ലോകത്തിലെ അഞ്ചാമത്തെ വലിയ വജ്രമായി “ജേക്കബ് ഡയമണ്ട്” കണക്കാക്കപ്പെടുന്നു. ഹൈദരാബാദിലെ അവസാന നിസാം തന്റെ പരേതനായ പിതാവിന്റെ ചെരുപ്പിൽ കണ്ടെത്തുന്നതുവരെ നിറമില്ലാത്ത ഈ വജ്രം വർഷങ്ങളോളം ഓർമ്മകളിൽ നിന്നു മറഞ്ഞുകിടന്നതായി പറയപ്പെടുന്നു. വിചിത്രമെന്നു പറയട്ടെ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 108 കോടി രൂപയ്ക്ക് ആ അപൂർവ നിധി സ്വന്തമാക്കുന്നതുവരെ നിസാം വർഷങ്ങളോളം അതൊരു പേപ്പർ വെയ്റ്റായി ഉപയോഗിച്ചുകൊണ്ടിരുന്നു. നിസാമിന്റെ പിതാവു തന്റെ ചെരുപ്പിൽ ഉപേക്ഷിച്ച വജ്രത്തിലൂടെ നിസാമിന്റെ ജീവിതം കൂടുതൽ സമ്പന്നമായിത്തീർത്തു.
അപ്പൊസ്തലനായ പൗലൊസ് യേശുവിലേക്ക്—നമ്മുടെ പിതാവായ ദൈവം അവർക്കു നൽകിയ ഏറ്റവും വിലപ്പെട്ട നിധിയിലേക്ക് (വാ. 4) — കൊരിന്ത്യ സഭയുടെ ശ്രദ്ധ ക്ഷണിക്കുന്നു. യേശുവിന്റെ ആത്മാവിലൂടെ അവനോട് അവർക്കുണ്ടായിരുന്ന കൂട്ടായ്മ നിമിത്തം കൊരിന്ത്യർ “സമ്പന്നരായിത്തീർന്നു” എന്നു പൗലൊസ് എഴുതുന്നു (വാ. 5-9). ക്രിസ്തുവെന്ന ഈ അമൂല്യ ദാനത്തെ വിലമതിക്കാൻ അവൻ അവരെ ഉദ്ബോധിപ്പിക്കുന്നു. അവനുള്ളപ്പോൾ അവർക്കു യാതൊന്നിനും കുറവുണ്ടായിരിക്കുകയില്ല എന്നും അവൻ അവരെ ഓർമ്മിപ്പിക്കുന്നു. ഇതുകൂടാതെ, ദൈവം അവർക്കു നൽകിയ നിരവധിയായ “ആത്മികവരങ്ങളെ” കണക്കിലെടുക്കാനും പൗലൊസ് സഭയെ പ്രേരിപ്പിക്കുന്നു (വാ. 5-7). ക്രിസ്തുവെന്ന ഈ നിധി കാത്തുസൂക്ഷിക്കുമ്പോൾ, അവൻ മടങ്ങിവരുന്ന നാൾവരെ അനിന്ദ്യരായി തുടരാൻ അത് സഭയെ സഹായിക്കുമെന്ന് പൗലൊസ് വിശ്വസിച്ചു.
ജീവിതത്തോടു നമുക്ക് അതൃപ്തി തോന്നുമ്പോൾ, പ്രത്യേകിച്ചും നമുക്കു കുറവുള്ള കാര്യങ്ങളെക്കുറിച്ചു പിറുപിറുക്കുമ്പോൾ, യേശു നമുക്കുള്ളതിനാൽ നാം ആന്തരികമായി സമ്പന്നരാണെന്ന് ഓർക്കുക. നഷ്ടം, സാമ്പത്തിക പ്രതിസന്ധി, ഗാർഹിക ക്ലേശം അല്ലെങ്കിൽ മറ്റേതെങ്കിലും തരം പ്രക്ഷുബ്ധതയുടെ കാലഘട്ടങ്ങളിൽ, നമ്മുടെ പിതാവിനാൽ നാമും എല്ലാ വിധത്തിലും യഥാർത്ഥത്തിൽ “സമ്പന്നരായിരിക്കുന്നു” എന്ന് ഓർക്കാം. പരിശുദ്ധാത്മാവിന്റെ നിത്യസാന്നിധ്യത്താൽ അവൻ ക്രിസ്തുവെന്ന നിധി നമ്മിൽ നിക്ഷേപിച്ചിരിക്കുന്നു (2 കൊരിന്ത്യർ 1:22).
നിങ്ങളെ തൃപ്തിപ്പെടുത്തുന്നതിൽ പരാജയപ്പെടുന്ന സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും? ദൈവം നിങ്ങളെ “സമ്പന്നരാക്കിത്തീർക്കാൻ” ഉപയോഗിച്ച ചില മാർഗ്ഗങ്ങൾ ഏതൊക്കെയാണ്?
യേശുവേ, അങ്ങ് എനിക്കുണ്ടെങ്കിൽ എനിക്കെല്ലാമുണ്ടെന്നു മനസ്സിലാക്കാൻ എന്നെ സഹായിക്കേണമേ.