നീലഗിരി മലനിരകളിൽ കയറുമ്പോൾ യൂക്കാലിപ്റ്റസിന്റെ സുഖദായകമായ ഗന്ധം നിങ്ങളുടെ ഇന്ദ്രിയങ്ങളിൽ നിറയും. എന്നാൽ യൂക്കാലിപ്റ്റസ് ഈ കുന്നുകളിലെ തനതു സസ്യമല്ലെന്നു നിങ്ങൾക്കറിയാമോ? ഇംഗ്ലീഷ് വ്യാപാരികൾക്കു വേനൽക്കാല മാസങ്ങൾ സഹിക്കാനാവുന്നതാക്കി മാറ്റാൻ കൊളോണിയൽ കാലത്തു നട്ടുപിടിപ്പിച്ച ഒരു അധിനിവേശ സസ്യമാണിത്. ഇതിന്റെ വിഷമുള്ള ഇലകൾ മൃഗങ്ങൾക്കു കഴിക്കാൻ കഴിയാത്തതിനാൽ, നിർദോഷമെന്നു തോന്നാവുന്ന ആ പ്രവൃത്തി ഇപ്പോൾ പരിസ്ഥിതിയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. തീറ്റ തേടിയലഞ്ഞ്, ഈ മൃഗങ്ങൾ വയലുകളെയും വിളകളെയും ആക്രമിക്കുന്നു. അതിൽ പ്രകോപിതരാകുന്ന കർഷകർ മൃഗങ്ങളെ തിരിച്ച് ആക്രമിക്കുന്നു. തദ്ദേശീയ ഇനം സസ്യങ്ങളെ പുനരവതരിപ്പിക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ നടക്കുന്നുണ്ടെങ്കിലും, പഴയ കാല തെറ്റുകൾ ഇപ്പോഴും വിനാശകരമായ പ്രത്യാഘാതങ്ങൾ വരുത്തിവയ്ക്കുന്നു.

ജഡത്തിന്റെ മോഹം നിവർത്തിക്കുന്നതിനു എതിരെ ഗലാത്യ ലേഖനത്തിന്റെ എഴുത്തുകാരൻ മുന്നറിയിപ്പു നൽകുന്നു (വാ. 16). ദുർന്നടപ്പ്, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്ത് (വാ. 19-21) എന്നിവയെ ജഡത്തിന്റെ മോഹങ്ങളായി അവൻ നിർവചിക്കുന്നു. ഒരു ജൈവാധിനിവേശത്തെപ്പോലെ, നിരുപദ്രവകരമെന്നു തോന്നാവുന്ന ഈ പാപങ്ങൾ നമ്മിൽ വേരുറപ്പിച്ച്, ഒടുവിൽ വളരെയധികം ദോഷം നമുക്കു ചെയ്യുന്നു. എങ്കിലും, “ആത്മാവിനെ അനുസരിച്ചു” (വാ. 16) നടന്നാൽ നമുക്കതിനെ മറികടക്കാൻ കഴിയുമെന്ന് അവൻ ഉറപ്പുനൽകുന്നു. അങ്ങനെ നാം സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത എന്നിവയുടെ ഫലങ്ങൾ കായ്ക്കും (വാ. 22-23). പാപത്തിന്റെ അധിനിവേശോത്സുകമായ പ്രത്യാഘാതങ്ങളെ നിങ്ങൾ നേരിടുമ്പോൾ, നമുക്കു പ്രത്യാശയുണ്ടെന്നത് ഓർക്കുക. നേരായ പാതയിൽ നടക്കാൻ നമ്മെ സഹായിക്കാൻ യേശു നമുക്കായി അയച്ചതന്ന ആത്മാവിനു കഴിയും (2 കൊരിന്ത്യർ 5:5). ജഡവും ആത്മാവും എപ്പോഴും വിരോധമായിരിക്കുന്നു എന്നതിനാൽ ആദ്യം അതു ബുദ്ധിമുട്ടായിരിക്കാം (വാ. 17). എന്നാൽ യേശുവിൽ നമുക്കു പാപത്തിന്റെ അധിനിവേശത്തെ മറികടക്കാൻ സാധിക്കും.