നിരുത്സാഹപ്പെടുകയോ നിരാശപ്പെടുകയോ ചെയ്യുമ്പോൾ, എന്റെ വീടിന്റെ മേൽക്കൂരയിലേക്കു ഞാൻ പോകുമായിരുന്നു. അവിടെ എനിക്കു സ്വതന്ത്രമായി പ്രാർത്ഥിക്കാനും കണ്ണുനീർ പൊഴിക്കാനും കഴിയും. പക്ഷേ, രാത്രിയുടെ തണുത്ത അന്തരീക്ഷത്താൽ ചുറ്റപ്പെട്ട് അവിടെ നിൽക്കുമ്പോൾ, പച്ച, നീല, ചുവപ്പ്, മഞ്ഞ നിറങ്ങളോടെ മിന്നുന്ന വെളിച്ചങ്ങളുടെ കൂട്ടത്തെ ഞാൻ പലപ്പോഴും അത്ഭുതത്തോടെയായിരുന്നു നോക്കിക്കാണാറുണ്ടായിരുന്നത്. എന്റെ മനസ്സിലെ താറുമാറായ അവസ്ഥയെ മറക്കാൻ അവ എന്നെ സഹായിക്കുന്നു. തെളിഞ്ഞ രാത്രിയിലെ ആകാശത്തിന്റെ ഭംഗി എന്റെ പ്രശ്നങ്ങളിൽ നിന്നു നമ്മുടെ സ്രഷ്ടാവിന്റെ മഹത്വത്തിലേക്ക് എന്റെ ശ്രദ്ധയെ തിരിക്കുന്നു.

തന്റെ കഷ്ടതകളുടെ കാരണം മനസ്സിലാക്കാൻ ഇയ്യോബിനു കഴിയാതെ വന്നപ്പോൾ, തന്നോടു സംസാരിക്കണമേ എന്നവൻ ദൈവത്തോടു പ്രാർത്ഥിച്ചു (ഇയ്യോബ് 13:20-22). വാക്പാടവത്തോടെയുള്ള ചോദ്യങ്ങളുടെ ഒരു പരമ്പരയ്ക്ക് ഉത്തരം നൽകാൻ ഇയ്യോബിനെ ക്ഷണിച്ചുകൊണ്ടു ദൈവം മറുപടി നൽകി (38:3). ദൈവം അവന്റെ മേൽ ചൊരിഞ്ഞ നിരവധി “നിനക്കറിയാമോ?” ചോദ്യങ്ങളുടെ മുമ്പിൽ ഇയ്യോബ് അമ്പരന്നുപോയി. അവ ചോദിച്ചതിലൂടെ ദൈവം ഇയ്യോബിന്റെ ശ്രദ്ധ തന്റെ പ്രശ്നങ്ങളിൽനിന്നു പ്രപഞ്ചത്തിന്റെ അതിഗംഭീരമായ വിശദാംശങ്ങളിലേക്കു വഴിതിരിച്ചുവിട്ടു (ഇയ്യോബ് 38-41). ദൈവത്തിന്റെ ശക്തിയിലും ജ്ഞാനത്തിലും മതിമറന്ന ഇയ്യോബ് ജീവിതത്തെക്കുറിച്ചുള്ള ഒരു പുതിയ വീക്ഷണത്തിലേക്കു നയിക്കപ്പെട്ടു. തന്റെ അയോഗ്യതയും ബലഹീനതയും കണക്കിലെടുത്ത് (40:4) ദൈവത്തിന്റെ വഴികളും ജ്ഞാനവും തന്റെ ധാരണയ്ക്ക് അതീതമാണെന്നു മനസ്സിലാക്കി അവൻ അനുതപിച്ചു (42:5-6).

നാം ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ, ചോദ്യങ്ങളും സംശയങ്ങളും നമ്മുടെ മനസ്സിൽ ഉയർന്നുവരുന്നു. ഇയ്യോബിനെപ്പോലെ, നമുക്ക് അവയെ ദൈവത്തിങ്കലേക്കു കൊണ്ടുചെന്നു നമുക്ക് എന്താണു തോന്നുന്നതെന്നു അവനോടു സത്യസന്ധമായി അറിയിക്കാൻ കഴിയും. ദൈവത്തിന്റെ അമാനുഷിക ശബ്ദം നമ്മുടെ ജീവിതത്തിലേക്ക് ഇടിമുഴക്കമായി എത്തുന്നതു നാം കേൾക്കണമെന്നില്ല. എന്നാൽ ആകാശത്തു പറന്നുയരുന്ന പറവകളിലേക്കോ, വീട്ടുമുറ്റത്തു ശിഖരങ്ങൾ വീശിയാടുന്ന മരങ്ങളിലേക്കോ, രാത്രി ആകാശത്തു മിന്നുന്ന നക്ഷത്രങ്ങളിലേക്കോ നമ്മുടെ നോട്ടം തിരിക്കുമ്പോൾ, അവയെയെല്ലാം പരിപാലിക്കുന്ന ദൈവത്തിന്റെ നിയന്ത്രണത്തിലാണു നമ്മുടെ ജീവിതമെന്ന് നമുക്ക് ഉറപ്പിക്കാൻ സാധിക്കും (മത്തായി 6:26-27).