള്ളവരാണ്. എന്നാൽ നിർമ്മാണ പദ്ധതിയിൽനിന്നു ഒഴിവാക്കപ്പെട്ട ഒരു കല്ലു പോലെ നാം ഒറ്റപ്പെട്ടു ജീവിക്കണമെന്ന് ഇതിനർത്ഥമില്ല. മറിച്ച്, ദൈവം നമ്മെ ഓരോരുത്തരെയും തിരഞ്ഞെടുത്തു നമ്മെ ഒരുമിച്ചു കൊണ്ടുവന്നു (വാ. 4). ഒരൊറ്റ കല്ല് ഒറ്റയ്ക്ക് ഒരു മതിൽ സൃഷ്ടിക്കില്ലെങ്കിലും, ദൈവം നമ്മെ ഒരുമിച്ചു കൊണ്ടുവരുമ്പോൾ, അവൻ നമ്മെ “ആത്മികഗൃഹമായി” (വാ. 5) നിർമ്മിക്കുന്നു. മൂലക്കല്ലായ യേശുവിനാൽ ഐകമത്യപ്പെട്ടുകൊണ്ട്, “തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും” (വാ. 5-9) ആയി നാം മാറുന്നു. നിരസിക്കപ്പെട്ടതായോ എവിടെയെങ്കിലും ചേർന്നുപോകാൻ കഴിയാത്ത വിധം വ്യത്യസ്തമായോ തോന്നുമ്പോൾ (വാ. 11-12), പത്രൊസ് പറയുന്നത് ഓർക്കുക: “അവനിൽ (യേശുവിൽ) വിശ്വസിക്കുന്നവൻ ലജ്ജിച്ചുപോകയില്ല” (1 പത്രൊസ് 2:6). താൻ പണിയുന്നതിന്റെ ഭാഗമാകാൻ ദൈവം യേശുവിലൂടെ നമ്മെ തിരഞ്ഞെടുത്തു (വാ. 5). നമ്മുടെ അതുല്യത ദൈവത്തിന്റെ സമൂഹത്തിൽ തികച്ചും യോജിക്കുന്നു.